Iran Attack: അമേരിക്കൻ എഫ്-16ന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ; നിഷേധിച്ച് യുഎസ്
US F-16 Fighter Jet Targeted by Iranian Missile Iran Claims: വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്നാണ് ഇറാന് സൈന്യത്തിന്റെ വിശദീകരണം. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം പേര്‍ഷ്യന്‍ ഗള്ഫിന് മുകളിലൂടെ പറന്ന അമേരിക്കന്‍ എഫ്-16 വിമാനം കണ്ടെത്തി പിന്തുടര്ന്നെന്നും തുടര്‍ന്ന് മിസൈല്‍ തൊടുത്തുവിട്ടെന്നുമാണ് അവകാശവാദം.

യുദ്ധവിമാനം
ടെഹ്റാന്: അമേരിക്കന്‍ എഫ്-16 യുദ്ധവിമാനത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാന്റെ അവകാശവാദം. ഇതേതുടര്‍ന്ന വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നെന്നും ഇറാന് അറിയിച്ചു. പേര്‍ഷ്യന്‍ ഗള്ഫിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന് സൈന്യം പറയുന്നത്. എന്നാല്‍ ഈ അവകാശവാദം തള്ളിയ അമേരിക്കന്‍ സൈന്യം, മേഖലയിലെ എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്ന് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്നാണ് ഇറാന് സൈന്യത്തിന്റെ വിശദീകരണം. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം പേര്‍ഷ്യന്‍ ഗള്ഫിന് മുകളിലൂടെ പറന്ന അമേരിക്കന്‍ എഫ്-16 വിമാനം കണ്ടെത്തി പിന്തുടര്ന്നെന്നും തുടര്‍ന്ന് മിസൈല്‍ തൊടുത്തുവിട്ടെന്നുമാണ് അവകാശവാദം. വിമാനം ലക്ഷ്യമാക്കി തൊടുത്ത മിസൈല്‍ സമീപത്ത് പൊട്ടിത്തെറിച്ചതോടെ കേടുപാടുകള്‍ സംഭവിച്ചെന്നും പൈലറ്റിന് ദൗത്യം അവസാനിപ്പിച്ച് മേഖലയിലെ സമീപത്തുള്ള വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നെന്നും ഇറാന് അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിമാണ് സൈന്യത്തിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക
ഇറാന്റെ ആരോപണം പൂര്‍ണമായും തെറ്റാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) പ്രതികരിച്ചു. ഇറാന് അമേരിക്കയുടെ എഫ്-16 യുദ്ധവിമാനത്തെ ആക്രമിച്ചിട്ടില്ലെന്നും മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അമേരിക്കന്‍ യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നും കമാന്‍ഡ് വ്യക്തമാക്കി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) അമേരിക്കന്‍ വിമാനത്തിന് കേടുപാടുകള്‍ വരുത്തിയെന്ന അവകാശവാദം തെറ്റാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
Also Read: Iran War: കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; തിരിച്ചടിച്ച് അമേരിക്ക, ഗൾഫിൽ യുദ്ധഭീതി
അമേരിക്കന്‍ ഡ്രോണ്‍ തകര്‍ത്തു
ഇതിനിടെ അമേരിക്കയുടെ എംക്യു-9 റീപ്പര്‍ ഡ്രോണ്‍ തകര്‍ത്തതായും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണിനെ പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് കണ്ടെത്തി ആക്രമിച്ചെന്നാണ് വിശദീകരണം. ഇതോടെ യുദ്ധത്തിനിടെ തങ്ങള്‍ തകര്‍ത്ത അമേരിക്കന്‍ ഡ്രോണുകളുടെ എണ്ണം 58 ആയെന്നും ഇറാന് അവകാശപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ അവകാശവാദങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എഫ്-16 വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന ഇറാന്റെ വാദത്തിന് സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല. അമേരിക്കന്‍ സൈന്യം ഇത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
English Summary
Iran claims it struck a US F-16 fighter jet with a missile, forcing the aircraft to make an emergency landing. However, the US Central Command has denied the claim, stating that all American military aircraft in the Middle East are safe.