Mohammed Shami: ഹൈദരാബാദ് മണ്ണില്‍ ഷമിയുടെ മധുരപ്രതികാരം; തിരിച്ചുവരവ് ഉറപ്പിക്കാമോ? സിനിമാക്കഥകളെ വെല്ലും ട്വിസ്റ്റ്
Mohammed Shami Erases Dark Memories in Hyderabad: 2025 ഏപ്രില്‍ 12-ന്, ഹൈദരാബാദില്‍ നടന്ന ഐപിഎല്‍ മത്സരത്തിന് ശേഷം ഏറെ വേദനയോടെയാണ് മുഹമ്മദ് ഷമി മടങ്ങിയത്. അന്ന് സണ്‍റൈസേഴ്‌സ് താരമായിരുന്ന ഷമി പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ നാലോവറില്‍ 75 റണ്‍സാണ് വിട്ടുകൊടുത്തത്. നാണക്കേടിന്റെ റെക്കോഡ് സമ്മാനിച്ച അതേ ഹൈദരാബാദ് സ്‌റ്റേഡിയത്തില്‍ ഷമി നിറഞ്ഞാടി.

മുഹമ്മദ് ഷമി
Mohammed Shami LSG Pacer: പ്രായം 35. ഇന്ത്യയുടെ ദേശീയ ടീമില്‍ മുഹമ്മദ് ഷമിക്ക് ഇനിയൊരു ബാല്യം ബാക്കിയുണ്ടോയെന്ന് ചോദിച്ചാല്‍ ‘അത് അത്ര എളുപ്പമാകില്ല’ എന്ന് തന്നെയാണ് ഉത്തരം. പക്ഷേ, അറിയാലോ? ഇത് മുഹമ്മദ് ഷമിയാണ്. ഇനി ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്ന് തോന്നിപ്പിച്ച ഘട്ടങ്ങളിലെല്ലാം, അതിവേഗം തിരിച്ചെത്തിയ ചരിത്രം ഷമിക്കുണ്ട്. അത്തരമൊരു ചരിത്രം ഐപിഎല്‍ 2026-ലൂടെ ഷമി ആവര്‍ത്തിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണ് ഷമി പുറത്തെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു ആദ്യ മത്സരം. നാലോവറില്‍ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ഈ മത്സരത്തില്‍ ഷമി വീഴ്ത്തിയത്. ലഖ്‌നൗവിന്റെ ഓപ്പണിങ് ബൗളറായ ഷമി ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. ഗോള്‍ഡന്‍ ഡക്കായി പുറത്തായ കെഎല്‍ രാഹുലായിരുന്നു ഇര.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റുകളാണ് ഷമി പിഴുതത്. നാലോവറില്‍ താരം വഴങ്ങിയത് വെറും ഒമ്പത് റണ്‍സ് മാത്രം. ഷമിയായിരുന്നു കളിയിലെ താരം. ഈ മത്സരം ഷമിക്ക് മധുരപ്രതികാരം കൂടിയായിരുന്നു.
Also Read: Chennai Super Kings: എറിയുക, അടി മേടിക്കുക, പോവുക ! ഈ സീസണിലെ ചെണ്ടകള്‍ ചെന്നൈ ബൗളര്‍മാരോ?
മധുര പ്രതികാരം
ഏകദേശം ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2025 ഏപ്രില്‍ 12-ന്, ഹൈദരാബാദില്‍ നടന്ന ഐപിഎല്‍ മത്സരത്തിന് ശേഷം ഏറെ വേദനയോടെയാണ് ഷമി മടങ്ങിയത്. അന്ന് സണ്‍റൈസേഴ്‌സ് താരമായിരുന്ന ഷമി പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ നാലോവറില്‍ 75 റണ്‍സാണ് വിട്ടുകൊടുത്തത്.
ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമത്തെ താരമെന്ന നാണക്കേടിന്റെ റെക്കോഡ് ഈ മത്സരം ഷമിക്ക് ചാര്‍ത്തിക്കൊടുത്തു. പിന്നീട് ആ സീസണ് ശേഷം സണ്‍റൈസേഴ്‌സ് ഷമിയെ ഒഴിവാക്കി. ഇപ്പോഴിതാ, പഴയ വേദന മായ്ച്ചുകൊണ്ട് തനിക്ക് നാണക്കേടിന്റെ റെക്കോഡ് സമ്മാനിച്ച അതേ ഹൈദരാബാദ് സ്‌റ്റേഡിയത്തില്‍ ഷമി നിറഞ്ഞാടി. അതും തന്റെ മുന്‍ടീമിനെതിരെ.
തിരിച്ചെത്തുമോ?
ഐപിഎല്ലില്‍ മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ദേശീയ ടീമിലേക്ക് താരം മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പ്രായം പ്രതികൂലഘടകമാണ്. അതുകൊണ്ട് തന്നെ ദേശീയ ടി20 ടീമിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. എങ്കിലും സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റുമായി ഷമി ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.