India vs England: കളിക്കുന്നത് റോബോട്ടുകളല്ല, സിറാജിന് പിഴശിക്ഷ വിധിച്ച ഐസിസിയെ കുടഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം
Nasser Hussain supports of Mohammed Siraj: അദ്ദേഹം ഡക്കറ്റിന്റെ അടുത്തേക്ക് ചെന്നെങ്കിലും ഏറ്റുമുട്ടിയിട്ടില്ല. ഇത് വികാരങ്ങളുടെ കൂടി കളിയാണ്. ആ പിരിമുറുക്കം ഇഷ്ടമാണ്. കളിക്കളത്തില്‍ 22 റോബോട്ടുകളെയല്ല വേണ്ടതെന്നും നാസര്‍ ഹുസൈന്‍

മുഹമ്മദ് സിറാജ്
സംഭവ ബഹുലമായിരുന്നു ഇന്ത്യയും-ഇംഗ്ലണ്ടും തമ്മിലുള്ള ലോര്‍ഡ്‌സ് ടെസ്റ്റ്. പരസ്പരം അഗ്രഷന്‍ പുറത്തെടുത്തും, സ്ലെഡ്ജ് ചെയ്തും ഇരുടീമുകളിലെയും താരങ്ങള്‍ കളംനിറഞ്ഞു. മനപൂര്‍വം സമയം കളയാന്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പുറത്തെടുത്ത തന്ത്രത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തതും ശ്രദ്ധ പിടിച്ചുപറ്റി. അഗ്രഷന്‍ പുറത്തെടുക്കുന്നതില്‍ പല താരങ്ങളും ഒട്ടും മോശമല്ലാതിരുന്നിട്ടും, അവരില്‍ പലര്‍ക്കും നടപടി നേരിടേണ്ടി വന്നില്ല. എന്നാല്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് പിഴശിക്ഷ കിട്ടി. പിന്നീട് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇംഗ്ലണ്ട് ടീമിനും ശിക്ഷ ലഭിച്ചു. ഡബ്ല്യുടിസിയിലെ രണ്ട് പോയിന്റുകള്‍ കുറയുകയും ചെയ്തു.
ബെന്‍ ഡക്കറ്റ് പുറത്തായപ്പോള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സിറാജിന് പിഴശിക്ഷയും, ഡീമെറിറ്റ് പോയിന്റും വിധിച്ചത്. ഡക്കറ്റ് പുറത്തായതിനു ശേഷം സിറാജ് താരത്തിന്റെ നേര്‍ക്കുനേരെ ചെന്നാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇത് പ്രകോപനപരമായാണ് ഐസിസി വിലയിരുത്തിയത്. എന്നാല്‍ സിറാജിനെ പിന്തുണച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ രംഗത്തെത്തി. ആ പെരുമാറ്റത്തിന് സിറാജ് ശിക്ഷ അര്‍ഹിക്കുന്നില്ലെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു.
ആവേശഭരിതനാകുമ്പോള്‍ അദ്ദേഹത്തെ മികച്ച ക്രിക്കറ്ററായിട്ടാണ് തോന്നുന്നത്. അദ്ദേഹത്തിന് പിഴ ചുമത്തേണ്ടിയിരുന്നില്ല എന്നാണ് തോന്നുന്നത്. അദ്ദേഹം ഡക്കറ്റിന്റെ അടുത്തേക്ക് ചെന്നെങ്കിലും ഏറ്റുമുട്ടിയിട്ടില്ല. ഇത് വികാരങ്ങളുടെ കൂടി കളിയാണ്. ആ പിരിമുറുക്കം ഇഷ്ടമാണ്. കളിക്കളത്തില്‍ 22 റോബോട്ടുകളെയല്ല വേണ്ടതെന്നും നാസര്‍ ഹുസൈന്‍ സ്കൈ സ്പോർട്സ് ക്രിക്കറ്റിനോട് പറഞ്ഞു.