8th Pay Commission: പ്രൊമോഷൻ കിട്ടിയാലും ശമ്പളത്തിൽ മാറ്റമില്ലേ? ശമ്പള കമ്മീഷനിൽ പ്രതീക്ഷയർപ്പിച്ച് ജീവനക്കാർ
8th Pay Commission, Pay Fixation Issue After MACP: അടിസ്ഥാന ശമ്പളം, പെൻഷൻ, ഡിഎ, കുടുംബയൂണിറ്റ് തുടങ്ങിയവയിലെ ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇവയിൽ എന്ത് തീരുമാനമാകും എടുക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ. ഇപ്പോഴിതാ, പ്രൊമോഷന് ശേഷമുള്ള ശമ്പള നിർണ്ണയത്തിൽ കേന്ദ്ര സർക്കാർ നിർണ്ണായക തീരുമാനം എടുത്തിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അടിസ്ഥാന ശമ്പളം, പെൻഷൻ, ഡിഎ, കുടുംബയൂണിറ്റ് തുടങ്ങിയവയിലെ ആവശ്യങ്ങൾ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇവയിൽ എന്ത് തീരുമാനമാകും എടുക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ. ഇപ്പോഴിതാ, പ്രൊമോഷന് ശേഷമുള്ള ശമ്പള നിർണ്ണയത്തിൽ കേന്ദ്ര സർക്കാർ നിർണ്ണായക തീരുമാനം എടുത്തിരിക്കുകയാണ്.
പ്രൊമോഷന് ശേഷമുള്ള ശമ്പള പരിഷ്കരണം
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന പ്രൊമോഷന് ശേഷമുള്ള ശമ്പള നിർണ്ണയം സംബന്ധിച്ച വിഷയം സർക്കാർ എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടു. എംഎസിപി (MACP) ആനുകൂല്യം ലഭിച്ച ജീവനക്കാർക്ക് പിന്നീട് പ്രൊമോഷൻ ലഭിക്കുമ്പോൾ അധിക ശമ്പള വർദ്ധനവ് നൽകണമെന്ന ആവശ്യത്തിലാണ് കേന്ദ്രം ഇപ്പോൾ നിർണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. വലിയ നയപരമായ മാറ്റം ആവശ്യമുള്ള വിഷയമായതിനാൽ ഇതിൽ അന്തിമ തീരുമാനം എടുക്കുന്നത് എട്ടാം ശമ്പള കമ്മീഷനായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ കൗൺസിലിന്റെ (ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി/ ജെസിഎം) 49-ാമത് യോഗത്തിലാണ് ഈ തീരുമാനം രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച യോഗവിവരങ്ങൾ ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് (DoPT) ഒഫീഷ്യൽ മെമ്മോറാണ്ടം വഴി പുറത്തുവിട്ടു. നിലവിലെ നിയമങ്ങൾ കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളോ സാങ്കേതിക തടസ്സങ്ങളോ നേരിടുന്ന പ്രത്യേക കേസുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: ഡിഎ ഫോർമുലയിൽ മാറ്റം; ഇത് ക്ഷാമബത്ത കൂട്ടുമോ കുറയ്ക്കുമോ?
ജീവനക്കാരുടെ ആവശ്യം എന്ത്?
നിലവിലെ നിയമം അനുസരിച്ച്, ഒരു ജീവനക്കാരന് ഉയർന്ന ഉത്തരവാദിത്തങ്ങളുള്ള പദവിയിലേക്ക് പ്രൊമോഷൻ ലഭിക്കുമ്പോൾ അടിസ്ഥാന നിയമം അനുസരിച്ച് അധിക സാമ്പത്തിക ആനുകൂല്യം ലഭിക്കാറുണ്ട്. എന്നാൽ, ഒരു ജീവനക്കാരന് പ്രൊമോഷന് മുൻപ് തന്നെ എംഎസിപി വഴി ഉയർന്ന ശമ്പള സ്കെയിൽ ലഭിച്ചിട്ടുണ്ടെങ്കിൽ, പിന്നീട് ഇതേ ശമ്പള ലെവലിലുള്ള പദവിയിലേക്ക് സ്ഥിര പ്രൊമോഷൻ ലഭിക്കുമ്പോൾ വീണ്ടുമൊരു ശമ്പള നിർണ്ണയ ആനുകൂല്യം നൽകില്ല.
ഇതിനെയാണ് ജീവനക്കാർ എതിർക്കുന്നത്. എംഎസിപി ഒരു തസ്തികയിൽ തുടരുമ്പോൾ ഉണ്ടാകുന്ന കരിയർ സ്തംഭനാവസ്ഥ ഒഴിവാക്കാൻ നൽകുന്നതാണെന്നും, എന്നാൽ പ്രൊമോഷൻ എന്നത് കൂടുതൽ ഉത്തരവാദിത്തങ്ങൾ വരുന്നതാണെന്നും ജീവനക്കാർ വാദിക്കുന്നു. പ്രൊമോഷൻ ലഭിക്കുമ്പോൾ അധിക സാമ്പത്തിക നേട്ടം ഇല്ലെങ്കിൽ ജീവനക്കാർ ഉയർന്ന തസ്തികകൾ ഏറ്റെടുക്കാൻ മടിക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
ഏഴാം ശമ്പള കമ്മീഷന് ശേഷം പ്രതിസന്ധി
ആറാം ശമ്പള കമ്മീഷൻ കാലത്ത് ഗ്രേഡ് പേ വ്യത്യാസപ്പെട്ടിരുന്നതിനാൽ എംഎസിപി ലഭിച്ചവർക്കും പ്രൊമോഷൻ സമയത്ത് ചെറിയ രീതിയിലെങ്കിലും സാമ്പത്തിക ലാഭം ഉണ്ടായിരുന്നു. എന്നാൽ ഏഴാം ശമ്പള കമ്മീഷൻ ‘പേ മാട്രിക്സ്’ സമ്പ്രദായം കൊണ്ടുവന്നതോടെ ഈ ആനുകൂല്യം ഇല്ലാതായി. ഒരേ പേ മാട്രിക്സ് ലെവലിൽ വരുന്നതിനാൽ പ്രൊമോഷൻ ലഭിച്ചാലും ശമ്പളത്തിൽ ഒരു രൂപ പോലും വർദ്ധിക്കാത്ത അവസ്ഥ പല ജീവനക്കാർക്കുമുണ്ട്. ഇതിനൊരു പരിഹാരമായി അധിക ഇൻക്രിമെന്റ് നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ജീവനക്കാരെ ബാധിക്കുന്നത് എങ്ങനെ?
എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോർട്ടും അതിന്മേൽ കേന്ദ്ര സർക്കാരിന്റെ അന്തിമ തീരുമാനവും വരുന്നത് വരെ പഴയ നിയമം തന്നെ തുടരും. എങ്കിലും, കേന്ദ്ര സർക്കാർ ഔദ്യോഗികമായി തന്നെ ഈ വിഷയം എട്ടാം ശമ്പള കമ്മീഷന് മുന്നിൽ എത്തിച്ചതിനാൽ, കേന്ദ്രസർക്കാർ ജീവനക്കാർ വരാനിരിക്കുന്ന ശമ്പള പരിഷ്കരണത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.
English Summary:
A long-pending demand of central government employees over salary fixation after promotion has now been officially pushed to the 8th Pay Commission. The decision was recorded during the 49th meeting of the National Council chaired by the Cabinet Secretary.