BCCI Fitness Test: സഞ്ജുവിനും സംഘത്തിനും ഫിറ്റ്‌നസ് ടെസ്റ്റ്; ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്ത് ഇന്ത്യന്‍ താരങ്ങള്‍
Sanju Samson at BCCI CoE: ഇന്ത്യന്‍ താരങ്ങള്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരായി. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, റുതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയവരാണ് ഫിറ്റ്‌നസ് ടെസ്റ്റിന് റിപ്പോര്‍ട്ട് ചെയ്തത്.

Sanju Samson pre season testing
വരാനിരിക്കുന്ന പുതിയ പരമ്പരകള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സിഒഇ) ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരായി. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, റുതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയവരാണ് ബെംഗളൂരുവില്‍ ഫിറ്റ്‌നസ് ടെസ്റ്റിന് റിപ്പോര്‍ട്ട് ചെയ്തത്. ബ്രോങ്കോ ടെസ്റ്റ്, 2 കിലോമീറ്റര്‍ ഓട്ടം, യോ യോ ടെസ്റ്റ്, വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടം തുടങ്ങിയവ നിര്‍ബന്ധിത പരിശോധനകളുടെ ഭാഗമാണ്. താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്ന ചിത്രങ്ങള്‍ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
“താരങ്ങള്‍ക്കുള്ള പ്രീ സീസൺ പരിശോധന ബിസിസിഐ സെന്റർ ഓഫ് എക്സലൻസില്‍ നടത്തി. നിർബന്ധിത ഫിറ്റ്നസിന് വിധേയരാകേണ്ടി വന്ന കളിക്കാർ തിരക്കേറിയ സീസണിന് മുന്നോടിയായി ബാച്ചുകളായി എത്തി അതത് പരിശോധനകൾ പൂർത്തിയാക്കി”, ബിസിസിഐ എക്‌സില്‍ കുറിച്ചു.
ബിസിസിഐയുടെ ട്വീറ്റ്:
The pre season testing for the contracted players was conducted at the BCCI Centre of Excellence 👌
The players who had to undergo the mandated fitness arrived in batches and completed their respective tests ahead of a busy season 💪 pic.twitter.com/64LsSByytP
— BCCI (@BCCI) August 29, 2026
സ്റ്റാര്‍ട്ടിങ് പോയിന്റ്, 20 മീറ്റര്‍, 40 മീറ്റര്‍, 60 മീറ്റര്‍ എന്നിങ്ങനെ കോണുകള്‍ വെച്ചാണ് ബ്രോങ്കോ ടെസ്റ്റ് നടത്തുന്നത്. താരങ്ങള്‍ക്ക് സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് 20 മീറ്ററിലേക്കും തിരികെയും, തുടര്‍ന്ന് ഇടവേളയില്ലാതെ 40 മീറ്ററിലേക്കും 60 മീറ്ററിലേക്കും ഇത്തരത്തില്‍ അഞ്ച് സെറ്റുകളില്‍ ഓടിത്തീര്‍ക്കണം.
ഏതാണ്ട് 1200 മീറ്റര്‍ ദൂരം അഞ്ചര മിനിറ്റിനുള്ളില്‍ താരങ്ങള്‍ പൂര്‍ത്തിയാക്കണം. യോ-യോ ടെസ്റ്റിന്റെ മാനദണ്ഡം കാലങ്ങളായി 16.5 ആണ്. എന്നാല്‍ 2 കി.മീ ഓട്ടം 10 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം.
എല്ലാ താരങ്ങളും ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ല. പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ കായികക്ഷമത കൈവരിച്ചതിന് ശേഷം മാത്രമേ ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കുകയുള്ളൂ. വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് താല്‍ക്കാലികമായി ഇളവ് നല്‍കിയിട്ടുണ്ട്.
വരാനിരിക്കുന്ന പരമ്പരകള്‍
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ദൗത്യം. സെപ്തംബര്‍ 13, 15, 17 തീയതികളിലാണ് അഫ്ഗാനെതിരായ മത്സരങ്ങള്‍. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പര നടക്കുന്നത്.
അതിനുശേഷം ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യ ജപ്പാനിലേക്ക് പുറപ്പെടും. നിലവില്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണമെഡല്‍ ജേതാക്കളാണ് ഇന്ത്യ. ജപ്പാനിലെ സൗകര്യങ്ങളില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ട്. ഏഷ്യന്‍ ഗെയിംസിന് ബി ടീമിനെ അയക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും, ആ നീക്കം ഉപേക്ഷിച്ചു.
ഫിറ്റ്‌നസ് ടെസ്റ്റിന് പിന്നില്‍
അടുത്തിടെ താരങ്ങള്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയില്‍ അകപെട്ടതോടെ, ഫിറ്റ്‌നസ് വിഷയം ബിസിസിഐ ഗൗരവത്തോടെ പരിഗണിച്ചിരുന്നു. അയര്‍ലന്‍ഡിലും, ഇംഗ്ലണ്ടിലും നേരിട്ട ടി20 പരമ്പരകളിലെ തോല്‍വികളും ബിസിസിഐയെ ഞെട്ടിച്ചു.
കഠിനമായ മത്സര കലണ്ടറിന് മുന്നോടിയായി കായികക്ഷമത വിലയിരുത്താനും, അടിസ്ഥാന പ്രകടന മാനദണ്ഡങ്ങൾ ഏര്‍പ്പെടുത്താനും, പരിക്കുകൾ തടയാനുമാണ് ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ക്രിക്കറ്റ് താരങ്ങൾക്കായി പ്രീ സീസൺ സ്ക്രീനിംഗ് നടത്തുന്നത്.
English Summary
Top Indian cricketers completed mandatory fitness tests at the BCCI Centre of Excellence in Bengaluru. Key players including Sanju Samson, Rishabh Pant, and Yashasvi Jaiswal participated in the pre-season camp. The tests featured the new Bronco Test along with standard Yo-Yo and 2k run evaluations.