India vs England: ഇന്ത്യ ടെസ്റ്റ് കളിച്ച പിച്ചിൽ ഏകദിനം കളിച്ച് ഇംഗ്ലണ്ട്; ലീഡിലേക്ക് ദൂരം വെറും 133 റൺസ്
England In Strong Position vs India: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ മുൻതൂക്കം നേടി ഇന്ത്യ. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 225 റൺസെന്ന നിലയിലാണ്.

ഇംഗ്ലണ്ട് - ഇന്ത്യ
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബഹുദൂരം മുന്നിൽ. പരിക്കുകളിൽ വലയുന്ന ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച ഇംഗ്ലണ്ട് മത്സരത്തിൽ മുൻതൂക്കം നേടിക്കഴിഞ്ഞു. ഇന്ത്യ ടെസ്റ്റ് കളിച്ച പിച്ചിൽ തങ്ങളുടെ സ്വതസിദ്ധ ശൈലിയായ ബാസ്ബോൾ കളിച്ചാണ് സ്റ്റോക്സും സംഘവും ആധിപത്യം നേടിയത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് 225 റൺസെന്ന നിലയിലാണ്. ഇന്ത്യൻ സ്കോറിൽ നിന്ന് വെറും 133 റൺസ് മാത്രം അകലെയാണ് ആതിഥേയർ.
358 റൺസിന് ഇന്ത്യയെ മടക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രോളിയും തകർത്തടിച്ചു. വളരെ സാവധാനമാണ് ക്രോളി സ്കോറിങ് ആരംഭിച്ചതെങ്കിലും ഡക്കറ്റ് തുടക്കം മുതൽ ആക്രമിച്ചുകളിച്ചു. ജസ്പ്രീത് ബുംറ മാത്രമാണ് നന്നായി പന്തെറിഞ്ഞത്. അരങ്ങേറ്റക്കാരൻ അൻഷുൽ കംബോജ്, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരൊക്കെ നിരാശപ്പെടുത്തി. സാവധാനത്തിൽ ക്രോളിയും ആക്രമണപാത തിരഞ്ഞെടുത്തതോടെ രണ്ട് എൻഡിൽ നിന്നും റൺസൊഴുകി. ഇരുവരും ഫിഫ്റ്റി കടന്ന് കുതിച്ചു.
166 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 113 പന്തിൽ 84 റൺസ് നേടിയ ക്രോളിയെ മടക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 100 പന്തിൽ 94 റൺസ് നേടിയ ബെൻ ഡക്കറ്റ് അൻഷുൽ കംബോജിൻ്റെ ആദ്യ ടെസ്റ്റ് വിക്കറ്റായി. നിലവിൽ ഒലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിൽ. ഇരുവരും ചേർന്ന് ഇതുവരെ 28 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ടെസ്റ്റിൽ മൂന്ന് ദിവസം ബാക്കിനിൽക്കെ ഇന്ന് മുഴുവനും നാളെ ആദ്യ സെഷനിലും ബാറ്റ് ചെയ്ത് ഇന്ത്യക്ക് മുന്നിൽ കൂറ്റൻ രണ്ടാം ഇന്നിംഗ്സ് സ്കോർ വെക്കുകയാവും ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം.