FIFA World Cup 2026 : ക്യൂറസാവയുടെ 7-1 തോൽവി, ചങ്ക് പിടഞ്ഞത് മറ്റൊരുടത്ത്; സ്വന്തം മണ്ണിൽവെച്ച് ചിറകരിക്കപ്പെട്ട കാനറികളുടെ ദുരന്തകഥ
Germany vs Brasil World Cup History : സ്വന്തം നാട്ടിവെച്ച് നടന്ന 2014 ലോകകപ്പിൻ്റെ സെമി ഫൈനലിൽ ജർമനിയോട് നാണംകെട്ടാണ് ബ്രസീൽ തോറ്റ് മടങ്ങിയത്. ആ സംഭവം നടന്ന ഇന്ന് ദശകം പിന്നിടുമ്പോഴും ബ്രസീൽ ആരാധകരുടെ ഇടം നെഞ്ചിൽ ആ മുറിവ് മായാതെ നിലനിൽക്കുകയാണ്.
മുൻ ചാമ്പ്യന്‍മാരായ ജർമനിക്കെതിരെ 7-1ന് കനത്ത തോൽവി നേരിടുമ്പോൾ കുഞ്ഞൻ രാജ്യമായ ക്യൂറസാവോ നെഞ്ചും വിരിച്ച് തന്നെയാണ് മൈതാനം വിട്ടത്. ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ഗോളും നേടിയാണ് വെറും 1.5 ലക്ഷത്തിൽ അധികം പേർ മാത്രം ജനസംഖ്യയുള്ള കരീബിയൻ രാജ്യം യൂറോപ്യൻ വമ്പനെതിരെ തോൽവി വഴങ്ങിയത്. എന്നാൽ ഇവിടെ 7-1ന് ജർമനി ക്യൂറസാവോയെ തോൽപ്പിച്ചപ്പോൾ ഉള്ള് പിടിഞ്ഞത് മറ്റൊരുടത്താണ്. ദശകങ്ങൾക്ക് മുമ്പ് സ്വന്തം കാണികളുടെ മുന്നിൽവെച്ച് ജർമനിയുടെ പ്രഹരമേറ്റ് ചിറകരിഞ്ഞ് പോയ കാനറികളുടെ ഉള്ളാണ് പിടിഞ്ഞത്. കാലങ്ങൾ മായുമ്പോഴും കാനറികളുടെ ഇടം നെഞ്ചിൽ ഇന്നും ഒരു വലിയ ഭാരമായി 2014 ലോകകപ്പിലെ ആ തോൽവി നിലനിൽക്കുകയാണ്.
എന്താണ് സംഭവിച്ചത്?
2014 ലോകകപ്പ്, 1950ന് ശേഷം ബ്രസീൽ വീണ്ടും വേദിയായ ടൂർണമെൻ്റ്. 2002ലെ കിരീടനേട്ടത്തിന് ശേഷം ലോകകപ്പിൽ ബ്രസീലിൻ്റെ പ്രകടനം ക്വാർട്ടർ ഫൈനലിൽ അവസാനിക്കുന്നത് പതിവായി. കൂടാതെ കോപ്പ അമേരിക്കയിലെ മോശം പ്രകടനം കാരണം, ബ്രസീൽ തങ്ങളുടെ മുഖ്യപരിശീലകനെ മാറ്റി. 2002ൽ മഞ്ഞപ്പടയ്ക്ക് അഞ്ചാം കിരീടം സമ്മാനിച്ച് സാക്ഷാൽ സ്കൊളാരിക്ക് വീണ്ടും മുഖ്യ പരിശീലകൻ്റെ ചുമതല ബ്രസീൽ നൽകി. സ്കോളാരിയുടെ നേതൃത്വത്തിൽ നെയ്മർ, ഓസ്കാർ, ഫ്രെഡ്, ഹൾക്ക്, ഡാനി ആൽവസ്, തിയാഗോ സിൽവ, ഡേവിഡ് സിൽവ, മാർസെലോ തുടങ്ങിയ പ്രമുഖരടങ്ങിയ നിരയാണ് ബ്രസീലിനായി അണിനിരന്നത്.
ക്രൊയേഷ്യയെ തോൽപ്പിച്ചുകൊണ്ട് ബ്രസീൽ 2014 ലോകകപ്പ് തുടക്കമിട്ടു. രണ്ടാം മത്സരത്തിൽ ഗോൾകീപ്പർ ഒച്ചാവോയെ മറികടക്കാനാകാതെ മെക്സിക്കോയോട് ബ്രസീൽ സമനില വഴങ്ങി. തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാമറൂണിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് കാനറികൾ നോക്ക്ഔട്ടിലേക്ക് പ്രവേശിച്ചു. പ്രീക്വാർട്ടറിൽ ചിലിയോടും സമനില വഴങ്ങിയെങ്കിലും പെനാൽറ്റിയിലൂടെ അവസാന എട്ടിലേക്ക് ബ്രസീൽ യോഗ്യത നേടി. ക്വാർട്ടറിൽ അയൽക്കാരായ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ച് മഞ്ഞപ്പട സെമിയിൽ എത്തി.
