Sanju Samson: സഞ്ജുവിന്റെ ഏകദിന കരിയറിന് വിരാമം? സെലക്ഷന് കമ്മിറ്റിയുടെ മനസിലിരുപ്പ് പുറത്ത്
Sanju Samson misses out on India ODI selection: അടുത്ത വര്ഷത്തെ ലോകകപ്പില് മാത്രമല്ല, ഇനി ഏകദിന ക്രിക്കറ്റിലേക്ക് തന്നെ സഞ്ജു സാംസണ് തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. സെലക്ഷന് കമ്മിറ്റിയുടെ റഡാറില് സഞ്ജുവിന് എവിടെയെങ്കിലും സ്ഥാനമുണ്ടായിരുന്നുവെങ്കില് ന്യൂസിലന്ഡിനെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളില് സഞ്ജുവിനെയും പരിഗണിക്കുമായിരുന്നു.
പുതുമുഖമായ കുമാര് കുശാഗ്രയെ പോലും പരിഗണിച്ചിട്ടും സഞ്ജു സാംസണെ വീണ്ടും ഏകദിന സ്ക്വാഡില് നിന്ന് തഴഞ്ഞ് ഇന്ത്യയുടെ സെലക്ഷന് കമ്മിറ്റി. ന്യൂസിലന്ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന രണ്ടെണ്ണത്തില് ടെസ്റ്റ് ടീമില് ഉള്പ്പെട്ടിട്ടുള്ള ചില താരങ്ങള്ക്ക് വിശ്രമം അനുവദിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില് അവസാന രണ്ട് ഏകദിനത്തില് സഞ്ജുവിനെ കളിപ്പിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പ്രതീക്ഷിച്ചതുപോലെ കീവിസിനെതിരായ ഏകദിന പരമ്പരയ്ക്ക് രണ്ട് സ്ക്വാഡുകളെ പ്രഖ്യാപിച്ചെങ്കിലും സഞ്ജുവിനെ തഴഞ്ഞു.
അവസാന രണ്ട് ഏകദിന മത്സരങ്ങള്ക്കുള്ള സ്ക്വാഡില് ഇഷാന് കിഷനും, കുമാര് കുശാഗ്രയുമാണ് വിക്കറ്റ് കീപ്പര്മാര്. ഇതോടെ അടുത്ത വര്ഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിക്കാനുള്ള അവസാന സാധ്യതകളും അടഞ്ഞു.
സഞ്ജുവിനോട് അനീതി?
ഏകദിനത്തില് അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് സഞ്ജു. താരത്തിനോട് എന്തിനാണ് ഈ അനീതി കാണിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. 2023 ഡിസംബര് 21-നാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. ദക്ഷിണാഫ്രിക്കയില് നടന്ന ഈ മത്സരത്തില് താരം സെഞ്ചുറി നേടുകയും ചെയ്തു. ഈ മത്സരത്തിലെ മാന് ഓഫ് ദി മാച്ചും സഞ്ജുവായിരുന്നു. എന്നാല് ഇതിനുശേഷം സഞ്ജുവിന് ഏകദിനത്തില് അവസരം ലഭിച്ചിട്ടില്ലെന്നതാണ് അതിശയകരം.
Also Read: ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പര; രണ്ട് സ്ക്വാഡുകളുമായി ഇന്ത്യ
ഏകദിനത്തില് 14 ഇന്നിങ്സുകളില് നിന്ന് 56.66 ശരാശരിയില് താരം 510 റണ്സ് നേടിയിട്ടുണ്ട്. ഈ മികച്ച ട്രാക്ക് റെക്കോഡ് സെലക്ടര്മാര് കണ്ടില്ലെന്ന് നടിച്ചു. ടീമിന്റെ കോമ്പിനേഷനുകളും സെലക്ഷന് തീരുമാനങ്ങളും കാരണം താരം ഏകദിന സ്ക്വാഡില് നിന്ന് പുറത്തായി.
സഞ്ജുവിനെ ഏകദിനത്തിലേക്ക് പരിഗണിക്കാന് പിന്നീട് പല അവസരങ്ങളുണ്ടായിരുന്നെങ്കിലും സെലക്ഷന് കമ്മിറ്റി തയ്യാറായില്ല. ഋഷഭ് പന്ത്, കെഎല് രാഹുല്, ധ്രുവ് ജൂറെല്, ഇഷാന് കിഷന് തുടങ്ങിയവരായിരുന്നു പിന്നീട് നടന്ന പല ഏകദിന മത്സരങ്ങളിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്മാരായി സ്ക്വാഡിലെത്തിയത്. ആ പരീക്ഷണമാണ് ഒടുവില് കുമാര് കുശാഗ്രയിലെത്തിയിരിക്കുന്നത്.
ഏകദിന കരിയറിന് വിരാമം?
അടുത്ത വര്ഷത്തെ ലോകകപ്പില് മാത്രമല്ല, ഇനി ഏകദിന ക്രിക്കറ്റിലേക്ക് തന്നെ സഞ്ജു തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. സെലക്ഷന് കമ്മിറ്റിയുടെ റഡാറില് സഞ്ജുവിന് എവിടെയെങ്കിലും സ്ഥാനമുണ്ടായിരുന്നുവെങ്കില് ന്യൂസിലന്ഡിനെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളില് സഞ്ജുവിനെയും പരിഗണിക്കുമായിരുന്നു.
English Summary
Sanju Samson has been left out of India’s ODI squad for the final two matches against New Zealand. Selectors chose Ishan Kishan and newcomer Kumar Kushagra as wicketkeepers instead. Despite a strong ODI average of 56.66 and a century in his last match, Sanju continues to be ignored. This fresh omission suggests his career in 50-over cricket may effectively be over.