സേവാഗ് എന്ന് ആർത്തുവിളിച്ച പാകിസ്താൻ ആരാധകർ, സീതാറാം ജപിച്ച ആര്യവീർ; അച്ഛന്റെയും മകന്റെയും വീഡിയോ കോൾ വൈറൽ
video call between Virender Sehwag and Aryavir: ''പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്‌കാരം നേടിയത് മുതൽ, ആവേശകരമായ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ വരെ- മകനുമായുള്ള വളരെ സ്പെഷലായ ഒരു സംഭാഷണം'' എന്ന് കുറിച്ചുകൊണ്ട് വീരേന്ദർ സേവാഗ് മകൻ ആര്യവീറുമായുള്ള വീഡിയോകോൾ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
അണ്ടർ-19 ഏഷ്യാ കപ്പിൽ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം കിരീടം ചൂടിയപ്പോൾ, ടൂർണമെന്റിന്റെ തന്നെ താരമായി മാറിയത് ഇന്ത്യയുടെ ഇതിഹാസ ബാറ്റർ വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ ആയിരുന്നു. ഫൈനലിൽ ഏറെ ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന പന്തിലായിരുന്നു ഇന്ത്യൻ ജയം. ഈ ത്രില്ലിങ് വിജയത്തിന് പിന്നാലെ വീരേന്ദർ സേവാഗിനെ ആര്യവീർ വീഡിയോ കോൾ ചെയ്തിരുന്നു. ഈ കോളിനിടെ താൻ നേരിട്ട എക്സ്പീരിയൻസ് ആര്യവീർ സേവാഗിനോട് വിവരിക്കുന്നുണ്ട്. ഈ വീഡിയോ കോൾ റെക്കോഡ് ചെയ്ത സേവാഗ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അത് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നു.
ആവേശകരമായ ഇന്ത്യ- പാക് ഫൈനലിന്റെ അനുഭവങ്ങൾ ആര്യവീർ ഈ വീഡിയോ കോളിൽ സേവാഗുമായി പങ്കുവച്ചിരുന്നു. അതിൽ ആര്യവീർ പറയുന്നത് കളിയുടെ അവസാന നിമിഷം എത്തിയപ്പോൾ താൻ ഏറെ പേടിച്ചിരുന്നു എന്നാണ്. സമ്മർദ്ദമേറിയ അവസാന ഓവറുകളിൽ താൻ ‘സീതാ റാം, സീതാ റാം’ എന്ന് ജപിക്കുകയായിരുന്നുവെന്ന് ആര്യവീർ വെളിപ്പെടുത്തി.
“എങ്ങനെയെങ്കിലും എന്തെങ്കിലും സംഭവിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ‘സീതാ റാം, സീതാ റാം, സീതാ റാം’ എന്ന് ജപിക്കുകയായിരുന്നു. അപ്പോഴാണ് അവർ ഷോട്ട് കളിച്ചത്… അവസാന ഓവറിൽ എട്ട് റൺസ് കൂടി വേണമായിരുന്നു… അവർ ബാറ്റ് ചെയ്യുകയായിരുന്നു… ഒരു ബൗണ്ടറിയെങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു എന്റെ പ്രാർത്ഥന… ഒടുവിൽ അത് സംഭവിച്ചു! – എന്ന് ആര്യവീർ പറയുന്നു.
“അവിടെ ധാരാളം ടിവി ക്രൂകൾ ഉണ്ടായിരുന്നു, പാകിസ്ഥാനിൽ നിന്നുള്ളവർ മാത്രമല്ല… എനിക്ക് പരിക്കേറ്റപ്പോൾ ഫിസിയോയ്ക്ക് രണ്ടോ മൂന്നോ തവണ ഗ്രൗണ്ടിലേക്ക് വരേണ്ടി വന്നു. സ്റ്റാൻഡിൽ ഏകദേശം 2,000-ത്തോളം പാകിസ്ഥാൻ ആരാധകർ ഉണ്ടായിരുന്നു”. അവർ സേവാഗ്, സേവാഗ് എന്നു ചാന്റ് ചെയ്ത് തന്നെ പിന്തുണച്ചതായി ആര്യവീർ വിഡിയോയിൽ പറയുന്നുണ്ട്. ”ഞാൻ ബാറ്റ് ചെയ്യുമ്പോൾ പാകിസ്ഥാൻ ആരാധകർ മാത്രമായിരുന്നു എന്നെ പ്രോത്സാഹിപ്പിച്ചത്. എന്തൊരു രസമായിരുന്നു അത്…”’ എന്ന ആര്യവീർ ആവേശംകൊണ്ടു.
പാകിസ്താനെതിരായ ഫൈനലിൽ 61 പന്തിൽ 58 റൺസ് ആര്യവീർ നേടിയിരുന്നു. അണ്ടർ-19 ഏഷ്യാ കപ്പിൽ ഉടനീളം മികച്ച ബാറ്റിങ് പുറത്തെടുത്താണ് ആര്യവീർ ടൂർണമെൻിന്റെ താരമായത്. ”പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്‌കാരം നേടിയത് മുതൽ, ആവേശകരമായ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ വരെ മകനുമായുള്ള വളരെ സ്പെഷലായ ഒരു സംഭാഷണം” എന്ന് കുറിച്ചുകൊണ്ടാണ് സേവാഗ് വീഡിയോകോൾ ദൃശ്യം പങ്കുവച്ചത്.
English Summary
Following the Indian team’s title victory against Pakistan in the Under-19 Asia Cup, a video call between Aryaveer who emerged as the star of the tournament and his father, Virender Sehwag, has gone viral on social media. In the video, Aryaveer mentions that during high-pressure moments, he prayed by chanting “Sitaram,” and that even Pakistani fans supported him by cheering “Sehwag!”