AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മദ്യപിച്ച് ഓടിച്ച വാഹനത്തിൽ മക്കളും; പിഴ മാത്രമല്ല, വാർണറുടെ വണ്ടിക്ക് ‘ആൽക്കഹോൾ പൂട്ടും’ ഇട്ട് കോടതി

Alcohol interlock in Warner's car: മദ്യപിച്ച് വാഹനം ഓടിച്ചതിന് പിഴയ്ക്ക് പുറമേ വാർണറുടെ വണ്ടിയിൽ ഒരു വർഷത്തേക്ക് ആൽക്കഹോൾ ഇന്റർലോക്ക് സ്ഥാപിക്കാനും കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് സുരക്ഷാ ഉപകരണമാണ് ആൽക്കഹോൾ ഇന്റർലോക്ക് (അ‌ഥവാ ഇഗ്നിഷൻ ഇന്റർലോക്ക് ഡിവൈസ് - IID).

മദ്യപിച്ച് ഓടിച്ച വാഹനത്തിൽ മക്കളും; പിഴ മാത്രമല്ല, വാർണറുടെ വണ്ടിക്ക് ‘ആൽക്കഹോൾ പൂട്ടും’ ഇട്ട് കോടതി
David Warner Drunk DrivingImage Credit source: Ryan Pierse/Getty Images
Prasanth Kumar
Prasanth Kumar | Published: 19 Aug 2026 | 10:29 PM

ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ മദ്യപിച്ച് വണ്ടിയോടിച്ച കേസിൽ കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചിരുന്നു. സംഭവത്തിൽ വാർണർ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തുകയും 1500 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ) പിഴ വിധിക്കുകയും ചെയ്ത വിവരം ഇതിനകം പുറത്തുവന്നതാണ്. എന്നാൽ പിഴ മാത്രമല്ല, മറ്റ് ചില ശിക്ഷകളും വാർണർക്ക് കോടതി വിധിച്ചിട്ടുണ്ട്. കോടതിയുടെ ഏറ്റവും പ്രധാന നിരീക്ഷണം മദ്യപിച്ചിരുന്ന വാർണർ മക്കളെ വാഹനത്തിൽ ഒപ്പം കൂട്ടിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്നായിരുന്നു.

വാർണറുടെ പ്രശസ്തി കാരണം കേസ് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായെന്നും ഇത് അദ്ദേഹത്തിന്റെ സ്പോൺസർഷിപ്പുകളെയും അവസരങ്ങളെയും ബാധിച്ചെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. അ‌തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഈ കുറ്റകൃത്യം നടക്കുന്ന സമയത്ത് കുട്ടികൾ കാറിലുണ്ടായിരുന്നു എന്നതാണ്.

Also Read: പാകിസ്ഥാനൊക്കെ തീർന്നു! ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ആൽക്കഹോൾ ഇന്റർലോക്ക്

പിഴയ്ക്ക് പുറമേ വാർണറുടെ വണ്ടിയിൽ ഒരു വർഷത്തേക്ക് ആൽക്കഹോൾ ഇന്റർലോക്ക് സ്ഥാപിക്കാനും കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് സുരക്ഷാ ഉപകരണമാണ് ആൽക്കഹോൾ ഇന്റർലോക്ക് (അ‌ഥവാ ഇഗ്നിഷൻ ഇന്റർലോക്ക് ഡിവൈസ് – IID). വാഹനത്തിന്റെ ഇഗ്നിഷൻ (സ്റ്റാർട്ടിംഗ്) സിസ്റ്റവുമായി ഇത് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ഡ്രൈവർ ഇതിലേക്ക് ഊതി ബ്രെത്ത് അനലൈസർ ടെസ്റ്റ് നടത്തണം.

ഡ്രൈവറുടെ ശ്വാസത്തിൽ അനുവദനീയമായതിലും കൂടുതൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയാൽ, ഈ ഉപകരണം വാഹനം സ്റ്റാർട്ട് ആകുന്നത് തടയും. ഡ്രൈവർക്ക് പകരം മറ്റാരെങ്കിലും ഊതി വാഹനം സ്റ്റാർട്ട് ചെയ്യുന്നത് തടയാൻ, യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ വീണ്ടും ഊതാൻ ഡിവൈസ് നിർദ്ദേശിക്കും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന കേസുകളിൽ ശിക്ഷയുടെ ഭാഗമായി നിശ്ചിത കാലയളവിലേക്ക് വാഹനങ്ങളിൽ ഈ ഡി​വൈസ് ഘടിപ്പിക്കാൻ ഓസ്ട്രേലിയ, യു.എസ്.എ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ കോടതികൾ ഉത്തരവിടാറുണ്ട്.

വാർണർ പിടിക്കപ്പെട്ട സംഭവം

ഈ വർഷം ഏപ്രിൽ 5-ന് സിഡ്നിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പം സഞ്ചരിക്കവേ പൊലീസ് പരിശോധന കണ്ട് വാർണർ വണ്ടി നിർത്തി ഒപ്പമുണ്ടായിരുന്ന ആളുമായി സീറ്റ് മാറാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ അനുവദനീയമായതിലും ഇരട്ടിയിലധികം അളവിൽ മദ്യം വാർണർ കഴിച്ചതായി കണ്ടെത്തി. പിന്നീട് കോടതിൽ വാർണർ കുറ്റം സമ്മതിച്ചിരുന്നു.

ടാക്‌സി വിളിച്ച് പോകുന്നതായിരുന്നു സുരക്ഷിതമെന്നും വിവേകശൂന്യമായ പ്രവർത്തിയാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും വാർണർ കോടതിയിൽ കുറ്റസമ്മതം നടത്തി. ഒരു പരിപാടിയിൽ പങ്കെടുത്തശേഷം കുടുംബവുമൊത്ത് മടങ്ങുകയായിരുന്നു അ‌ദ്ദേഹമെന്നും ഈ പരിപാടിക്കിടെ വാർണർ മൂന്ന് ഗ്ലാസ് വൈൻ കുടിച്ചിരുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയിൽ സമ്മതിച്ചിരുന്നു. തുടർന്നാണ് അ‌ദ്ദേഹത്തിന് 1,500 ഓസ്ട്രേലിയൻ ഡോളർ പിഴയും വണ്ടിക്ക് ഒരു വർഷത്തേക്ക് ആൽക്കഹോൾ ഇന്റർലോക്കും വിധിച്ചത്.

English Summary

Former Australian cricketer David Warner has been fined 1,500 Australian dollars for drink-driving. The court has also ordered Warner to install an alcohol interlock in his car for a year. An alcohol interlock is an electronic safety device that is installed in vehicles to prevent drunk driving. The fact that Warner was driving while drunk with his children in the vehicle added to the seriousness of the crime.

Follow Us