ഖാലിസ്ഥാൻ തീവ്രവാദിയെ വധിക്കാൻ ഗൂഡാലോചന; ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് അമേരിക്കയിൽ 19 വർഷം തടവ്
Pannun Murder Plot Indian National Nikhil Gupta Sentenced to 19 Years: യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇരട്ട പൗരത്വമുള്ള ഇന്ത്യൻ വംശജനായ പന്നൂനെ ന്യൂയോർക്കിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഈ വർഷം ആദ്യം നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം ഗൂഢാലോചനയിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്
ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വെച്ച് വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കിയെന്ന കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക് 19 വർഷവും ഏഴ് മാസവും തടവുശിക്ഷ വിധിച്ചു. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് വെള്ളിയാഴ്ച 80 മിനിറ്റ് നീണ്ട വാദത്തിന് ശേഷം 55-കാരനായ നിഖിൽ ഗുപ്തയ്ക്ക് 235 മാസം തടവ് വിധിച്ചത്. ഇന്ത്യൻ നിയമപ്രകാരം ഭീകരനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയാണ് പന്നൂൻ; ഇയാളുടെ സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്.
യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇരട്ട പൗരത്വമുള്ള ഇന്ത്യൻ വംശജനായ പന്നൂനെ ന്യൂയോർക്കിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഈ വർഷം ആദ്യം നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം ഗൂഢാലോചനയിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
എന്തായിരുന്നു ഗൂഢാലോചന?
ഇന്ത്യൻ സർക്കാർ ജീവനക്കാരനായിരുന്ന വികാസ് യാദവ് എന്നയാളാണ് 2023 മേയിൽ പന്നൂനെ കൊല്ലാൻ വാടകക്കൊലയാളിയെ കണ്ടെത്തുന്നതിനായി നിഖിൽ ഗുപ്തയെ നിയോഗിച്ചത് എന്നാണ് യു.എസ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ ഉൾപ്പെടുന്ന കാബിനറ്റ് സെക്രട്ടേറിയറ്റിലെ ജീവനക്കാരനായിരുന്നു വികാസ് യാദവ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. യാദവിൻ്റെ നിർദ്ദേശപ്രകാരം ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്ന് കരുതി ഗുപ്ത ബന്ധപ്പെട്ടത് അമേരിക്കൻ ലഹരിവിരുദ്ധ ഏജൻസിയായ ഡി.ഇ.എയ്ക്ക് രഹസ്യവിവരങ്ങൾ നൽകുന്ന വ്യക്തിയെയായിരുന്നു. ഇയാൾ പിന്നീട് വാടകക്കൊലയാളി എന്ന വ്യാജേന ഒരു അണ്ടർകവർ ഡി.ഇ.എ ഉദ്യോഗസ്ഥനെ ഗുപ്തയ്ക്ക് പരിചയപ്പെടുത്തി
കൊലപാതകത്തിനായി ഒരു ലക്ഷം ഡോളർ നൽകാൻ യാദവ് സമ്മതിച്ചതായും, ഇതിൽ 15,000 ഡോളർ അഡ്വാൻസായി ന്യൂയോർക്കിൽ കൈമാറിയതായും പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
ഇന്ത്യയുടെ പ്രതികരണം
2023 നവംബറിൽ യുഎസ് കുറ്റപത്രം പുറത്തുവിട്ടതിന് തൊട്ടടുത്ത ദിവസം തന്നെ, ഇന്ത്യൻ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. മുൻപ് ക്രിമിനൽ പശ്ചാത്തലവുമുള്ള ഒരു വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സമിതി ശുപാർശ ചെയ്തതായി 2025 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചെങ്കിലും, അത് വികാസ് യാദവാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ ‘റോ’ മേധാവി സാമന്ത് ഗോയലിനും എതിരെ പന്നൂൻ നൽകിയ സിവിൽ കേസ് ഇന്ത്യ തള്ളി
English Summary
Indian national Nikhil Gupta received a 19-year, seven-month US prison sentence for plotting Gurpatwant Singh Pannun’s murder, while India rejected Pannun’s civil lawsuit against NSA Ajit Doval.