Kerala vs Himachal Pradesh: ലക്ഷ്യം സൂപ്പര്‍ ലീഗ്! സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിര്‍ണായക പോരാട്ടത്തിന് കേരളം; തോറ്റാല്‍ പുറത്ത്
Super League on the Line as Kerala Meets Himachal in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൂപ്പര്‍ ലീഗ് ലക്ഷ്യമിട്ട് കേരളം നാളെ ഹിമാചല്‍ പ്രദേശിനെ നേരിടും. രാവിലെ 11-നാണ് മത്സരം. തോറ്റാല്‍ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ജയിച്ചാലും നെറ്റ് റണ്‍റേറ്റ് കൂടി കണക്കിലെടുത്ത് മാത്രമേ സൂപ്പര്‍ ലീഗ് പ്രവേശനം സാധ്യമാകൂ.

കേരള ക്രിക്കറ്റ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൂപ്പര്‍ ലീഗ് ലക്ഷ്യമിട്ട് കേരളം നാളെ ഹിമാചല്‍ പ്രദേശിനെ നേരിടും. രാവിലെ 11-നാണ് മത്സരം. തോറ്റാല്‍ കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ജയിച്ചാലും നെറ്റ് റണ്‍റേറ്റ് കൂടി കണക്കിലെടുത്ത് മാത്രമേ സൂപ്പര്‍ ലീഗ് പ്രവേശനം സാധ്യമാകൂ. എലൈറ്റ് സിയിലാണ് കേരളമുള്ളത്. ഈ ഗ്രൂപ്പില്‍ കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര, ത്രിപുര, അസം എന്നീ ടീമുകളാണുള്ളത്.
ഇതില്‍ പുതുച്ചേരി, മഹാരാഷ്ട്ര, ത്രിപുര, അസം എന്നീ ടീമുകള്‍ക്ക് സൂപ്പര്‍ ലീഗില്‍ പ്രവേശിക്കാനാകില്ല. പുതുച്ചേരിക്കും, മഹാരാഷ്ട്രയ്ക്കും ആറു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയങ്ങള്‍ സഹിതം 12 പോയിന്റുകളാണ് ലഭിച്ചത്. ത്രിപുരയും, അസമും എല്ലാ കളികളിലും തോറ്റു.
കേരളം മൂന്നാമത്
കേരളം നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. കേരളം, ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ ടീമുകളാണ് സൂപ്പര്‍ ലീഗ് ലക്ഷ്യമിട്ട് പോരാടുന്നത്. ആറു മത്സരങ്ങളില്‍ അഞ്ചും ജയിച്ച ആന്ധ്രയും, ഹിമാചലുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇരുടീമുകള്‍ക്കും 20 പോയിന്റുകള്‍ വീതമുണ്ട്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രയാണ് മുന്നില്‍. ആറു മത്സരങ്ങളില്‍ കേരളവും, മധ്യപ്രദേശും നാലു മത്സരങ്ങളില്‍ ജയിച്ചു. ഇരുടീമുകള്‍ക്കും 16 പോയിന്റുകള്‍ വീതമുണ്ട്.
റണ്‍ റേറ്റ് ഇങ്ങനെ
- ആന്ധ്രാപ്രദേശ്: +1.808
- ഹിമാചല്‍ പ്രദേശ്: +1.544
- കേരളം: +1.783
- മധ്യപ്രദേശ്: +0.444
Also Read: ആദ്യ ഇരുപതില്‍ രോഹന്‍ മാത്രം; ആഞ്ഞുപിടിച്ചാല്‍ അസ്ഹറുദ്ദീനുമെത്തും; സഞ്ജു ചിത്രത്തില്‍ പോലുമില്ല
നാളെ ഹിമാചലിനെ കീഴടക്കാനായാല്‍ കേരളത്തിന് 20 പോയിന്റാകും. റണ്‍ റേറ്റില്‍ ഹിമാചലിനെക്കാള്‍ മുന്നിലുള്ള കേരളത്തിന് അതും അനുകൂല ഘടകമാണ്. ഹിമാചലിനെ കീഴടക്കിയാല്‍ കേരളത്തിന് ഏറെക്കുറെ സൂപ്പര്‍ ലീഗ് ഉറപ്പിക്കാനാകും.
എന്നാല്‍ നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ മധ്യപ്രദേശ് പുതുച്ചേരിയെ വന്‍ മാര്‍ജിനില്‍ കീഴടക്കിയാല്‍ അത് തിരിച്ചടിയായേക്കാം. നേരിയ മാര്‍ജിനിലാണ് മധ്യപ്രദേശ് പുതുച്ചേരിയെ തോല്‍പിക്കുന്നതെങ്കില്‍ അത് കേരളത്തിന് വെല്ലുവിളിയാകില്ല. എല്ലാത്തിനുമുപരിയായി കേരളം ഹിമാചലിനെ തോല്‍പിച്ചെങ്കില്‍ മാത്രമേ മറ്റ് മത്സരഫലങ്ങള്‍ ഉറ്റുനോക്കേണ്ടതുള്ളൂ.
സൂപ്പര്‍ ലീഗ് ഷെഡ്യൂള്‍
നവംബര്‍ 30, ഡിസംബര്‍ രണ്ട്, ഡിസംബര്‍ നാല് തീയതികളിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. സൂപ്പര്‍ ലീഗില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഡിസംബര്‍ ആറിന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
English Summary
Kerala faces Himachal Pradesh tomorrow at 11 AM in a must-win Syed Mushtaq Ali Trophy clash. Currently third in Elite Group C, Kerala needs a victory to reach 20 points and boost its Super League hopes. Thanks to a strong Net Run Rate of +1.783, beating Himachal will almost certainly secure their spot unless Madhya Pradesh wins by a massive margin.