‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
Zinedine Zidane officially announced as France coach: ഫിഫ ലോകകപ്പ് സെമിഫൈനലിൽ സ്പെയിനോട് തോറ്റ് ഫ്രാൻസ് പുറത്തായിരുന്നു. ഇതിനെത്തുടർന്ന് ദീർഘകാലം ഫ്രഞ്ച് കോച്ചായി തുടർന്ന ദിദിയർ ദെഷാംസ് പടിയിറങ്ങി. ഇതിന് പിന്നാലെയാണ് 'തോറ്റവരെ' കളിപഠിപ്പിക്കാൻ ഫ്രഞ്ച് നിരയിൽ കളിച്ചും റയൽ മഡ്രിഡ് കോച്ചായി കളിപ്പിച്ചും പരിചയമുള്ള സിദാൻ എത്തിയിരിക്കുന്നത്.
പാരീസ്: ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ കോച്ചായി ഇതിഹാസ താരം സിനദിൻ സിദാനെ നിയമിച്ചു. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പ് സെമിഫൈനലിൽ സ്പെയിനോട് തോറ്റ് ഫ്രാൻസ് പുറത്തായിരുന്നു. ഇതിനെത്തുടർന്ന് ദീർഘകാലം ഫ്രഞ്ച് കോച്ചായി തുടർന്ന ദിദിയർ ദെഷാംസ് പടിയിറങ്ങി. ഇതിന് പിന്നാലെയാണ് ‘തോറ്റവരെ’ കളിപഠിപ്പിക്കാൻ ഫ്രഞ്ച് നിരയിൽ കളിച്ചും റയൽ മഡ്രിഡ് കോച്ചായി കളിപ്പിച്ചും പരിചയമുള്ള സിദാൻ എത്തിയിരിക്കുന്നത്. 4 വർഷത്തെ കരാറിൽ ആണ് സിദാനെ കോച്ചായി നിയമിച്ചിരിക്കുന്നത്. കിലിയൻ എംബാപ്പെ ഉൾപ്പെടെ ലോകത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഫ്രഞ്ച് നിര ഇനി സിദാന്റെ ചിട്ടയിലും ശിക്ഷണത്തിലുമാകും കളിക്കിറങ്ങുക.
സിദാൻ കോച്ചായി എത്തുമ്പോൾ ഫ്രഞ്ച് ആരാധകർ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ഇനി നാല് വർഷം കഴിഞ്ഞ് നടക്കുന്ന ലോകകപ്പിന്റെ കിരീടം തന്നെയാണ്. 1998-ൽ കളിക്കാരനെന്ന നിലയിൽ ഫ്രാൻസിന് ലോകകപ്പ് നേടിത്തന്ന ഇതിഹാസ താരം ഇനി പരിശീലകന്റെ കുപ്പായത്തിൽ തങ്ങൾക്കത് നേടിത്തരും എന്ന് ആരാധകർ വിശ്വസിക്കുന്നു.
Also Read: അഭിഷേക് ശർമ്മ വേണ്ട; സഞ്ജു സാംസണിനെ ഓപ്പണർ സ്ഥാനത്തേക്ക് തിരികെയെത്തിക്കണമെന്ന് മുൻ സെലക്ടർ
കളിയും മാറും
കോച്ച് മാറിയതോടെ ഫ്രാൻസിന്റെ കളി രീതിയും മാറും എന്ന് വിലയിരുത്തപ്പെടുന്നു. ഡിദിയർ ദെഷാംപ്സിന്റെ കാലത്ത് പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള കളിയായിരുന്നു ഫ്രാൻസിന്റേതെങ്കിൽ, സിദാന്റെ കീഴിൽ കൂടുതൽ ആക്രമണാത്മകമായ ശൈലിയാകും ഉണ്ടാകുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. “എന്നെ മുന്നോട്ട് നയിക്കുന്നത് കളിയും ഗോളുകളുമാണ്. മൈതാനത്ത് ഞാൻ നമ്പർ 10 പ്ലെയർ ആയിരുന്നു, കൂടുതൽ ഗോളുകൾ നേടുന്ന അറ്റാക്കിംഗ് ഫുട്ബോളിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്.” എന്ന് സിദാൻ തന്നെ പറഞ്ഞിട്ടുണ്ട്.
