Nepal Flash Floods: 133 ഇന്ത്യക്കാര്‍ കാണാമറയത്ത്; നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ മരണം 157 കടന്നു
157 Killed in Nepal Floods as Search Continues for 133 Missing Indian Pilgrims: നേപ്പാള്‍ ടൂറിസം മന്ത്രാലയം നല്‍കുന്ന വിവരങ്ങളനുസരിച്ച് പ്രളയമുണ്ടായ മണിക്കൂറുകള്‍ക്കുള്ളില്‍ 341 വിദേശികള്‍ ഉള്‍പ്പെടെ 403 വിനോദസഞ്ചാരികളെ കാണാതായി. ഇതില്‍ 142 ഇന്ത്യക്കാരും ഓസ്‌ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.

നേപ്പാളില്‍ നിന്നുള്ള ദൃശ്യം
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 157 പേരോളം ആളുകളാണ് ഇതുവരെ മരിച്ചത്. 750 ലധികം ആളുകളെ കാണാതായി ഇതില്‍ 133 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. കൈലാസ് മാനസരോവറിലേക്ക് എത്തിയ തീര്‍ത്ഥാടകരായ ഇന്ത്യക്കാരെയാണ് കാണാതായിരിക്കുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. 157 മൃതദേഹങ്ങള്‍ നേപ്പാള്‍ പോലീസ് ഇതുവരെ കണ്ടെടുത്തു.
നേപ്പാള്‍ ടൂറിസം മന്ത്രാലയം നല്‍കുന്ന വിവരങ്ങളനുസരിച്ച് പ്രളയമുണ്ടായ മണിക്കൂറുകള്‍ക്കുള്ളില്‍ 341 വിദേശികള്‍ ഉള്‍പ്പെടെ 403 വിനോദസഞ്ചാരികളെ കാണാതായി. ഇതില്‍ 142 ഇന്ത്യക്കാരും ഓസ്‌ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.
ചെളിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെയും മൃതദേഹങ്ങളും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. ഇന്ത്യയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വ്യോമസേന 10 ടണ്‍ ദുരിതാസ്വാസ സാമഗ്രികളും മെഡിക്കല്‍ സാമഗ്രികളും നേപ്പാളിലെത്തിച്ചു.
നിങ്ങള്‍ അനുഭവിച്ച വേദനയും നഷ്ടവും ചെറുതല്ല, എന്നാല്‍ ഈ ദുഷ്‌കരമായ സമയത്ത് നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന ഉറപ്പ് താന്‍ നല്‍കുന്നു. നമ്മള്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് അതിജീവികുമെന്ന്, തന്റെ സമൂഹമാധ്യമ പേജില്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ കുറിച്ചു.
അതേസമയം, ടിബറ്റിന്റെ അതിര്‍ത്തിയിലുള്ള റസുവ, ധാഡിങ്, നുവാക്കോട്ട് എന്നിവ ഉള്‍പ്പെടെയുള്ള ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. രാവിലെ 9 മണിയോടെ ടിബറ്റിന്റെ അതിര്‍ത്തി കടന്ന് വെള്ളം ഇരച്ചെത്തുകയായിരുന്നു. ഇതോടെ നേപ്പാളിലെ പല ഉള്‍നാടുകളും പാടെ ഇല്ലാതായി.
ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
നേപ്പാലിലെ റസുവയില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്റ്റിംസണ്‍ സെന്ററിന്റെ സഹായത്തോടെ പ്ലാനറ്റ് ലാബ്‌സില്‍ നിന്ന് പുറത്തിറക്കിയതാണ് ഈ ദൃശ്യങ്ങള്‍. പ്രളയത്തിന് മുമ്പും ശേഷവുമുള്ള സ്ഥിതിഗതികളില്‍ നിന്ന് വ്യക്തമാകുന്നു. സ്യാഫ്രുബേസി മുതല്‍ ദേവിഘട്ട് വരെയുള്ള പ്രദേശങ്ങള്‍ വെള്ളപ്പൊക്കം മൂടി.
ദേവിഘട്ട്, ബെത്രാവതി, ഹാകുബേസി, സ്യാഫ്രുബേസി എന്നീ നാല് സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപഗ്രഹം പകര്‍ത്തിയത്. ഭോട്ടെ കോശി നദിയിലെ ജലം പ്രദേശത്തെ മണ്ണ് ഒഴുക്കിക്കൊണ്ട് പോയതായും ഇവിടങ്ങളിലെല്ലാം വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കാരും ജാഗ്രതയില്‍
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഇന്ത്യയിലും കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാത്തി. പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നത് ബിഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കുമാണ്. ഇവിടുത്തെ സ്ഥിതിഗതികള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബിഹാറിലെ ഗണ്ഡക് നദിതീരത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
English Summary
Flash floods in Nepal have claimed 157 lives, while 133 Indian pilgrims have been reported missing. Rescue teams are continuing search operations in the affected areas as authorities assess the scale of the disaster.