India vs England: ഒരു ജയം പോലുമില്ലാത്ത ഇന്ത്യ; 20ൽ 14ലും ജയിച്ച ഇംഗ്ലണ്ട്: മാഞ്ചസ്റ്റർ എളുപ്പമാവില്ലെന്ന് ചരിത്രം
Indias History In Manchester Tests: നാലാം ടെസ്റ്റ് നടക്കുന്ന മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ കണക്കുകൾ അത്ര എളുപ്പമല്ല. ഇംഗ്ലണ്ടിനാവട്ടെ ഉള്ളത് നല്ല ഓർമ്മകളും.
മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്. ഒരു ജയം ഇംഗ്ലണ്ടിന് പരമ്പര ഉറപ്പിക്കുമ്പോൾ പരമ്പരയിൽ പ്രതീക്ഷ വെക്കാൻ ഇന്ത്യക്കും ജയം വേണം. എന്നാൽ, ചരിത്രം പരിഗണിക്കുമ്പോൾ ഇന്ത്യക്ക് മാഞ്ചസ്റ്ററിൽ നല്ല ഓർമ്മകളല്ല. ഇംഗ്ലണ്ടിനാവട്ടെ വളരെ നല്ല ഓർമ്മകളും.
ചരിത്രത്തിൽ ഇതുവരെ മാഞ്ചസ്റ്ററിൽ വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 1936ലാണ് ഇന്ത്യ ആദ്യമായി ഇവിടെ കളിച്ചത്. അതിന് ശേഷം ഒൻപത് തവണ കളിച്ചെങ്കിലും ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അവസാനമായി ഇന്ത്യ ഇവിടെ കളിച്ചത് 2014ലായിരുന്നു. അന്ന് ഇന്നിംഗ്സിനും 54 റൺസിനും ഇന്ത്യ പരാജയപ്പെട്ടു. ഇന്നിംഗ്സ് തോൽവിയോ സമനിലയോ എന്നതാണ് മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ റെക്കോർഡ്. നാല് തവണ പരാജയപ്പെട്ട ഇന്ത്യ അഞ്ച് മത്സരങ്ങളിൽ സമനില വഴങ്ങി.
Also Read: India vs England: ഋഷഭ് പന്ത് ഇനി കളിക്കുമോ?; താരത്തിൻ്റെ പരിക്കിൽ അപ്ഡേറ്ററിയിച്ച് ബിസിസിഐ




ഇംഗ്ലണ്ടിനാവട്ടെ, കഴിഞ്ഞ 25 വർഷമായി ഇവിടെയുള്ളത് നല്ല ഓർമ്മകളാണ്. കളിച്ച 20 മത്സരങ്ങളിൽ 14 എണ്ണത്തിലും വിജയിക്കാൻ അവർക്ക് സാധിച്ചു. നാലെണ്ണം സമനില ആയപ്പോൾ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. 2022 ഓഗസ്റ്റിലാണ് ഇംഗ്ലണ്ട് അവസാനമായി മാഞ്ചസ്റ്ററിൽ കളിച്ചത്. ആ കളി ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 85 റൺസിനും ഇംഗ്ലണ്ട് പരാജയപ്പെടുത്തി.
മാഞ്ചസ്റ്ററിൽ വിജയിക്കണമെങ്കിൽ ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ 400 റൺസിലധികം വേണം. 400ന് മുകളിൽ റൺസ് നേടിയ ടീം അവസാനമായി മാഞ്ചസ്റ്ററിൽ പരാജയപ്പെട്ടത് 2004ലായിരുന്നു. അന്ന് ഏഴ് വിക്കറ്റിന് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ഇന്നിംഗ്സിൽ 400 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ ഇന്ത്യക്ക് സാധിച്ചാൽ കളി വിജയിക്കാനുള്ള സാധ്യതകളുണ്ട്.