അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ…! 4G, 5G നെറ്റ്വർക്ക് ഷെയർ ചെയ്യാനൊരുങ്ങി ബിഎസ്എൻഎല്ലും വിഐയും
BSNL and VI are preparing to share 4G and 5G networks: സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും സ്വകാര്യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയും (VI) 4ജി, 5ജി നെറ്റ്വർക്ക് പങ്കിടാൻ ആലോചിക്കുന്നു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ടുള്ള പാർലമെന്ററി സമിതിക്ക് ടെലികോം മന്ത്രാലയം (DoT) നൽകിയ വിവരങ്ങളിലാണ് വിഐ, ബിഎസ്എൻഎൽ സഹകരണത്തിന്റെ സാധ്യതകൾ പരാമർശിച്ചിരിക്കുന്നത്.

Bsnl And Vi Are Preparing To Share 4g And 5g Networks
ഇന്ത്യൻ ടെലിക്കോം മേഖലയിൽ അടിമുടി മാറ്റത്തിന് വഴിവയ്ക്കുന്ന ഒരു നിർണായക സഹകരണത്തിന്റെ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും സ്വകാര്യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയും (VI) 4ജി, 5ജി നെറ്റ്വർക്ക് പങ്കിടാൻ ആലോചിക്കുന്നു എന്ന നിലയ്ക്കുള്ള വിവരങ്ങൾ പുറത്തുവന്നു. ഈ സഹകരണം യാഥാർഥ്യമായാൽ ജിയോ, എയർടെൽ എന്നീ കമ്പനികൾക്ക് വൻ വെല്ലുവിളി ഉയരുകയും ഇന്ത്യൻ ടെലിക്കോം മേഖലയിൽ കൂടുതൽ കടുത്ത മത്സരം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇത് വരിക്കാർക്ക് കൂടുതൽ ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് പല കമ്പനികളും വാടകയ്ക്ക് ഉപയോഗിച്ചുവരുന്നുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി വോഡഫോൺ ഐഡിയയുമായി ബിഎസ്എൻഎല്ലിന് ഇൻഫ്രാ ഷെയറിംഗ് കരാറിൽ ഏർപ്പെടാൻ കഴിയുന്ന കൂടുതൽ മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ മേഖലകളിലേക്ക് ഈ രണ്ട് കമ്പനികളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കാൻ ഇപ്പോൾ ചർച്ചകൾ സജീവമായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
Also Read: കോളടിച്ച് വരിക്കാർ! കേരളത്തിൽ പുതിയ പ്ലാൻ പുറത്തിറക്കി VI; പുതിയ രണ്ട് പ്ലാനുകൾ അവതരിപ്പിച്ച് ജിയോ
കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ടുള്ള പാർലമെന്ററി സമിതിക്ക് ടെലികോം മന്ത്രാലയം (DoT) നൽകിയ വിവരങ്ങളിലാണ് വിഐ, ബിഎസ്എൻഎൽ സഹകരണത്തിന്റെ സാധ്യതകൾ പരാമർശിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് സേവനങ്ങൾ, എഡ്ജ് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ സെന്ററുകൾ, എന്റർപ്രൈസ് സേവനങ്ങൾ എന്നിവയിൽ ബിഎസ്എൻഎല്ലിനും വിഐക്കും പരസ്പരം സഹകരിക്കാനുള്ള സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി റിലയൻസ് ജിയോ ആണ്. രണ്ടാം സ്ഥാനത്ത് എയർടെലും, ഈ രണ്ട് കമ്പനികളും ഇതിനകം 5ജി വ്യാപനം രാജ്യവ്യാപകമായി ഏറെക്കുറേ പൂർത്തിയാക്കിക്കഴിഞ്ഞു. അതേസമയം മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വിഐക്ക് ചിലയിടങ്ങളിൽ 5ജി ആരംഭിക്കാൻ കഴിഞ്ഞെങ്കിലും വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അത് പര്യാപ്തമല്ല.