കളിക്കാരെ കൈകാര്യം ചെയ്യൽ
റയൽ മാഡ്രിഡിൽ പരിശീലിപ്പിച്ച അനുഭവമുള്ള സിദാന് ഫ്രഞ്ച് താരങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാനാകും എന്ന് പ്രതീക്ഷിക്കുന്നു. റയലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളെ സിദാൻ പരിശീലിപ്പിച്ചിട്ടുണ്ട്. അതിനാൽത്തന്നെ എംബാപ്പെ ഉൾപ്പെടുന്ന ഫ്രാൻസിന്റെ സൂപ്പർ താരനിരയെ ഒത്തൊരുമയോടെ നയിക്കാനും ഡ്രസ്സിംഗ് റൂമിൽ ആത്മവിശ്വാസം വളർത്താനും സിദാന് കഴിയും എന്നാണ് കരുതപ്പെടുന്നത്.
സൂപ്പർ താരങ്ങളെ കളിപഠിപ്പിക്കാനും കൈകാര്യം ചെയ്യാനും മാത്രമല്ല, പുതിയ താരങ്ങളെ കണ്ടെത്തി വളർത്തുന്നതിനും സിദാന് കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരു കളിക്കാരനായും പരിശീലകനായും ലോകത്തിലെ ഏറ്റവും വലിയ കിരീടങ്ങൾ (ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യൻസ് ലീഗ്) നേടിയ ചരിത്രം സിദാനുണ്ട്. വലിയ മത്സരങ്ങളിൽ ടീമിന് ആത്മവിശ്വാസം പകരാൻ സിദാന്റെ ഈ അനുഭവ പരിചയം ഫ്രാൻസിന് സഹായമാകും.
ആദ്യ കടമ്പ
സെപ്റ്റംബറിൽ ആരംഭിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളാണ് സിദാനെ കാത്തിരിക്കുന്ന ആദ്യ കടമ്പ. തുർക്കി, ബെൽജിയം, ഇറ്റലി എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഫ്രാൻസ് കളിക്കുന്നത്. ഫ്രാൻസിന് അടുത്ത യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി കൊടുക്കുക എന്നതാണ് അടുത്ത പ്രധാന ദൗത്യം. ഇതിനെല്ലാമപ്പുറം സിദാന്റെയും സംഘത്തിന്റെയും അന്തിമ ലക്ഷ്യം 2030ലെ ലോകകപ്പ് കിരീടം തന്നെ.
റയൽ മാഡ്രിഡിന്റെ പരിശീലകനായിരിക്കെ 2016, 2017, 2018 വർഷങ്ങളിൽ തുടർച്ചയായി 3 തവണ UEFA ചാമ്പ്യൻസ് ലീഗ് നേടി ചരിത്രം സൃഷ്ടിച്ചയാളാണ് സിദാൻ. എത്ര ശക്തമായ പ്രഷറിലും വളരെ ശാന്തനായി പന്ത് കൈകാര്യം ചെയ്യാൻ സിദാനു കഴിഞ്ഞിരുന്നു. എന്നാൽ ആ പതിവ് തെറ്റി ഒരിക്കൽ മാത്രമാണ് ലോകം കണ്ടത്, 2006 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയുടെ പ്രകോപനത്തിൽ വീണ് മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ടപ്പോഴായിരുന്നു അത്.
English Summary
Legendary player Zinedine Zidane has been appointed as the coach of the France football team. The French Football Federation has officially announced this. France was eliminated after losing to Spain in the FIFA World Cup semi-finals. Following this, Didier Deschamps, who had been the French coach for a long time, stepped down. This is followed by Zidane, who has experience playing for the French national team and playing as the coach of Real Madrid. Zidane has been appointed as the coach on a 4-year contract.