India vs England: ‘അദ്ദേഹത്തിന് കുറച്ച് സമയം നൽകൂ, ആദ്യ പരമ്പരയല്ലേ’; ശുഭ്മൻ ഗില്ലിനെ പിന്തുണച്ച് കപിൽ ദേവ്
Kapil Dev Supports Shubman Gill: ശുഭ്മൻ ഗില്ലിന് സമയം നൽകണമെന്ന് കപിൽ ദേവ്. ആദ്യ പരമ്പരയാണെന്നും അത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കപിൽ ദേവ്
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ പിന്തുണച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്. പരമ്പരയിൽ ഇന്ത്യയുടെ പ്രകടനവുമായി ബന്ധപ്പെട്ട് ശുഭ്മൻ ഗില്ലിനെതിരെ വിമർശനം ശക്തമാണ്. ഇതിനിടെയാണ് താരം ഗില്ലിനെ പിന്തുണച്ച് രംഗത്തുവന്നത്. താരത്തിന് കുറച്ച് സമയം നൽകണമെന്നും ഇത് ആദ്യ പരമ്പരയാണെന്ന പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
“ഇത് അദ്ദേഹത്തിൻ്റെ ആദ്യ പരമ്പരയല്ലേ. തെറ്റുകളുണ്ടാവാം. അങ്ങനെയാണ് പഠിക്കുന്നത്. നിങ്ങൾ കാര്യങ്ങൾ പഠിക്കുകയാണെങ്കിൽ ഇടയ്ക്കിങ്ങനെ തടസങ്ങളുണ്ടാവുന്നതിൽ ഒരു പ്രശ്നവുമില്ല. ഇതൊരു പുതിയ സംഘമല്ലേ. എല്ലാ പുതിയ സംഘവും സമയമെടുക്കും. അവർ പതിയെ താളം കണ്ടെത്തും.”- പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ പരിപാടിയിൽ സംസാരിക്കുന്നതിനിടെ കപിൽ ദേവ് പറഞ്ഞു.
“ബുംറയുടെ കാര്യം നോക്കൂ. അദ്ദേഹത്തിൻ്റെ ബൗളിംഗ് ആക്ഷൻ വളരെ പ്രത്യേകതയുള്ളതാണ്. അത് ശരീരത്തിന് ബുദ്ധിമുട്ടാണ്. അദ്ദേഹം ഇത്ര കാലം പോലും കളിക്കുമെന്ന് നമ്മളൊന്നും കരുതിയതല്ല. പക്ഷേ, ഇപ്പോഴും കളിക്കുന്നു. അൻഷുൽ കംബോജ് ആദ്യ മത്സരം കളിക്കുകയാണ്. അത്ഭുതങ്ങൾ പ്രതീക്ഷിക്കാനാവില്ല. കഴിവുണ്ടോ എന്നതാണ് പ്രധാനം. അതുണ്ടെന്ന് ഞാൻ കരുതുന്നു.”- കപിൽ തുടർന്നു.
നാലാം ടെസ്റ്റിൽ ഇന്ത്യ പൊരുതുകയാണ്. ഇംഗ്ലണ്ടിൻ്റെ 669 റൺസെന്ന പടുകൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാലാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ്. സ്കോർ ബോർഡ് തുറക്കുന്നതിന് മുൻപ് തന്നെ ഇന്ത്യക്ക് യശസ്വി ജയ്സ്വാളിനെയും സായ് സുദർശനെയും നഷ്ടപ്പെട്ടിരുന്നു. ഇവിടെനിന്നാണ് ഇന്ത്യ പൊരുതിക്കയറിയത്. കെഎൽ രാഹുലും ശുഭ്മൻ ഗില്ലും ഫിഫ്റ്റിയടിച്ചു. രാഹുൽ 87 റൺസിലും ഗിൽ 78 റൺസിലും ക്രീസിൽ തുടരുകയാണ്. ഇംഗ്ലണ്ട് സ്കോറിൽ നിന്ന് ഇനിയും 137 റൺസ് പിന്നിലാണ് ഇന്ത്യ.