India vs England: ഗുരുതര പരിക്കേറ്റിട്ടും ഋഷഭ് പന്തിന് റണ്ണറെ അനുവദിക്കാതിരുന്നത് എന്തുകൊണ്ട്? പണിയായത് ഐസിസിയുടെ മാറിയ നിയമം
Why Umpires Didnt Allow Rishabh Pant A Runner: ഗുരുതരമായി പരിക്കേറ്റ ഋഷഭ് പന്തിന് എന്തുകൊണ്ട് റണ്ണറെ അനുവദിച്ചില്ല എന്ന സംശയമുണ്ട്. അതിന് പിന്നിൽ ഐസിസിയുടെ ഒരു നിയമമുണ്ട്.
ഗുരുതരമായി പരിക്കേറ്റിട്ടും ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് വീണ്ടും ബാറ്റിംഗിനിറങ്ങിയത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. തിരികെയെത്തി വാലറ്റത്തിനൊപ്പം പിടിച്ചുനിന്ന് 54 റൺസ് നേടിയ ഋഷഭ് പന്ത് 9ആം വിക്കറ്റായാണ് പുറത്തായത്. ഇത്ര ഗുരുതരമായ പരിക്കേറ്റിട്ടും ഋഷഭ് പന്തിന് അമ്പയർമാർ എന്തുകൊണ്ട് റണ്ണറെ അനുവദിച്ചില്ല എന്ന ചോദ്യമുയരുന്നുണ്ട്. ഐസിസിയുടെ മാറിയ നിയമമാണ് തിരിച്ചടി ആയത്.
മാറിയ നിയമം
2011ലാണ് ക്രിക്കറ്റിൽ റണ്ണർമാരെ അനുവദിക്കുന്ന നിയമം ഐസിസി മാറ്റിയത്. പരിക്കേറ്റ ബാറ്റർമാർക്ക് റണ്ണർമാരെ അനുവദിക്കുന്നത് ഐസിസി പൂർണമായും നിരോധിച്ചു. എല്ലാ ഫോർമാറ്റിലുമായായിരുന്നു നിരോധനം. നിയമം ദുരുപയോഗം ചെയ്യുന്നത് തടനായാനായിരുന്നു നീക്കം. ഗുരുതരമായ പരിക്കല്ലെങ്കിലും റണ്ണർമാരെ ഉപയോഗിച്ച് ടീമുകൾ നിയമം ദുരുപയോഗം ചെയ്തിരുന്നു. ഇതാണ് ഐസിസിയുടെ തീരുമാനത്തിന് പിന്നിൽ.
നിലവിലെ നിയമം
നിലവിലെ നിയമമനുസരിച്ച് എത്ര ഗുരുതരമായ പരിക്കാണെങ്കിലും റണ്ണറെ അനുവദിക്കില്ല. ബാറ്റ് ചെയ്യുന്നയാൾ തന്നെ റണ്ണിനായി ഓടുകയും വേണം. പഴയ നിയമം അനുസരിച്ചാണെങ്കിൽ റണ്ണറെ അനുവദിക്കാൻ കഴിയുന്ന പരിക്കായിരുന്നു പന്തിൻ്റേത്. എന്നാൽ, നിയമം പുതുക്കിയതോടെ താരത്തിന് സ്വയം ഓടേണ്ടിവന്നു.




പകരക്കാർ ആർക്കൊക്കെ?
കൺകഷന് മാത്രമാണ് നിലവിൽ ബാറ്റർമാർക്ക് പകരക്കാരെ അനുവദിക്കാറുള്ളത്. ബൗളർമാരുടെ കാര്യവും അങ്ങനെ തന്നെ. അല്ലാത്ത പരിക്കുകളിൽ പകരം ഫീൽഡർമാരെ അനുവദിക്കും. പകരം വിക്കറ്റ് കീപ്പറെയും അനുവദിക്കും. അതുകൊണ്ടാണ് മൂന്നാം ടെസ്റ്റിലും ഈ ടെസ്റ്റിലും ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേൽ വിക്കറ്റ് കീപ്പറായത്.
നിലവിലെ അവസ്ഥ
ഋഷഭ് പന്തിന് ബാറ്റ് ചെയ്യാനുള്ള ക്ലിയറൻസ് ഇന്ത്യൻ ടീമിൻ്റെ മെഡിക്കൽ ടീം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ താരം രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗിനിറങ്ങിയേക്കുമെന്നാണ് സൂചന.