Yash Dayal: യഷ് ദയാലിനെതിരെ വീണ്ടും ലൈംഗികാതിക്രമക്കേസ്; ഇത്തവണ പരാതിനൽകിയത് പ്രായപൂർത്തിയാവാത്ത പെൺകുട്ടി
POCSO Case Against Yash Dayal: ആർസിബി ഫാസ്റ്റ് ബൗളർ യഷ് ദയാലിനെതിരെ പോക്സോ കേസ്. താരത്തിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ലൈംഗികാതിക്രമ കേസ് ആണിത്.
ആർസിബി പേസർ യഷ് ദയാലിനെതിരെ വീണ്ടും ലൈംഗികാതിക്രമക്കേസ്. ജയ്പൂരിലെ സംഗനേർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ രണ്ട് വർഷ കാലയളവിൽ പലതവണ ബലാത്സംഗം ചെയ്തെന്നും വൈകാരികമായി ബ്ലാക്ക്മെയിൽ ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.
എഫ്ഐആർ അനുസരിച്ച് ക്രിക്കറ്റ് കരിയർ വാഗ്ദാനം ചെയ്താണ് ദയാൽ കുട്ടിയെ കുടുക്കിയത്. വ്യാജവാഗ്ദാനം നൽകിയ ദയാൽ കുട്ടിയെ സീതാപുരയിലുള്ള ഹോട്ടൽ മുറിയിലെത്തിച്ചു. ഇവിടെ വച്ചാണ് ലൈംഗികാതിക്രമം നടന്നത്. ആദ്യത്തെ തവണ ബലാത്സംഗം നടന്നപ്പോൾ കുട്ടിയ്ക്ക് 17 വയസായിരുന്നു പ്രായം. അതുകൊണ്ട് തന്നെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു.
മുൻപ് രണ്ട് യുവതികളാണ് യഷ് ദയാലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. ആദ്യം ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനി പോലീസിൽ പരാതിപ്പെട്ടു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പിന്നാലെ മറ്റൊരു യുവതിയും താരത്തിനെതിരെ രംഗത്തുവന്നു. രണ്ട് കേസുകൾ രേഖപ്പെടുത്തിയതോടെ യഷ് ദയാൽ ആദ്യ യുവതിക്കെതിരെ മറുപരാതി നൽകി. തന്നിൽ നിന്ന് യുവതി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നും ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു എന്നും ദയാൽ നൽകിയ പരാതിയിലുണ്ടായിരുന്നു.
വിവാഹവാദ്ഗാനം നൽകി തന്നെ മാനസികമായും ശാരീരികമായും ദയാൽ പീഡിപ്പിച്ചു എന്നായിരുന്നു യുപിക്കാരിയായ യുവതിയുടെ പരാതി. തന്നെ മരുമകളെന്ന് പറഞ്ഞ് ദയാൽ കുടുംബത്തിന് പരിചയപ്പെടുത്തിത്. ഇതോടെ അദ്ദേഹത്തെ വിശ്വസിക്കുകയായിരുന്നു. താനുമായി പ്രണയത്തിലായിരുന്ന സമയത്ത് മറ്റ് സ്ത്രീകളുമായും ദയാലിന് ബന്ധമുണ്ടായിരുന്നു. ചതിച്ചതിനെപ്പറ്റി അന്വേഷിച്ചപ്പോൾ ശാരീരികവും മാനസികവുമായി ദയാൽ തന്നെ പീഡിപ്പിച്ചു എന്നും യുവതി നൽകിയ പരാതിയിൽ ആരോപിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലെ അംഗമായ മറ്റൊരു സ്ത്രീയാണ് പിന്നാലെ പരാതിനൽകി. യഷ് തനിക്ക് സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നുവെന്നും കേസ് മറയ്ക്കാൻ ദയാൽ പണവും പ്രശസ്തിയും ഉപയോഗിച്ചു എന്നും യുവതി പരാതിപ്പെട്ടു.