വിഐ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് അതിന്റെ 5ജി വ്യാപനം വൈകുന്നതിന്റെ മുഖ്യ കാരണം. മറുഭാഗത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിനാകട്ടെ ഇതുവരെ 4ജി വ്യാപനം പോലും രാജ്യവ്യാപകമായി മികച്ച രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഒരുലക്ഷത്തോളം 4ജി ടവറുകൾ മാത്രമാണ് ബിഎസ്എൻഎല്ലിന് ഇന്ത്യയിലുള്ളത്. ഈ വർഷം ജനുവരിയിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ 5ജി വ്യാപനം ആരംഭിക്കും എന്ന് ബിഎസ്എൻഎൽ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിലും അനക്കമില്ല.
ഇങ്ങനെ പലവിധ കാരണങ്ങളാൽ ജിയോയ്ക്കും എയർടെലിനും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്ന വിഐയും ബിഎസ്എൻഎല്ലും പരസ്പരം സഹകരിക്കുന്നത് ഇരു കമ്പനികളുടെയും നിലനിൽപ്പിന് ഗുണകരമാകും എന്ന് കരുതപ്പെടുന്നു. ഈ രണ്ട് കമ്പനികളും തമ്മിൽ ഇൻഫ്രാസ്ട്രക്ചർ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷങ്ങളിൽ ചില ചർച്ചകൾ നടന്നെങ്കിലും ഒന്നും പ്രാബല്യത്തിൽ വന്നില്ല.
എന്നാൽ ഇത്തവണ കാര്യങ്ങളിൽ കുറച്ചുകൂടി പുരോഗതി ഉണ്ടായിട്ടുണ്ട്. 5G സി.എൻ.പി.എൻ (Captive Non-Public Networks), സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഐ.ഒ.ടി (Internet of Things), ഡിജിറ്റൽ പൊതുസേവനങ്ങൾ, കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക് എന്നിവയിൽ വിഐ- ബിഎസ്എൻഎൽ സഹകരണം സാധ്യമാകുമോയെന്ന് ടെലിക്കോം മന്ത്രാലയം പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ഇരു കമ്പനികളും സഹകരിക്കാവുന്ന മേഖലകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്തിമ വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ചകൾ പൂർത്തിയായിട്ടില്ലെന്ന് ടെലിക്കോം മന്ത്രാലയം പറയുന്നു. ഈ സഹകരണം യാഥാർഥ്യമായാൽ സ്വന്തമായി വൻതോതിൽ മൂലധന നിക്ഷേപം (Capex) നടത്താതെ തന്നെ ബിഎസ്എൻഎല്ലിന്റെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പുതിയ പ്രദേശങ്ങളിലേക്ക് സേവനം വേഗത്തിൽ എത്തിക്കാൻ വിഐക്ക് സാധിക്കും.
വിഐ വൻ തുക കുടിശിക നൽകാനുണ്ടായിരുന്നതിനെത്തുടർന്ന് കമ്പനിയുടെ ഓഹരിയിൽ നല്ലൊരു ശതമാനം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പക്കലാണ്. അതിനാൽത്തന്നെ വിഐ- ബിഎസ്എൻഎൽ സഹകരണം യാഥാർഥ്യമാക്കാൻ സർക്കാരിന് മുന്നിൽ സാധ്യതകൾ നിരവധിയുണ്ട്. എങ്കിലും ഈ സഹകരണം യാഥാർഥ്യമാകുമോ, അതോ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദങ്ങളെ തുടർന്ന് ഈ സാധ്യതകൾ പരിഗണിക്കുന്നത് ഉപേക്ഷിക്കപ്പെടുമോ എന്നൊക്കെയുള്ളത് കണ്ടറിയണം.
English Summary
State-owned telecom company BSNL and private telecom company Vodafone Idea (VI) are considering sharing 4G and 5G networks. The possibility of VI and BSNL cooperation has been mentioned in the information provided by the Ministry of Telecom (DoT) to the Parliamentary Committee on Communications and Information Technology.