BGT 2024: ഒരൊറ്റ ഓസ്ട്രേലിയൻ പര്യടനം; ഇന്ത്യക്ക് നഷ്ടമായത് രണ്ട് ഇതിഹാസതാരങ്ങളെ
BGT 2024 Cost Us Rohit And Virat: ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ പ്രകടനങ്ങൾ കാരണം ഇന്ത്യക്ക് നഷ്ടമായത് രണ്ട് ഇതിഹാസതാരങ്ങളെയാണ്. രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും വിരമിക്കലിന് പിന്നിലെ പരോക്ഷകാരണം ഇതാണ്.

രോഹിത് ശർമ്മ, വിരാട് കോലി
ഒരൊറ്റ ഓസ്ട്രേലിയൻ പര്യടനം കൊണ്ട് ഇന്ത്യക്ക് നഷ്ടമായത് രണ്ട് ഇതിഹാസതാരങ്ങളെയാണ്. ആദ്യം ക്യാപ്റ്റൻ രോഹിത് ശർമ്മ. പിന്നീട് വിരാട് കോലി. ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിലാസമായ രണ്ട് താരങ്ങൾ കളി നിർത്തുമ്പോൾ അതിന് പരോക്ഷമായി കാരണമായത് 2024 നവംബർ മുതൽ 2025 ഡിസംബർ വരെ ഓസ്ട്രേലിയയിൽ നടന്ന ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയാണ്.
2024 ഒക്ടോബർ – നവംബർ മാസങ്ങളിലായി ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര അടിയറവച്ചതോടെത്തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ ചില പ്രധാനപ്പെട്ട തലകൾ ഉരുളുമെന്ന് ഉറപ്പായിരുന്നു. 12 കൊല്ലത്തിന് ശേഷം ആദ്യമായി സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോൽക്കുന്നതും ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ന്യൂസീലൻഡ് ഒരു ടെസ്റ്റ് പരമ്പര നേടുന്നതുമൊക്കെ രോഹിതിൻ്റെ സ്ഥാനം സംശയത്തിലാക്കി. ഇതിൻ്റെ തുടർച്ചയായിരുന്നു ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പര.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചെങ്കിലും പിന്നീട് മൂന്ന് കളി തോറ്റ് പരമ്പര നഷ്ടമായി. ക്യാപ്റ്റനെന്ന നിലയിൽ മാത്രമല്ല, കളിക്കാരനെന്ന നിലയിലും രോഹിത് നിരാശപ്പെടുത്തി. അഞ്ച് ഇന്നിംഗ്സിൽ നിന്ന് ആകെ നേടിയത് 31 റൺസ്. ശരാശരി ആറ്, ഉയർന്ന സ്കോർ 10. അവസാനത്തെ കളിയിൽ നിന്ന് രോഹിത് സ്വയം ഒഴിഞ്ഞുനിന്നത് തന്നെ കീഴടങ്ങലിൻ്റെ അടയാളമായിരുന്നു.
വിരാട് കോലിയുടെ ബോർഡർ ഗവാസ്കർ ട്രോഫി പ്രകടനങ്ങളും മോശമായിരുന്നു. 9 ഇന്നിംഗ്സിൽ നിന്ന് വിരാട് കോലി നേടിയത് 190 റൺസ്. അതിൽ ഒരു സെഞ്ചുറിയാണ് കോലിയെ രക്ഷിച്ചത്. ബാക്കി 8 ഇന്നിംഗ്സിൽ നിന്ന് 90 റൺസ്. പരമ്പരയിലെ ശരാശരി 23. ഓഫ് സ്റ്റമ്പിന് പുറത്തെ പന്തുകളിൽ ബാറ്റ് വച്ച് ഔട്ടാവുന്ന പതിവ് കോലി പരമ്പരയിലുടനീളം തുടർന്നു. ഈ പരമ്പരയിൽ വച്ചാവണം കോലിയ്ക്കും രോഹിതിനും സമയമായെന്ന തോന്നലുണ്ടായത്.