India vs Brazil : ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം; സംപ്രേഷണം മാത്രമല്ല പ്രൊഡക്ഷനും നേരിട്ട് നടത്തും, മത്സരം തത്സമയം എവിടെ കാണാം?
India vs Brazil, Panama, Uruguay Matches Lives Streaming Updates : ബ്രസീലിന് പുറമെ യുറുഗ്വെ പനാമ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സൗഹൃദ മത്സരത്തിനായി ഇറങ്ങും. ഈ മത്സരങ്ങളുടെ സംപ്രേഷണവകാശവും ചേർത്താണ് ഡീൽ നടന്നിരിക്കുന്നത്. ഒക്ടോബർ മൂന്നിനാണ് ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം.
ഏറെ നാളുകൾക്ക് ശേഷം വമ്പൻ ടീമുകളെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഫിഫ റാങ്കിൽ അഞ്ചാമതുള്ള ബ്രസീൽ ഉൾപ്പെടെയുള്ള മൂന്ന് ടീമുകൾക്കെതിരെയാണ് ഇന്ത്യ ഈ സെപ്റ്റംബർ 26-ാം തീയതി മുതൽ സൗഹൃദ മത്സരത്തിനായി ഇറങ്ങാൻ പോകുന്നത്. സെപ്റ്റംബർ 26-ാം തീയതി പനാമയെയും ഒക്ടോബർ മൂന്നിന് ബ്രസീലിനെയും ഏറ്റവും അവസാനം ഒക്ടോബർ ആറാം തീയതി യുറുഗ്വെയുമാണ് ഇന്ത്യ സൗഹൃദ മത്സരത്തിനായി നേരിടാൻ പോകുന്നത്.
ഫിഫ റാങ്കിങ്ങിലെ വമ്പന്മാരുമായി ഇന്ത്യ ഏറ്റുമുട്ടുന്ന മത്സരത്തിൻ്റെ സംപ്രേഷണവകാശം വിറ്റു പോയതിൻ്റെ ആശ്വാസത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. കഴിഞ്ഞ ദിവസമാണ് ഈ മൂന്ന് മത്സരങ്ങളുടെ സംപ്രേഷണവകാശം ആര് സ്വന്തമാക്കിയെന്ന് എഎഫ്എഫ്ഐ വെളിപ്പെടുത്തിയത്. സോണി സ്പോർട്സ് നെറ്റ്വർക്കാണ് ഇന്ത്യയുടെ മൂന്ന് സൗഹൃദ മത്സരത്തിൻ്റെ സാറ്റ്ലൈറ്റ്, ഒടിടി സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. സോണി സ്പോർട്സ് ചാനലിലൂടെ ടെലിവിഷനിലും സോണി ലിവിലൂടെ ഒടിടിയിലും മൂന്ന് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതാണ്. മൂന്ന് മത്സരങ്ങളുടെ പ്രൊഡക്ഷൻ ചുമതലകൾ വഹിക്കുന്നതും സോണി തന്നെയാണ്.
ALSO READ : India vs Brazil : ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം; ടിക്കറ്റ് വില 15,000 രൂപ വരെ, എവിടെ വാങ്ങാം?
മൂന്ന് സൗഹൃദ മത്സരങ്ങൾ
ബ്രസീൽ, പനാമ, യുറുഗ്വെ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ സൗഹൃദ മത്സരത്തിനായി ഇറങ്ങുക. സെപ്റ്റംബർ 26-ാം തീയതി പനാമയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡയത്തിൽ വെച്ചാണ് ഇന്ത്യ-പനാമ മത്സരം. ഫിഫ റാങ്കിങ്ങിൽ 44-ാം സ്ഥാനത്തുള്ള ടീമാണ് പനാമ. തുടർന്ന് ഒക്ടോബർ മൂന്നാം തീയതിയാണ് ബ്രസീലിനെതിരെയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ കോപ്പ അമേരിക്കൻ വമ്പന്മാരെ നേരിടുക. ഇതേ വേദിയിൽ വെച്ച് ഒക്ടോബർ ആറിനാണ് രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്‍മാരായ യുറുഗ്വെയെ നേരിടുക.
ഇന്ത്യ- ബ്രസീൽ മത്സരത്തിൻ്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരത്തിൻ്റെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായി. ഡിസ്ട്രിക് ആപ്പിലൂടെയാണ് ടിക്കറ്റ് വാങ്ങിക്കാൻ സാധിക്കുക. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 999 രൂപയാണ്. 15,000 രൂപ വരെയുള്ള വിഐപി ടിക്കറ്റുകളും ലഭ്യമാണ്. അതേസമയം പനാമ, യുറുഗ്വെ മത്സരങ്ങളുടെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമായിട്ടില്ല.
English Summary
Sony Sports Network Bagged India vs Brazil, Panama And Uruguay Friendly Matches Live Streaming Rights. Matches Will Telecast In Sony Sports Channel And Online Streaming Through Sony Liv OTT Platforms.