റയാൻ ടെൻ ഡോഷേറ്റ് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് സ്ഥാനമൊഴിഞ്ഞു? വീണ്ടും കെകെആറിലേക്ക്?
India Assistant Coach Ryan ten Doeschate Steps Down: അയര്‍ലന്‍ഡിനും, ഇംഗ്ലണ്ടിനുമെതിരായ പരമ്പര തോല്‍വികള്‍ക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അയര്‍ലന്‍ഡിനും, ഇംഗ്ലണ്ടിനുമെതിരായ പരമ്പര തോല്‍വികള്‍ക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുകെയിൽ വെച്ചുതന്നെ ടെൻ ഡോഷേറ്റ് തന്റെ തീരുമാനം ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനാകുന്നതിന് മുമ്പ് അദ്ദേഹം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം നൈറ്റ് റൈഡേഴ്‌സിലേക്ക് മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്.
ബിസിസിഐയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് രാജിവച്ചതെന്നാണ് സൂചന. 2024 ജൂലൈ മുതല്‍ 2026 ജൂലൈ പകുതി വരെയായിരുന്നു കരാര്‍ കാലാവധിയെന്നാണ് വിവരം. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായപ്പോഴാണ് ടെന്‍ ഡോഷെറ്റ് സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമാകുന്നത്. ബാറ്റിംഗ്, ഫീൽഡിംഗ് മേഖലകളിൽ ഒരുപോലെ സംഭാവന നൽകി.
മികച്ച പ്രകടനം
ടെന്‍ ഡോഷെറ്റ് സഹപരിശീലകനായിരുന്നപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2025-ലെ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യ, 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് വിജയം നിലനിർത്തുകയും ചെയ്തു.
എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പ്രകടനം പരിതാപകരമായിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടമായ ഇന്ത്യന്‍ ടീമിന് സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് 3-0 നും ദക്ഷിണാഫ്രിക്കയോട് 2-0 നും പരമ്പര തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നു.
Also Read: Sanju Samson: ‘ജിമ്മില്‍ കോലി നല്‍കിയ ഉപദേശം ഒരു വര്‍ഷം പിന്തുടര്‍ന്നു; പിന്നീടത് സാധിച്ചില്ല’
ഇനി നൈറ്റ് റൈഡേഴ്‌സിലേക്ക്?
തന്റെ പഴയ തട്ടകമായ നൈറ്റ് റൈഡേഴ്‌സിലേക്ക് ടെന്‍ ഡോഷെറ്റ് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു താരമെന്ന നിലയില്‍ 2012, 2014 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമില്‍ ഡോഷെറ്റുമുണ്ടായിരുന്നു. 2022-ൽ ഫീൽഡിംഗ് കോച്ചായി അദ്ദേഹം ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തി. 2024 വരെയുള്ള കാലയളവിൽ അദ്ദേഹം കോച്ചിംഗ് സ്റ്റാഫിനൊപ്പം ഉണ്ടായിരുന്നു.
നേരത്തെ അഭിഷേക് നായരും ഇന്ത്യയുടെ സഹപരിശീലക സ്ഥാനം ഒഴിഞ്ഞ് കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോയിരുന്നു. മുൻപ് കെകെആറിലും പിന്നീട് ഗംഭീറിന്റെ പരിശീലക സംഘത്തിന് കീഴിൽ ഇന്ത്യൻ ദേശീയ ടീമിലും അസിസ്റ്റന്റ് കോച്ചുമാരായി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
യുകെ പര്യടനത്തില്‍ സംഭവിച്ചത്
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഇതാദ്യമായാണ് ഇന്ത്യ അയര്‍ലന്‍ഡിനോട് തോല്‍ക്കുന്നത്. ഏറെ ഞെട്ടിക്കുന്നതായിരുന്നു അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ പ്രകടനം. ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാന്‍ ടി20 ലോകജേതാക്കള്‍ക്ക് സാധിച്ചില്ല. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പരയിലെ അവശേഷിച്ച നാലു മത്സരങ്ങളിലും തോറ്റു.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ജയിച്ചു. അവസാന രണ്ട് മത്സരങ്ങളില്‍ തോറ്റ് ആ പരമ്പരയും കൈവിട്ടു. യുകെ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം അവലോകനം ചെയ്യാന്‍ യോഗം ചേരാനാണ് ബിസിസിഐയുടെ നീക്കം.
English Summary
India’s assistant coach Ryan ten Doeschate has stepped down following series losses in the UK. His decision was informed to the BCCI after his two-year contract concluded this month. He contributed to India’s T20 World Cup and Asia Cup victories alongside head coach Gautam Gambhir. The former all-rounder will now return to Kolkata Knight Riders in a coaching role.