India vs England: പരിക്കിന്റെ പിടിയിലായിട്ടും ടീമിനായി പൊരുതി ഋഷഭ് പന്ത്; മാഞ്ചസ്റ്ററില്‍ മഴപെയ്ത്ത്
Rishabh Pant becomes India's leading run scorer in World Test Championship history: നിര്‍ണായകമായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പന്ത് തിരികെ എത്തിയില്ലായിരുന്നെങ്കില്‍ പത്ത് പേരുമായി ഇന്ത്യന്‍ ടീമിന് ബാറ്റ് ചെയ്യേണ്ടി വരുമായിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കിനെ അവഗണിച്ച് പന്ത് തിരികെയെത്തിയത്
മാഞ്ചസ്റ്റര്‍: നാലാം ടെസ്റ്റില്‍ രസംകൊല്ലിയായി മഴ എത്തിയെങ്കിലും അല്‍പ നേരത്തെ ഇടവേളയ്ക്കു ശേഷം മത്സരം പുനഃരാരംഭിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുന്ന സമയത്താണ് മഴയെത്തിയത്. അതുകൊണ്ട് മത്സരം കാര്യമായി തടസപ്പെട്ടില്ല. മത്സരം പുനഃരാരംഭിച്ചപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 55 പന്തില്‍ 39 റണ്‍സുമായി ഋഷഭ് പന്തും, 82 പന്തില്‍ 21 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.
നാലാം ടെസ്റ്റിന്റെ ആദ്യ ദിനം പരിക്കിനെ തുടര്‍ന്ന് ആംബുലന്‍സില്‍ മൈതാനം വിട്ട പന്ത് രണ്ടാം ദിനം ബാറ്റിങിന് എത്തിയത് അപ്രതീക്ഷിതമായി. ശാര്‍ദ്ദുല്‍ താക്കൂര്‍ ഔട്ടായതിന് ശേഷമാണ് പന്ത് ക്രീസിലെത്തിയത്. ടീമിന്റെ ആവശ്യകത പ്രകാരമാണ് പന്ത് ബാറ്റു ചെയ്യുന്നതെന്ന് ബിസിസിഐ അറിയിച്ചു. എന്നാല്‍ താരം വിക്കറ്റ് കീപ്പിങ് ചെയ്യില്ല. ധ്രുവ് ജൂറലാകും കീപ്പര്‍.
𝗨𝗽𝗱𝗮𝘁𝗲: Rishabh Pant, who sustained an injury to his right foot on Day 1 of the Manchester Test, will not be performing wicket-keeping duties for the remainder of the match. Dhruv Jurel will assume the role of wicket-keeper.
Despite his injury, Rishabh Pant has joined the…
— BCCI (@BCCI) July 24, 2025
യശ്വസി ജയ്‌സ്വാള്‍ (58), കെഎല്‍ രാഹുല്‍ (46), സായ് സുദര്‍ശന്‍ (61), ശുഭ്മാന്‍ ഗില്‍ (12), രവീന്ദ്ര ജഡേജ (20), ശാര്‍ദ്ദുല്‍ താക്കൂര്‍ (41) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലിയം ഡോസണ്‍, ക്രിസ് വോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
കയ്യടി നേടി പന്ത്
പരിക്കിന്റെ പിടിയിലായിട്ടും ടീമിനായി ബാറ്റിങിന് എത്തിയ പന്തിന് വ്യാപക പ്രശംസ. നിര്‍ണായകമായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പന്ത് തിരികെ എത്തിയില്ലായിരുന്നെങ്കില്‍ പത്ത് പേരുമായി ഇന്ത്യന്‍ ടീമിന് ബാറ്റ് ചെയ്യേണ്ടി വരുമായിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കിനെ അവഗണിച്ച് പന്ത് തിരികെയെത്തിയത്.
തിരികെ ബാറ്റിങിന് എത്തിയ താരം തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. രോഹിത് ശര്‍മയുടെ നേട്ടമാണ് പന്ത് മറികടന്നത്. 69 ഇന്നിങ്‌സുകളില്‍ നിന്ന് 2716 റണ്‍സാണ് രോഹിത് നേടിയത്.
എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള താരത്തെ ബാറ്റിങിന് വിട്ടതില്‍ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനവുമുയരുന്നുണ്ട്. പരിക്ക് പൂര്‍ണമായും ഭേദമാകാതെ ബാറ്റ് ചെയ്യുന്നതിലൂടെ അത് കൂടുതല്‍ വഷളാകില്ലേയെന്നാണ് ആരാധകരുടെ ചോദ്യം.