India vs England: റൂട്ടിന് സെഞ്ചുറി, സ്റ്റോക്സ് സെഞ്ചുറിയിലേക്ക്; ദയയില്ലാതെ ഇംഗ്ലണ്ട് പിടിമുറുക്കുന്നു
England Going Strong vs India: മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. എഴ് വിക്കറ്റ് നഷ്ടത്തിൽ 544 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. നിലവിലെ ലീഡ് 186 റൺസ്.

ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 റൺസ് ആണ് നേടിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 358 റൺസിന് ഓൾഔട്ടായി. നിലവിൽ ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സിൽ 186 റൺസിൻ്റെ ലീഡാണ് ഉള്ളത്. ഇന്ന് ആദ്യ സെഷനിൽ ലീഡ് 250 വരെയെങ്കിലും എത്തിച്ച് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയാവും ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സഖ്യം 116 റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്തു. ഒലി പോപ്പും ജോ റൂട്ടും ചേർന്ന ഈ കൂട്ടുകെട്ട് ആകെ മൂന്നാം വിക്കറ്റിൽ 144 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ ഇരുവരും ഫിഫ്റ്റി തികച്ചു. അതുവരെ ഗിൽ പരിഗണിക്കാതിരുന്ന വാഷിംഗ്ടൺ സുന്ദർ വേണ്ടിവന്നു ഈ കൂട്ടുകെട്ട് പൊളിക്കാൻ. 71 റൺസെടുത്ത പോപ്പിനെ സുന്ദർ മടക്കുകയായിരുന്നു. ഹാരി ബ്രൂക്ക് വന്നതും പോയതും ഒരുമിച്ചായി. മൂന്ന് റൺസെടുത്ത ബ്രൂക്കും സുന്ദറിൻ്റെ ഇരയായി.
ആറാം നമ്പരിൽ ബെൻ സ്റ്റോക്സ് എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും കളിയിൽ പിടിമുറുക്കി. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട സഖ്യം ഇന്ത്യയെ പൂർണമായും മത്സരത്തിൽ നിന്ന് അകറ്റി. ഇതിനിടെ ജോ റൂട്ട് സെഞ്ചുറിയും ബെൻ സ്റ്റോക്സ് ഫിഫ്റ്റിയും തികച്ചു. 150 റൺസെടുത്ത റൂട്ടിനെ ഒടുവിൽ ജഡേജ മടക്കി. സ്റ്റോക്സുമായി അഞ്ചാം വിക്കറ്റിൽ 150 റൺസും റൂട്ട് കൂട്ടിച്ചേർത്തു. ജേമി സ്മിത്ത് (9) ബുംറയ്ക്ക് മുന്നിലും ക്രിസ് വോക്സ് സിറാജിന് മുന്നിലും (4) വീണു. ഇതിനിടെ പരിക്കേറ്റ് പുറത്തായ ബെൻ സ്റ്റോക്സ് തിരികെവന്ന് ബാറ്റിംഗ് പുനരാരംഭിച്ചു. സ്റ്റോക്സും (77) ലിയാം ഡോസണും (21) ക്രീസിൽ തുടരുകയാണ്.