പോക്കറ്റ് കാലിയാകാതെ ആഘോഷിക്കാം യു.എ.ഇ ദേശീയ ദിനം; ദുബായിൽ സൗജന്യമായി പങ്കെടുക്കാവുന്ന പരിപാടികൾ അറിയാം!
Dubai Eid Al Etihad 2026 Guide: 11 Days of Free Family Activities: നവംബർ 26 മുതൽ ഡിസംബർ 6 വരെ 11 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് സംഘടിപ്പിക്കുന്നത്. പ്രവാസി കുടുംബങ്ങൾക്കും സന്ദർശകർക്കും പോക്കറ്റ് കാലിയാകാതെ നിരവധി സൗജന്യ സംഗീതനിശകൾ, ഡ്രോൺ ഷോകൾ, പരമ്പരാഗത കലാപരിപാടികൾ എന്നിവ ആസ്വദിക്കാം
ദുബായ്: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷിക്കാൻ ഒരുങ്ങി ദുബായ്. നവംബർ 26 മുതൽ ഡിസംബർ 6 വരെ 11 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റ് സംഘടിപ്പിക്കുന്നത്. പ്രവാസി കുടുംബങ്ങൾക്കും സന്ദർശകർക്കും പോക്കറ്റ് കാലിയാകാതെ ആസ്വദിക്കാവുന്ന നിരവധി സൗജന്യ സംഗീതനിശകൾ, ഡ്രോൺ ഷോകൾ, പരമ്പരാഗത കലാപരിപാടികൾ, കുടുംബങ്ങൾക്കുള്ള വിനോദങ്ങൾ, വൻ വിലക്കിഴിവുള്ള ഷോപ്പിംഗ് മേളകൾ, പ്രത്യേക ഭക്ഷണാനുഭവങ്ങൾ എന്നിവയാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്.
കുടുംബസമേതം സൗജന്യമായി ആസ്വദിക്കാൻ കഴിയുന്ന വിസ്മയക്കാഴ്ചകളാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ഡിസംബർ 2, 3 തീയതികളിൽ ബ്ലൂവാട്ടേഴ്‌സ് ഐലൻഡ്, ദി ബീച്ച് ജെ.ബി.ആർ എന്നീ കേന്ദ്രങ്ങളിൽ ‘ഈദ് അൽ ഇത്തിഹാദ് ലൈറ്റ് ഷോ’ നടക്കും. രാത്രി 8 മണിക്കും 10 മണിക്കും 1,600 ഡ്രോണുകൾ ആകാശത്ത് യു.എ.ഇ പതാകയും ദേശീയ ചിഹ്നങ്ങളും രാജ്യത്തിൻ്റെ പെരുമ വിളിച്ചോതുന്ന ദൃശ്യങ്ങളും വിരിയിക്കും.
നവംബർ 29-ന് വൈകുന്നേരം 4.15 മുതൽ 5.15 വരെ കൈറ്റ് ബീച്ചിൽ യു.എ.ഇ വ്യോമസേനയുടെ ‘ഫുർസാൻ അൽ ഇമാറാത്ത്’ എയർ ഷോ സൗജന്യമായി കാണാൻ അവസരമുണ്ട്. ഡിസംബർ 1, 2, 3 തീയതികളിൽ വൈകുന്നേരം 6.45 മുതൽ ഓരോ മണിക്കൂറിലും ബുർജ് ഖലീഫയിൽ പ്രത്യേക ദേശീയ ദിന പ്രൊജക്ഷൻ ഷോ ഉണ്ടാകും. ദുബായ് ഫൗണ്ടനിൽ വൈകുന്നേരം 5.30 മുതൽ രാത്രി 11 വരെ അരമണിക്കൂർ ഇടവിട്ട് നടക്കുന്ന ഓരോ ഷോയ്ക്ക് മുൻപും യുഎഇ പതാക തെളിയും.
ഡിസംബർ 2-ന് വൈകുന്നേരം 6 മുതൽ 7 വരെ ദുബായ് ഫ്രെയിം യു.എ.ഇ പതാകയുടെ നിറങ്ങളിൽ തിളങ്ങും. ഡിസംബർ 1 മുതൽ 4 വരെ രാത്രി 8 മണിക്ക് ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ യു.എ.ഇയുടെ വളർച്ചയുടെ ചരിത്രം പറയുന്ന പ്രൊജക്ഷൻ ഷോയും കാണാം.
ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ ഡിസംബർ 1-ന് പ്രശസ്ത ഗായിക ബൽകീസും ഡിസംബർ 2-ന് മുഹമ്മദ് അൽ ഷെഹിയും സംഗീതനിശ അവതരിപ്പിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി പാസുകൾ ലഭിക്കും. ഡിസംബർ 2, 3 തീയതികളിൽ ഹത്ത വാദി ഹബ്ബിൽ വിൻ്റർ ഫെസ്റ്റിവലിൻ്റെ പ്രത്യേക ഈദ് അൽ ഇത്തിഹാദ് പതിപ്പ് നടക്കും.
English Summary
Dubai marks the 55th Eid Al Etihad (Nov 26–Dec 6) with free drone shows, concerts, family activities, Dh30 Global Village entry, and up to 75% shopping discounts.