റൊണാൾഡോ യുഗം തീർന്നോ! റോണോ ഇല്ല, കിട്ടിയ അവസരം മുതലെടുത്ത് പോർചുഗൽ ഡെൻമാർക്കിനെ 4-2 ന് തകർത്തു
Portugal wins again without Cristiano Ronaldo: നേഷൻസ് ലീഗിൽ ഗ്രൂപ്പ് എ4 മത്സരത്തിൽ ഡെൻമാർക്കിനെ 4-2 ന് തകർത്ത് പോർച്ചുഗൽ. "വളരെ ഉയർന്ന നിലവാരമുള്ള വിജയമാണിത്. ഈ പോർച്ചുഗൽ ടീം നാല് ഗോളുകൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. സംഭവിച്ച മറ്റെന്തിനേക്കാളും പ്രധാനം ഈ വിജയമാണ്." എന്നായിരുന്നു മത്സരശേഷം പോർചുഗൽ പരിശീലകൻ ജോർജ്ജ് ജീസസ് പ്രതികരിച്ചത്.

Portugal Wins Again Without Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും ടീം ജയിക്കും എന്ന് തെളിയിച്ചുകൊണ്ട് നേഷൻസ് ലീഗിൽ ഗ്രൂപ്പ് എ4 മത്സരത്തിൽ ഡെൻമാർക്കിനെ 4-2 ന് തകർത്ത് പോർച്ചുഗൽ. കഴിഞ്ഞ മത്സരത്തിൽ കളിക്കാൻ അവസരം നൽകാതെ ബെഞ്ചിലിരുത്തിയതിനെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോച്ച് ജോർജ്ജ് ജീസസുമായി തെറ്റിപ്പിരിയുകയും താൻ ടീം ക്യാമ്പ് വിടുകയാണ് എന്ന് പരസ്യമായി പറഞ്ഞ് കലാപക്കൊടി ഉയർത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന മത്സരം എന്ന നിലയിൽ റോണോ ആരാധകരും ഫുട്ബോൾ പ്രേമികൾ ഒന്നാകെയും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ മത്സരമായിരുന്നു പോർചുഗൽ- ഡെന്മാർക്ക് മത്സരം.
ഒരുകാലത്ത് പോർചുഗൽ ടീം എന്നാൽ ഫുട്ബോൾ ലോകത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. എന്നാൽ ഇതിഹാസ താരമായ റൊണാൾഡോ യുഗത്തിന് പോർചുഗൽ ടീമിൽ അന്ത്യം കുറിക്കപ്പെട്ടോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ തകർപ്പൻ പ്രകടനവും ജയവുമാണ് വിവാദങ്ങൾക്കിടയിൽ ജോർജ്ജ് ജീസസിന്റെ ശിഷ്യന്മാർ ഡെന്മാർക്കിനെതിരേ നേടിയത്.
ഡെൻമാർക്കിനെതിരെയുള്ള മത്സരത്തിന് തൊട്ടുമുമ്പ് ക്യാമ്പ് വിട്ടപ്പോൾ തന്നെ റൊണാൾഡോയുടെ അന്താരാഷ്ട്ര ഫുട്ബോൾ ഭാവി ഏറെക്കുറേ അനിശ്ചിതത്വത്തിലായി. നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോ ടീമിന് ഒരു ബാധ്യതയാണ് എന്ന നിലയ്ക്ക് ആണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ആരുടേയും സമ്മർദ്ദത്തിന് വഴങ്ങി ടീമിനെ തിരഞ്ഞെടുക്കില്ല എന്ന് ജോർജ്ജ് ജീസസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് റോണോയ്ക്കുള്ള കൃത്യമായ സൂചനയാണ്.
ജോവോ കാൻസെലോ (13′), ഗോൺസാലോ റാമോസ് (25′), വിറ്റിന്യ (തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോൾ), ജോവോ ഫെലിക്സ് എന്നിവരാണ് ഡെന്മാർക്കിനെതിരേ പോർചുഗലിനായി വലകുലുക്കിയത്. മറുവശത്ത് ഡെൻമാർക്കിനായി മിക്കൽ ഡാംസ്ഗാർഡ്, റാസ്മസ് ഹോയ്‌ലണ്ട് എന്നിവർ ഗോൾ കണ്ടെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ല എന്ന് ഈ മത്സരത്തിലൂടെ പോർചുഗൽ അടിവരയിട്ട് തെളിയിച്ചു.
“വളരെ ഉയർന്ന നിലവാരമുള്ള വിജയമാണിത്. ഈ പോർച്ചുഗൽ ടീം നാല് ഗോളുകൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. സംഭവിച്ച മറ്റെന്തിനേക്കാളും പ്രധാനം ഈ വിജയമാണ്.” എന്നായിരുന്നു മത്സരശേഷം പരിശീലകൻ ജോർജ്ജ് ജീസസ് പ്രതികരിച്ചത്. സ്റ്റേഡിയത്തിലെത്തിയ ഒരു വിഭാഗം ആരാധകരും കോച്ചിന് തങ്ങളുടെ പിന്തുണ അറിയിച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി.
അതേസമയം മറുവശത്ത് കോച്ചിനെതിരേ റോണോ ആരാധകർ സൈബർ ആക്രമണം നടത്തുന്നു എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകളും ഉണ്ട്. റോണോ ടീം ക്യാമ്പ് വിട്ടതിന് പിന്നാലെ ഡെന്മാർക്കിനെതിരായ മത്സരത്തിന് മുമ്പ് അൺഫോളോ പോർചുഗൽ ക്യാമ്പയിനുകളും പ്രത്യക്ഷപ്പെട്ടു. ടീം ക്യാമ്പ് വിട്ട റോണോയുടെ നടപടി നിയമപരമായി ശരിയല്ല.
കൃത്യമായ ന്യായീകരണമില്ലാതെ ദേശീയ ടീം ക്യാമ്പ് വിടുന്ന കളിക്കാർക്ക് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ്റെ (FPF) നിയമപ്രകാരം 1 മുതൽ 6 മാസം വരെ വിലക്കും പിഴയും നേരിടേണ്ടി വരാം. അതേസമയം ടീമിലെ റൊണാൾഡോയുടെ സ്ഥാനം ഏറെക്കുറെ ബെഞ്ചിലായ നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമോ, ഇതിഹാസ താരമായ റോണോയ്ക്ക് മാന്യമായ ഒരു വിരമിക്കലിന് അവസരമെങ്കിലും ലഭിക്കുമോ എന്നീ ചോദ്യങ്ങളാണ് ഇപ്പോൾ പ്രധാനമായും ഫുട്ബോൾ ആരാധകർക്കുള്ളത്.
English Summary
Portugal defeated Denmark 4-2 in a Nations League Group A4 match, once again proving that the team can win even without Cristiano Ronaldo. This resounding victory has garnered significant attention, coming amidst widespread discussion in the sports world regarding Ronaldo’s unexpected departure from the national team camp following issues with coach Jorge Jesus.