8th Pay Commission DA: ഡിഎ അടിസ്ഥാന ശമ്പളത്തോട് ചേർത്താൽ നേട്ടം കൂടും; 8ാം ശമ്പള കമ്മീഷനിൽ പുതിയ ആവശ്യം
Employees Seek 50% DA Merger Before 8th Pay Commission Salary Revision: ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘാണ് (ബിപിഎംഎസ്) ഈ ആവശ്യം എട്ടാം ശമ്പള കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചത്. നവംബര്‍ 18ന് കമ്മീഷനുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലാണ് സംഘടന നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രതിരോധ മേഖലയിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന അഖിലേന്ത്യാ സംഘടനയാണിത്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന. നിലവിലുള്ള ക്ഷാമബത്തയുടെ (ഡിഎ) 50 ശതമാനം അടിസ്ഥാന ശമ്പളത്തിലും പെന്‍ഷനിലും ലയിപ്പിച്ചശേഷം പുതിയ ശമ്പള ഘടനയും ഫിറ്റ്മെന്റ് ഫാക്ടറും നിശ്ചയിക്കണമെന്നാണ് ആവശ്യം. ഈ നിര്‍ദേശം അംഗീകരിച്ചാല്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം കണക്കാക്കുന്ന അടിസ്ഥാന തുക ഉയരും. അതുവഴി ശമ്പള പരിഷ്കരണത്തിലും വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘാണ് (ബിപിഎംഎസ്) ഈ ആവശ്യം എട്ടാം ശമ്പള കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചത്. നവംബര്‍ 18ന് കമ്മീഷനുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലാണ് സംഘടന നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രതിരോധ മേഖലയിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന അഖിലേന്ത്യാ സംഘടനയാണിത്.
ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാല്‍ എന്ത് സംഭവിക്കും?
നിലവിലുള്ള ഡിഎയുടെ പകുതി അടിസ്ഥാന ശമ്പളത്തോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതോടെ പുതിയ ഫിറ്റ്മെന്റ് ഫാക്ടര്‍ കണക്കാക്കുമ്പോള്‍ ഉയര്‍ന്ന അടിസ്ഥാന ശമ്പളം പരിഗണിക്കാന്‍ കഴിയും. ഉദാഹരണത്തിന്, ആറാം പേ ലെവലിലുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 44,900 രൂപയാണെന്ന് കരുതുക. നിലവില്‍ 63 ശതമാനമാണ് ഡിഎ. ഇതനുസരിച്ച് പ്രതിമാസം 28,287 രൂപ ക്ഷാമബത്തയായി ലഭിക്കും.
ഇതിന്റെ 50 ശതമാനമായ 14,144 രൂപ അടിസ്ഥാന ശമ്പളത്തോട് ലയിപ്പിച്ചാല്‍ പുതിയ അടിസ്ഥാന തുക ഏകദേശം 59,044 രൂപയായി ഉയരും. അതായത് നിലവിലെ അടിസ്ഥാന ശമ്പളത്തേക്കാള്‍ ഏകദേശം 31.5 ശതമാനം വര്‍ധന. ഈ ഉയര്‍ന്ന തുകയിലായിരിക്കും പിന്നീട് ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രയോഗിക്കുക. അതിനാല്‍ ഡിഎ ലയിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ പുതുക്കിയ ശമ്പളം കണക്കാക്കുന്ന രീതിയില്‍ വലിയ മാറ്റമുണ്ടാകാം.
ഫിറ്റ്മെന്റ് ഫാക്ടറിന് മുമ്പ് ഡിഎ ലയിപ്പിക്കണം
പുതിയ ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ നിലവിലെ അടിസ്ഥാന ശമ്പളത്തെ ഒരു നിശ്ചിത ഗുണകം കൊണ്ട് ഗുണിച്ചാണ് പുതുക്കിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ഇതിനെയാണ് ഫിറ്റ്മെന്റ് ഫാക്ടര്‍ എന്നു പറയുന്നത്. നിലവിലുള്ള ഡിഎയുടെ ഒരു ഭാഗം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാല്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രയോഗിക്കുന്ന തുക ഉയരും. അതിനാല്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുമെന്നാണ് സംഘടനയുടെ വാദം.
English Summary
Central government employees have demanded a 50% DA merger with basic pay before calculating the fitment factor under the 8th Pay Commission. The proposal could increase the salary calculation base and influence the expected salary revision if accepted by the government.