UAE Weather Forecast: ചൂട് 50 ഡിഗ്രി കടന്നു; യു.എ.ഇയിൽ അടുത്ത നാല് ദിവസം മഴയ്ക്ക് സാധ്യത
UAE Expects Four Days of Rain After Sizzling 50.2°C High: സുഹൈൽ നക്ഷത്രം ദിവസങ്ങൾക്കകം യു.എ.ഇയുടെ ആകാശത്ത് തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കഠിനമായ ചൂടിൻ്റെ അവസാനത്തിനായി കാത്തിരിക്കുകയാണ് യു.എ.ഇ നിവാസികൾ. ഈ വർഷം ഓഗസ്റ്റ് 24-ന് നക്ഷത്രം ഉദികുമെന്നാണ് പ്രവചനം, തണുപ്പുള്ള കാലാവസ്ഥയിലേക്കുള്ള മാറ്റത്തെയാണ് സുഹൈൽ നക്ഷത്രത്തിൻ്റെ വരവ് സൂചിപ്പിക്കുന്നത്

പ്രതീകാത്മക ചിത്രം
അബുദാബി: യു.എ.ഇയിൽ കനത്ത ചൂടിന് പിന്നാലെ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. അൽ ഐനിലെ സ്വൈഹാനിൽ ഉച്ചയ്ക്ക് 2.30-ന് 50.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ സീസണിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. എന്നാൽ ഈ കടുത്ത ചൂടിന് പിന്നാലെ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഞായറാഴ്ച: വടക്കൻ മേഖലകളിലും, കിഴക്കൻ മേഖലകളിലും ആകാശം മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെയായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു..
തിങ്കളാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റിനും സാധ്യത സാധ്യതയുണ്ട്. രാത്രിയിൽ തീരദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ: ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ ശക്തിപ്പെടുകയും മഴ ലഭിക്കുകയും ചെയ്തേക്കാം. രാത്രിയിലും പുലർച്ചെയും ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടും. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. ശനിയാഴ്ച കനത്ത ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ഞായർ മുതൽ ബുധൻ വരെ തുടർച്ചയായി നാല് ദിവസം മഴയ്ക്ക് സാധ്യത പ്രവചിച്ചതോടെ യു.എ.ഇയിലെ കാലാവസ്ഥയിൽ പ്രകടമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.
സുഹൈൽ നക്ഷത്രം ദിവസങ്ങൾക്കകം യു.എ.ഇയുടെ ആകാശത്ത് തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കഠിനമായ ചൂടിൻ്റെ അവസാനത്തിനായി കാത്തിരിക്കുകയാണ് യു.എ.ഇ നിവാസികൾ. ഈ വർഷം ഓഗസ്റ്റ് 24-ന് നക്ഷത്രം ഉദികുമെന്നാണ് പ്രവചനം, തണുപ്പുള്ള കാലാവസ്ഥയിലേക്കുള്ള മാറ്റത്തെയാണ് സുഹൈൽ നക്ഷത്രത്തിൻ്റെ വരവ് സൂചിപ്പിക്കുന്നത്. എന്നാൽ ഒറ്റയടിക്ക് കാലാവസ്ഥയിൽ മാറ്റമുണ്ടാകില്ല എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പാറയുന്നു. താപനില ക്രമേണ കുറയുമെങ്കിലും, അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
English Summary
After temperatures breached the 50°C mark in the UAE, the National Meteorological Centre has forecast four consecutive days of rain from Sunday. As residents endure the extreme summer heat, the upcoming appearance of the Suhail star on August 24 promises a gradual transition to cooler, albeit more humid, weather.