WPL 2026: ആർസിബിയെ പിടിച്ചുകെട്ടാനാരുണ്ട്?; തുടരെ മൂന്നാം മത്സരത്തിലും ആധികാരിക ജയം
RCBW Wins Against GGW: ഗുജറാത്ത് ജയൻ്റ്സിനെതിരെ ആധികാരിക വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 32 റൺസിനാണ് വിജയം.
തുടരെ മൂന്നാം മത്സരത്തിലും ആധികാരിക വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്ത് ജയൻ്റ്സിനെതിരെ 32 റൺസിനാണ് ആർസിബിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടിയ ബെംഗളൂരു ഗുജറാത്തിനെ 150 റൺസിൽ എറിഞ്ഞിടുകയായിരുന്നു. ആർസിബിയ്ക്കായി 66 റൺസ് നേടിയ രാധ യാദവ് ബാറ്റിംഗിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടിൽ ബൗളിംഗിലും തിളങ്ങി.
നാല് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിൽ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയ ആർസിബിയെ അഞ്ചാം വിക്കറ്റിൽ രാധ യാദവും റിച്ച ഘോഷും ചേർന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. അഞ്ചാം നമ്പറിൽ രാധ യാദവിനെ പരീക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു. വനിതാ പ്രീമിയർ ലീഗിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ രാധ 105 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷമാണ് മടങ്ങിയത്. റിച്ച ഘോഷ് (44), നദീൻ ഡി ക്ലെർക്ക് (26) എന്നിവരും ആർസിബിയ്ക്കായി മികച്ചുനിന്നു.
Also Read: WPL 2026: സ്വന്തം പരിശീലകന് ഹർലീൻ ഡിയോളിൻ്റെ മറുപടി; സീസണിൽ ആദ്യ വിജയവുമായി യുപി വാരിയേഴ്സ്
മറുപടി ബാറ്റിംഗിൽ പലർക്കും തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിംഗ്സ് കളിക്കാനായില്ല. 39 റൺസ് നേടിയ ഭാരതി ഫുൾമലിയാണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിൽ പതറിയ ഗുജറാത്തിനെ ആറാം വിക്കറ്റിൽ ഫുൾമലിയും കാഷ്‌വി ഗൗതവും ചേർന്ന 56 റൺസ് കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. കാഷ്‌വി 18 റൺസ് നേടി പുറത്തായി. ബെത്ത് മൂണി (27), തനുജ കൻവാർ (21) എന്നിവരും ഗുജറാത്തിനായി തിളങ്ങി. ആർസിബിയ്ക്കായി ശ്രേയങ്ക പാട്ടിൽ അഞ്ച് വിക്കറ്റും ലോറൻ ബെൽ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
മൂന്നിൽ മൂന്ന് വിജയങ്ങളുമായി ആർസിബി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.