ALSO READ : Lionel Messi: ‘എന്റെ റെക്കോർഡ് മെസി തകർക്കട്ടെ’; മിറോസ്ലാവ് ക്ലോസെ പറയുന്നു
കൊളംബിയയ്ക്കെതിരെ മത്സരത്തിൽ നെയ്മറിന് പരിക്കേറ്റത് ബ്രസീലിയൻ മുന്നേറ്റ നിരയ്ക്ക് വലിയ തിരിച്ചടിയായി. എന്നിരുന്നാലും ഇതുവരെ ഒരു മത്സരത്തിലും ഒന്നിലധികം ഗോളുകൾ വഴങ്ങാത്ത തൻ്റെ പ്രതിരോധനിരയെ വിശ്വസിച്ചാണ് സ്കൊളാരി അക്രമകാരികളായ ജർമനിയെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ജോക്കിം ലോയുടെ ജർമൻപ്പട യാതൊരു ദാക്ഷിണ്യവും കാണിക്കാതെ കാനറികളുടെ ചിറകരിഞ്ഞ് കളഞ്ഞു. മത്സരം ആരംഭിച്ച് അരമണിക്കൂർ പിന്നിടുമ്പോഴേക്കും അഞ്ച് ഗോളുകൾ കൊണ്ട് ബ്രസീലിയൻ പോസ്റ്റ് നിറഞ്ഞ് കവിഞ്ഞു.
മിനൈറോ സ്റ്റേഡിയം ഒന്നടങ്കം പൊട്ടികരഞ്ഞു. കാനറികൾക്ക് ഒരു തിരിച്ചുവരവിന് പോലും സാധിക്കാത്ത വിധമുള്ള വധമായിരുന്ന ജർമൻകാർ നടത്തിയത്. രണ്ടാം പകുതിയിൽ പകരക്കാരാനായി എത്തിയ ആന്ദ്രെ ഷുറൂളും രണ്ട് ഗോളുകളും കൂടി നേടിയപ്പോൾ സ്കോർ ബോർഡ് 7-0 ആയി ഉയർന്നു. മിനൈറോ സ്റ്റേഡിയത്തിലെ കൂട്ടകരച്ചിലുകൾക്കിടയിൽ ആകെ ലഭിച്ച ആശ്വാസം മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൽ ഓസ്കർ ജൂനിയർ നേടിയ ഏക ഗോൾ മാത്രമാണ്. മത്സരം 7-1ന് റഫറി അവസാന വിസ്സിൽ ഊതുകയും ചെയ്തു.നൂറ്റാണ്ടിൽ ബ്രസീൽ നേരിട്ട ഏറ്റവും വലിയ തോൽവിയായിരുന്നു അത്. ഇതിന് മുമ്പ് 1920ൽ ഉറുഗ്വെയ്ക്കെതിരെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തോറ്റതാണ് കാനറികളുടെ ചരിത്രത്തിൽ ഏറ്റവും മോശം ദിനം. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്ന ടീം നേരിടുന്ന ഏറ്റവും ദയനീയ തോൽവിയുടെ ഭാരവും ബ്രസീലിന് ലഭിച്ചു. ആ തോൽവിക്ക് പിന്നാലെ ലൂസേഴ്സ് ഫൈനലിൽ നെതർലാൻഡ്സിനോടും തോറ്റാണ് ബ്രസീൽ ടൂർണമെൻ്റ് വിട്ടത്.
മറുപടിയില്ലാത്ത സെവൻ അപ്പ് കഥ
2014 ദുരന്തം നടന്നതിന് ശേഷം ഒരു ദശകം പിന്നിട്ടിട്ടും ബ്രസീൽ ആരാധകർക്ക് ഇപ്പോഴും ആ വേദനിപ്പിക്കുന്ന ഓർമ്മകൾ വീണ്ടും അലട്ടുകയാണ്. അർജൻ്റീന പോലെയുള്ള ചിരകാല വൈരികളായ ടീമിൻ്റെ ആരാധകർ ഓരോ കുത്തുവാക്ക് പറഞ്ഞ് വേദനിപ്പിക്കുമ്പോഴും അഞ്ച് ലോകകപ്പ് നേട്ടത്തിൻ്റെ മാഹാത്മ്യം മാത്രമാണ് മഞ്ഞപ്പട ആരാധകരുടെ ആകെയുള്ള പിടിവള്ളി. കാനറികളുടെ നഷ്ടപ്പെട്ട സുവർണ കാലഘട്ടം എന്ന് തിരികെ വരുമെന്ന് കാത്തിരിക്കുമ്പോഴാണ് ക്യൂറോസാവോയുടെ ഈ ദയനീയ തോൽവി. കാരണം അതിന് തൊട്ടുമുമ്പ് മൊറോക്കോയോട് സമനില വഴങ്ങിയത് ബ്രസീലിൻ്റെ ആരാധകർക്ക് താങ്ങാനായിട്ടില്ല. അതിന് പിന്നാലെ ജർമനിയുടെ ഗോളടി ഓർമ്മപ്പെടുത്തൽ.
English Summary
Why Brasil Gets Trolled After Germany Beats Curacao For 7-1. Here Is Throwback Story of FIFA World Cup 2014 Semi Final Brasil vs Germany.