ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
India Iran Ties Gain Momentum Ahead of Pezeshkian Visit for BRICS: ഇന്ത്യയുമായി സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ബഗായ് പറഞ്ഞു. ബഗായിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ എംബസി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു.

നരേന്ദ്ര മോദി, മസൂദ് പെസെഷ്‌കിയാന്‍
ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം ശക്തവും ആഴത്തിലുള്ളതുമാണെന്ന് ഇറാന്‍. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ പരാമര്‍ശം. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പെസെഷ്‌കിയാന്‍ ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും തന്ത്രപരമായ സഹകരണവും കൂടുതല്‍ ആഴത്തിലാക്കുന്നതിന് സന്ദര്‍ശനം സഹായിക്കുമെന്ന് ഇറാന്‍ പ്രതീക്ഷ പങ്കുവെച്ചു.
ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുമായുള്ള ദീര്‍ഘകാല ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടത്. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ വെച്ച് നടന്ന ഷാങ്ഹായി സഹകരണ സംഘടന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പെസെഷ്‌കിയാന്‍ കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ബഗായ് പരാമര്‍ശിച്ചു.
ഇന്ത്യയുമായി സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ബഗായ് പറഞ്ഞു. ബഗായിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ എംബസി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു.
പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ ഒന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഉള്ളതായിരുന്നു. ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം ദീര്‍ഘകാലവും ചരിത്രപരവും ശക്തവുമാണ്. ഇന്ത്യയുമായുള്ള ബന്ധത്തിന് തങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ബ്രിക്‌സ് ഉച്ചകോടി
സെപ്റ്റംബര്‍ 12-13 തീയതികളിലാണ് ന്യൂഡല്‍ഹിയില്‍ വെച്ച് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. മസൂദ് പെസെഷ്‌കിയാന്റെ രാജ്യത്തേക്കുള്ള വരവ് ബഹുമുഖ നയതന്ത്ര ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പരസ്പര താത്പര്യമുള്ള മേഖലകളില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും തുടരുന്നതിന് ബ്രിക്‌സ് ഉച്ചകോടി അവസരം നല്‍കുമെന്നും അത് തങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും ബഗായ് പറഞ്ഞു.
Also Read: ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്; വ്യക്തമാക്കി പ്രതിനിധി
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ചര്‍ച്ചയാകും
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പെസെഷ്‌കിയാന്റെ ഇന്ത്യാ സന്ദര്‍ശനം. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പ്രാദേശിക സ്ഥിരതയ്ക്കും വാണിജ്യ ഗതാഗതത്തിനും സമുദ്ര ഗതാഗതത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍. സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം കടല്‍ ഗതാഗതത്തിന്റെയും വാണിജ്യത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തില്‍ വ്യാപാരം, സാമ്പത്തിക സഹകരണം, കണക്റ്റിവിറ്റി, ചാബഹാര്‍ തുറമുഖം തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം പശ്ചിമേഷ്യയിലെ സാഹചര്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
English Summary
India and Iran are set to strengthen their historic ties as Iranian President Masoud Pezeshkian visits India for the BRICS Summit. Trade, connectivity and Chabahar Port cooperation are expected to be key topics.