8th Pay Commission: അടിസ്ഥാന ശമ്പളം മാത്രമല്ല, ഡിഎയും വർധിക്കും! 8-ാം ശമ്പള കമ്മീഷൻ, പ്രതീക്ഷ വാനോളം
8th Pay Commission Salary Hike and DA Merger : അടിസ്ഥാന ശമ്പളം നിർണയിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സർവീസ് സംഘടനകളും ജീവനക്കാരുടെ യൂണിയനുകളും 3.0 മുതൽ 3.83 വരെ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. പതിനെട്ട് മാസത്തെ കാലാവധി പൂർത്തിയാക്കി, റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കും നേട്ടമുണ്ടാകുന്ന നിരവധി മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. ഒന്നാം ശമ്പള കമ്മീഷൻ മുതൽ ഏഴാം കമ്മീഷൻ വരെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും ക്ഷാമബത്തയിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.
എട്ടാം ശമ്പള കമ്മീഷൻ – എന്തെല്ലാം പ്രതീക്ഷകൾ
അടിസ്ഥാന ശമ്പളം
അടിസ്ഥാന ശമ്പളം നിർണയിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സർവീസ് സംഘടനകളും ജീവനക്കാരുടെ യൂണിയനുകളും 3.0 മുതൽ 3.83 വരെ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതുവഴി കുറഞ്ഞ അടിസ്ഥാന ശമ്പളം 54,000 മുതൽ 69,000 രൂപ വരെ ഉയരണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതിലൂടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000-ൽ നിന്ന് 18,000 രൂപയായി ഉയർന്നിരുന്നു. നിലവിലെ അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറും തമ്മിൽ ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. ലെവൽ 6 ജീവനക്കാർക്ക് നിലവിലെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. ഗ്രാസ് ശമ്പളം 67,260 രൂപയും. ഫിറ്റ്‌മെന്റ് ഫാക്ടർ 2.0 ആയാൽ, പുതിയ അടിസ്ഥാന ശമ്പളം 70,800 രൂപയാവുകയും ഗ്രാസ് ശമ്പളം 87,792 ആയി ഉയരുകയും ചെയ്യും. ലെവൽ 7 ജീവനക്കാർക്ക് നിലവിലെ അടിസ്ഥാന ശമ്പളം 44,900 രൂപയും ഗ്രാസ് ശമ്പളം 85,310 രൂപയുമാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ 2.0 ആണെങ്കിൽ പുതിയ അടിസ്ഥാന ശമ്പളം 89,800 ഉം പുതിയ ഗ്രാസ് ശമ്പളം 1,11,352 രൂപയും ആയിരിക്കും.
ALSO READ: സർക്കാർ ജീവനക്കാരുടെ ശമ്പളം 55 രൂപ! 8-ാം ശമ്പള കമ്മീഷൻ എത്തുമ്പോൾ അറിയേണ്ട ചരിത്രം
പെൻഷൻകാർക്കും നേട്ടം
ശമ്പള വർധനവിന് ആനുപാതികമായി വിരമിച്ച ജീവനക്കാരുടെ പെൻഷൻ തുകയിലും വലിയ രീതിയിലുള്ള വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. പഴയ പെൻഷൻ പദ്ധതി, ഗ്രാറ്റുവിറ്റി, പെൻഷൻ, ലീവ് എൻകാഷ്‌മെന്റ്, പെൻഷൻ കമ്മ്യൂട്ടേഷൻ തുടങ്ങി നിരവധി ആവശ്യങ്ങളാണ് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി സമർപ്പിച്ചിട്ടുള്ളത്.
ഡിഎ ലയിപ്പിക്കുമോ?
എട്ടാം ശമ്പള പരിഷ്കരണത്തിൽ, നിലവിലുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിലേക്ക് ലയിപ്പിച്ച്, പൂജ്യത്തിൽ നിന്ന് (0%) പുതിയ ഡിഎ കണക്കാക്കുന്ന രീതി തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവയുടെ നിരക്കുകൾ ഓരോ മൂന്ന് മാസത്തിലും പുനഃപരിശോധിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഡിആർ നിരക്ക് 25% കടന്നാൽ അടിസ്ഥാന പെൻഷനുമായി ലയിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നും ആവശ്യം ഉയരുന്നു. പണപ്പെരുപ്പത്തിന്റെ ആഘാതം നന്നായി കൈകാര്യം ചെയ്യാൻ ജോലി ചെയ്യുന്നവരെയും വിരമിച്ചവരെയും ഈ നടപടി സഹായിക്കുമെന്നാണ് സംഘടനയുടെ വാദം.
അടിസ്ഥാന ശമ്പളം – ചരിത്രം
- ഒന്നാം ശമ്പള കമ്മീഷൻ (1946), ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 55 രൂപ മാത്രമായിരുന്നു.
- രണ്ടാം ശമ്പള കമ്മീഷനിൽ (1959) ഇത് 80 രൂപ ആയി ഉയർത്തി.
- മൂന്നാം ശമ്പള കമ്മീഷനിൽ (1973) ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 196 രൂപ ആയി നിശ്ചയിച്ചു.
- നാലാം ശമ്പള കമ്മീഷനിൽ (1986) അടിസ്ഥാന ശമ്പളം 750 രൂപയിലേക്ക് കുതിച്ചു.
- അഞ്ചാം ശമ്പള കമ്മീഷൻ (1996) കുറഞ്ഞ അടിസ്ഥാന ശമ്പളം 2,550 രൂപ ആയി വർധിച്ചു.
- ആറാം ശമ്പള കമ്മീഷനിൽ (2006) ഇത് 7,000 രൂപയിലേക്ക് ഉയർന്നു.
- ഏഴാം ശമ്പള കമ്മീഷൻ (2016):കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി നിശ്ചയിച്ചു.
English Summary:
The fitment factor plays a crucial role in determining the basic salary under the 8th Pay Commission. Service organisations and employee unions are demanding a higher fitment factor ranging from 3.0 to 3.83. They are seeking an increase in the minimum basic salary to between Rs 54,000 and Rs 69,000, which would significantly raise the pay of central government employees.