Kerala vs Vidarbha: സൂപ്പര്‍ ലീഗിലെ ആദ്യ പോരാട്ടത്തിനൊരുങ്ങി കേരളം; എതിരാളികള്‍ ഒരു മത്സരം പോലും തോല്‍ക്കാത്ത വിദര്‍ഭ
Syed Mushtaq Ali Trophy Super League Begins Nov 30: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യ മത്സരത്തില്‍ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. രാവിലെ 11-ന് മത്സരം ആരംഭിക്കും. സഞ്ജു സാംസണ്‍ നയിക്കുന്ന കേരള ടീം ആത്മവിശ്വാസത്തിലാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി കേരള ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ (നവംബര്‍ 30) തുടക്കമാകും. ആദ്യ മത്സരത്തില്‍ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. രാവിലെ 11-ന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും സൂപ്പര്‍ ലീഗിലെ തിരഞ്ഞെടുത്ത ചില മത്സരങ്ങള്‍ മാത്രം സംപ്രേക്ഷണം ചെയ്യും. നാളത്തെ കേരളത്തിന്റെ മത്സരം ഇതില്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. സഞ്ജു സാംസണ്‍ നയിക്കുന്ന കേരള ടീം ആത്മവിശ്വാസത്തിലാണ്. എലൈറ്റ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ സൂപ്പര്‍ ലീഗ് പ്രവേശനം. അഥര്‍വ ടെയ്ഡ് നയിക്കുന്ന വിദര്‍ഭ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും തോറ്റിട്ടില്ലെന്നത് അവരുടെ കരുത്ത് വ്യക്തമാക്കുന്നു.
എലൈറ്റ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് വിദര്‍ഭ സൂപ്പര്‍ ലീഗിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴു മത്സരങ്ങളില്‍ ആറിലും ജയിച്ചു. മുംബൈയ്‌ക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു. മറുവശത്ത്, കേരളം രണ്ട് മത്സരങ്ങളില്‍ തോറ്റിരുന്നു. എന്നാല്‍ നിര്‍ണായകമായ അവസാന നാലു മത്സരങ്ങളും ജയിച്ചാണ് സഞ്ജുവും സംഘവും സൂപ്പര്‍ ലീഗിലെത്തിയത്.
ഇവരെ സൂക്ഷിക്കണം
ക്യാപ്റ്റന്‍ അഥര്‍വ ടെയ്ഡ് തന്നെയാണ് വിദര്‍ഭയുടെ കരുത്ത്. ആറു മത്സരങ്ങളില്‍ നിന്നായി 314 റണ്‍സ് അടിച്ചുകൂട്ടിയ താരം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാമതാണ്. മറ്റ് ബാറ്റര്‍മാര്‍ക്ക് സ്ഥിരതയുള്ള പ്രകടനം ഈ സീസണില്‍ പുറത്തെടുക്കാനായിട്ടില്ല. ബൗളിങില്‍ യാഷ് ഖദമാണ് വിദര്‍ഭയുടെ തുറുപ്പുചീട്ട്. ആറു മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ വീഴ്ത്തിയ താരം വിക്കറ്റ് വേട്ടയില്‍ 13-ാമതാണ്. സൗരഭ് ദുബെയും മികച്ച പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തെടുത്തത്.
ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും, രോഹന്‍ കുന്നുമ്മലും തുടരുന്ന മികച്ച ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. കൂടാതെ, സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയും, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങുന്നതും കേരളത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാമത് തുടരുന്ന എംഡി നിധീഷ്, കാര്‍ത്തിക് ബി നായര്‍, വൈശാഖ് ചന്ദ്രന്‍, കെഎം ആസിഫ് എന്നിവരുടെ മികവ് കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് ശക്തി പകരും.
മറ്റ് മത്സരങ്ങള്‍
- രാജസ്ഥാന്‍-പഞ്ചാബ് രാവിലെ ഒമ്പതിന്
- ആന്ധ്ര-മുംബൈ ഉച്ചയ്ക്ക് 1.30-ന്
- ബറോഡ-ഡല്‍ഹി വൈകിട്ട് 4.30-ന്
English Summary
The Syed Mushtaq Ali Trophy Super League begins tomorrow, November 30, with Kerala facing Vidarbha at 11 AM. Sanju Samson’s Kerala enters the clash with momentum after winning four straight games. They face a tough challenge against Atharva Taide’s unbeaten Vidarbha side.