IPL 2026: ഐപിഎലിൽ കളിക്കുമോ എന്ന് ഇനി ചോദിക്കേണ്ട; പരിശീലനം ആരംഭിച്ച് എംഎസ് ധോണി
MS Dhoni Training: വരുന്ന സീസണിലേക്കുള്ള പരിശീലനം ആരംഭിച്ച് എംഎസ് ധോണി. ഇതിൻ്റെ വിഡിയോ ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ പങ്കുവച്ചു.

എംഎസ് ധോണി
വരുന്ന ഐപിഎൽ സീസണിലേക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ച് എംഎസ് ധോണി. താരം റാഞ്ചിയിലാണ് തൻ്റെ പരിശീലനം ആരംഭിച്ചത്. ഝാർഖണ്ഡ് ക്രിക്കറ്റിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ എംഎസ് ധോനിയുടെ പരിശീലന വിഡിയോ പങ്കുവച്ചിട്ടുണ്ട്. 44കാരനായ എംഎസ് ധോണി ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമാണ്.
‘നോക്കൂ, ആരാണ് തിരികെവന്നിരിക്കുന്നതെന്ന്. ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ്റെ അഭിമാനം, മഹേന്ദ്ര സിംഗ് ധോണി’- ഇൻസ്റ്റഗ്രാം വിഡിയോയിൽ ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ കുറിച്ചു. ഈ സീസണിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലാണ് കളിക്കുക. കഴിഞ്ഞ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് താരത്തെ ചെന്നൈ ട്രേഡിൽ ടീമിലെത്തിക്കുകയായിരുന്നു.
Also Read: WPL 2026: കാൽകുലേറ്ററെടുക്കാതെ ആർസിബി; ബാക്കിയുള്ള സ്ഥാനത്തിനായി ടീമുകൾ തമ്മിൽ പോര്
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഏറ്റവും അവസാനമാണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് നാല് ജയം മാത്രമാണ് ചെന്നൈയ്ക്കുണ്ടായിരുന്നത്. സീസണിലെ അവസാന മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റപ്പോൾ ധോണി ടീമിനെ നയിച്ചിരുന്നു. 135 സ്ട്രൈക്ക് റേറ്റിൽ 13 ഇന്നിംഗ്സിൽ നിന്ന് 196 റൺസാണ് ധോണി നേടിയത്. 30 നോട്ടൗട്ട് ആയിരുന്നു ഏറ്റവും ഉയർന്ന സ്കോർ.
ഡാഡീസ് ആർമി എന്ന വിളിപ്പേര് തിരുത്തി യുവതാരങ്ങളാണ് ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ കരുത്ത്. പകരക്കാരായി വന്ന ആയുഷ് മാത്രെയും ഡെവാൾഡ് ബ്രെവിസും നന്നായി കളിച്ചു. ഇത്തവണ പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നീ അൺകാപ്പ്ഡ് താരങ്ങളെ 14.2 കോടി രൂപ വീതം നൽകിയാണ് ചെന്നൈ ടീമിലെത്തിച്ചത്. ഉർവിൽ പട്ടേൽ, സർഫറാസ് ഖാൻ, അൻഷുൽ കംബോജ്, രാഹുൽ ചഹാർ, മാത്യു ഷോർട്ട്, മാറ്റ് ഹെൻറി തുടങ്ങി മികച്ച താരങ്ങളും ഇത്തവണ ടീമിലുണ്ട്.
ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്