AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി

Roberto Mancini returns as Italy coach: 2006-ൽ ലോകകപ്പ് നേടിയ ശേഷം പിന്നീട് നടന്ന ലോകകപ്പുകളെല്ലാം ഇറ്റലിക്ക് വീഴ്ചകളിൽ നിന്ന് വീഴ്ചകളിലേക്കുള്ള യാത്രയായിരുന്നു. ഇറ്റാലിയൻ ഫുട്ബോളിനെ ആ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇപ്പോൾ കോച്ചായി സ്ഥാനമേറ്റെടുത്തിരിക്കുന്ന റോബർട്ടോ മാൻചിനിക്ക് ഉള്ളത്.

4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി
Roberto Mancini Returns As Italy CoachImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 28 Jul 2026 | 10:45 PM

റോം: ഇറ്റാലിയൻ ഫുട്ബോളിനെ സുവർണകാലത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ പുതിയ കോച്ച് എത്തിയിരിക്കുന്നു. കളിക്കാരനായും കോച്ചായും ഇറ്റലിയോടൊപ്പം ഇതിന് മുൻപും പ്രവർത്തിച്ചിട്ടുള്ള റോബർട്ടോ മാൻചിനി (Roberto Mancini) യെ ഇറ്റാലിയൻ ടീമിന്റെ പുതിയ കോച്ചായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ ഫുട്ബോൾഫെഡറേഷനാണ് ഇക്കാര്യം ഇപ്പോൾ ഔദ്യോഗികമായി അ‌റിയിച്ചിരിക്കുന്നത്. ഇതിഹാസതാരം ആന്ദ്രെ പിർലോയുടെ പേരാണ് ഇറ്റലിയുടെ പുതിയ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത് എങ്കിലും പിർലോയ്ക്ക് റഷ്യയിലെ ബെറ്റിങ് സ്ഥാപനവുമായുള്ള കരാർ ചൂണ്ടിക്കാട്ടി രാജ്യത്ത് എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് കോച്ചാകാനുള്ള നിയോഗം വീണ്ടും മാൻചിനിയെ തേടി എത്തിയത്.

ലോകഫുട്ബോളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറ്റലിയോളം ഗതികെട്ടവർ വേറെയാരുമില്ല എന്ന് പറയാം. ലോകകപ്പിൽ നാല് തവണ മുത്തമിട്ട ചരിത്രമുള്ള ടീമാണ് ഇറ്റലി. എന്നാൽ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ ഇക്കഴിഞ്ഞ 2026 ലോകകപ്പ് അ‌ടക്കം അ‌വസാന മൂന്ന് ലോകകപ്പുകളിൽ യോഗ്യത നേടാൻ പോലും ഇറ്റലിക്ക് കഴിഞ്ഞിട്ടില്ല.

Also Read: ‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

2006-ൽ ലോകകപ്പ് നേടിയ ശേഷം പിന്നീട് നടന്ന ലോകകപ്പുകളെല്ലാം ഇറ്റലിക്ക് വീഴ്ചകളിൽ നിന്ന് വീഴ്ചകളിലേക്കുള്ള യാത്രയായിരുന്നു. ഇറ്റാലിയൻ ഫുട്ബോളിനെ ആ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇപ്പോൾ കോച്ചായി സ്ഥാനമേറ്റെടുത്തിരിക്കുന്ന റോബർട്ടോ മാൻചിനിക്ക് ഉള്ളത്. മാൻചിനിക്ക് ഒപ്പം പരിശീലകനായ ക്ലോഡിയോ റനിയേരി ഇറ്റാലിയൻ ടീമിന്റെ പുതിയ ടെക്‌നിക്കൽ ഡയറക്ടറായും ചുമതലയേറ്റിട്ടുണ്ട്.

റോബർട്ടോ മാൻചിനി

ഇറ്റാലിയൻ ഫുട്ബോളിന്റെ ചരിത്രത്താളുകളിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിത്വമാണ് മാൻചിനിയുടേത്. 1990 ഫിഫ ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ഇറ്റാലിയൻ ടീമംഗം ആണ് അ‌ദ്ദേഹം. 2 സീരി A കിരീടങ്ങൾ, 6 കോപ്പ ഇറ്റാലിയ കിരീടങ്ങൾ, 2 UEFA കപ് കിരീടങ്ങൾ എന്നിവയാണ് മാൻചിനിയുടെ കരിയർ സമ്പാദ്യത്തിലുള്ള മറ്റ് പ്രധാന നേട്ടങ്ങൾ.

ഇറ്റാലിയൻ ദേശീയ ടീം മാനേജർ എന്ന നിലയിൽ UEFA യൂറോ 2020 കിരീടം മാൻചിനിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. മറ്റൊന്ന് 37 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ്. മാൻചിനിയുടെ കീഴിൽ ഇറ്റലി തുടർച്ചയായി 37 മത്സരങ്ങളിൽ തോൽവിയറിയാതെ കളിച്ചു. ഇത് അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും വലിയ റെക്കോർഡ് ആണ്.

ഇന്റർ മിലാൻ ക്ലബ് മാനേജർ എന്ന നിലയിൽ തുടർച്ചയായി 3 സീസണുകളിൽ സീരി എ കിരീടം, 2 കോപ്പ ഇറ്റാലിയ, 2 ഇറ്റാലിയൻ സൂപ്പർകപ്പ് കിരീടങ്ങൾ മാൻചിനി നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി മാനേജർ എന്ന നിലയിൽ 2011–12 സീസണിൽ 44 വർഷത്തെ കാത്തിരിപ്പിന് ശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടം സമ്മാനിച്ചതും അ‌ദ്ദേഹത്തിന്റെ കരിയറിലെ പൊൻതൂവലാണ്. 2012-ൽ കമ്മ്യൂണിറ്റി ഷീൽഡും നേടി.

2023 ൽ ഇറ്റാലിയൻ പരിശീലക സ്ഥാനം രാജിവച്ച് മാൻചിനി സൗദി അറേബ്യയുടെ കോച്ചായി പോയി. മൂന്നുവർഷത്തിനിപ്പുറം വീണ്ടും ഇറ്റലിയെ പരിശീലിപ്പിക്കാനെത്തുമ്പോൾ പഴയ ഇറ്റലിയെയല്ല, അ‌ദ്ദേഹത്തിന് കിട്ടിയിരിക്കുന്നത്. എല്ലാം ഒന്നേന്ന് തുടങ്ങണം. മികച്ച പുതിയ താരങ്ങളെ ഉൾപ്പെടെ കണ്ടെത്തിയും നിലവിലുള്ള താരങ്ങളെ നവീകരിച്ചും അ‌ടുത്ത ലോകകപ്പിനായി ശക്തമായ ഒരു ഇറ്റാലിയൻ ടീമിനെ വാർത്തെടുക്കുക എന്നതാണ് റോബർട്ടോ മാൻചിനിയിൽ നിക്ഷിപ്തമായിരിക്കുന്ന പുതിയ കർത്തവ്യം.

English Summary

Roberto Mancini, who has previously worked with Italy as a player and coach, has been announced as the new coach of the Italian team. The Italian Football Federation has now officially announced this. Coach Claudio Ranieri has also been appointed as the new technical director of the Italian team.

Follow Us