Sanju-MohanLal: ദേ ‘സഞ്ജു മോഹന്‍ലാല്‍ സാംസണ്‍’; സംഭവം ഇറുക്ക്; ആ വൈറല്‍ ചിത്രത്തിന് പിന്നിലെന്ത്?
Sanju Samson Mohanlal Viral Photo: മോഹന്‍ലാലിനൊപ്പമുള്ള സഞ്ജു സാംസണിന്റെ ഫോട്ടോ വൈറലാകുന്നു. 'ടീം സാംസണ്‍' എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് ചിത്രം പുറത്തുവന്നത്. 'സംതിങ് സ്‌പെഷ്യല്‍ ഓണ്‍ ദ വേ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ക്യാപ്ഷന്‍ ആരാധകരുടെ സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്.

മോഹന്‍ലാലിനൊപ്പമുള്ള സഞ്ജു സാംസണിന്റെ ചിത്രം
Sanju Samson with Mohanlal: നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഫോട്ടോ വൈറലാകുന്നു. ‘ടീം സാംസണ്‍’ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് ചിത്രം പുറത്തുവന്നത്. ‘സംതിങ് സ്‌പെഷ്യല്‍ ഓണ്‍ ദ വേ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും യാദൃശ്ചികമായി എടുത്ത ഫോട്ടോയാണെന്നാണ് ആദ്യം കരുതിയതെങ്കിലും ഈ ക്യാപ്ഷന്‍ ആരാധകരുടെ സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്തോ ‘സര്‍പ്രൈസ്’ വരാനുണ്ടെന്ന് ആരാധകര്‍ സംശയിക്കുന്നു. സഞ്ജുവും ഈ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ‘എക്കാലത്തെയും മികച്ച നടനായ ലാലേട്ടനൊപ്പം ഇതുപോലെയൊന്ന് ചെയ്യാൻ സാധിച്ചത് തികച്ചും സവിശേഷമായ ഒരു അനുഭവമായിരുന്നു’ എന്ന് സഞ്ജു കുറിച്ചു.
‘സഞ്ജു മോഹന്‍ലാല്‍ സാംസണ്‍’ എന്നാണ് ഈ ചിത്രത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. സഞ്ജു സാംസൺ ഏഷ്യാ കപ്പ് വേളയിൽ നടത്തിയ ഒരു രസകരമായ പ്രതികരണമാണ് “സഞ്ജു മോഹൻലാൽ സാംസൺ” എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായത്.
സഞ്ജു മോഹന്‍ലാല്‍ സാംസണ്‍
മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറുമായി നടത്തുന്ന അഭിമുഖത്തിനിടയിലാണ് സഞ്ജു മോഹന്‍ലാലിനെ ഉദാഹരണമാക്കി തൻ്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് സംസാരിച്ചത്. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെയുള്ള നിർണായക പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുന്നതിനിടെ സഞ്ജു അന്ന് നടത്തിയ പ്രതികരണം ഏറെ വൈറലായി.
താൻ കൈകാര്യം ചെയ്യുന്ന വിവിധ ഘട്ടങ്ങളിലെ റോളുകളെ മോഹൻലാലിന്റെ ബഹുമുഖ വേഷപ്പകർച്ചകളോടാണ് സഞ്ജു ഉപമിച്ചത്. ഓപ്പണറായി മികച്ച പ്രകടനം നടത്തുമ്പോഴും ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരം മിഡിൽ ഓർഡറിലേക്ക് മാറി കളിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ചോദ്യം. ഇതിന് സഞ്ജു നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം മോഹൻലാലിന് രാജ്യത്തിന്റെ വലിയ ആദരം (ദാദാസാഹേബ് ഫാൽക്കെ അവാർഡ്) ലഭിച്ച സമയമാണിത്. 30-40 വർഷമായി അദ്ദേഹം എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യുന്നു. 10 വർഷമായി രാജ്യത്തിനായി കളിക്കുന്ന എനിക്ക് ‘ഞാൻ ഹീറോ റോൾ മാത്രമേ ചെയ്യൂ’ എന്ന് വാശിപിടിക്കാൻ കഴിയില്ല. എനിക്ക് വില്ലൻ റോളും ചെയ്യാം, ഒപ്പം എന്റെ രാജ്യത്തിന് വേണ്ടി ‘ജോക്കർ’ റോളും ഞാൻ ചെയ്യാറുണ്ട്,” സഞ്ജു വ്യക്തമാക്കി.
ഇത് കേട്ട് മഞ്ജരേക്കർ “വെൽ ഡൺ മോഹൻലാൽ… സോറി സഞ്ജു സാംസൺ” എന്ന് തമാശയായി പറഞ്ഞപ്പോൾ സഞ്ജു തന്നെ ചിരിച്ചുകൊണ്ട് താൻ “സഞ്ജു മോഹൻലാൽ സാംസൺ” ആണെന്ന് പറയുകയായിരുന്നു. ഈ മറുപടി അന്ന് ഏറെ വൈറലായി.
മുമ്പും വൈറല്‍
നേരത്തെയും, മോഹന്‍ലാലിനൊപ്പമുള്ള സഞ്ജുവിന്റെ ഒരു ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2023 ഫെബ്രുവരി 20-നാണ് മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം സഞ്ജു പങ്കുവെച്ചത്. ‘ലൈഫ് ഈസ് നത്തിങ്, ബട്ട് എ സെലിബ്രേഷന്‍ ഓഫ് ഇവന്റ്‌സ്’ എന്നായിരുന്നു അന്ന് സഞ്ജു പങ്കുവെച്ച ക്യാപ്ഷന്‍.
English Summary
Cricketer Sanju Samson recently went viral after sharing a photo with actor Mohanlal. The post was captioned “Something special on the way,” sparking major surprise rumors among fans. Sanju expressed that working with Mohanlal was an exceptionally special experience for him. The duo previously trended when Sanju humorously nicknamed himself “Sanju Mohanlal Samson” during an interview.