8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാർക്ക് 24 മാസത്തെ കുടിശ്ശിക ലക്ഷങ്ങൾ; നികുതി പണി തരുമോ?
8th Pay Commission Arrears and Salary Hikes: കമ്മീഷൻ രൂപീകരിക്കുന്നതിൽ സംഭവിച്ച കാലാതാമസം, ശമ്പള പരിഷ്കരണം നീട്ടുപോകാൻ ഇടയാക്കി. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ശമ്പള പരിഷ്കരണത്തിന് അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ അത്രയും മാസത്തെ തുക കുടിശ്ശിക ഇനത്തിൽ ലഭിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള ജീവനക്കാരുടെ കാത്തിരിപ്പ് തുടരുകയാണ്. സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. അതിനനുസരിച്ച് ഈ വർഷം ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരണം. എന്നാൽ കമ്മീഷൻ രൂപീകരിക്കുന്നതിൽ സംഭവിച്ച കാലാതാമസം, ശമ്പള പരിഷ്കരണം നീട്ടുപോകാൻ ഇടയാക്കി. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ശമ്പള പരിഷ്കരണത്തിന് അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ അത്രയും മാസത്തെ തുക കുടിശ്ശിക ഇനത്തിൽ ലഭിക്കുന്നതാണ്.
24 മാസത്തെ കുടിശ്ശിക
പുതിയ ശമ്പള ഘടന 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് നടപ്പിലാക്കാൻ കാലതാമസം നേരിട്ടാൽ, മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് വലിയൊരു തുക ശമ്പള കുടിശ്ശികയായി ലഭിച്ചേക്കാം. ഏഴാം ശമ്പള കമ്മീഷൻ്റെ സമയത്തുണ്ടായ അനുഭവത്തിൽ നിന്നാണ് വലിയൊരു തുക കുടിശ്ശികയായി ലഭിക്കുമെന്ന നിഗമനത്തിൽ വിദഗ്ധർ എത്തിച്ചേരുന്നത്.
2014-ൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷൻ 2015-ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2016-ൽ മാത്രമാണ് ഇതിന് അംഗീകാരം ലഭിച്ചത്. എന്നാൽ 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കിയതിനാൽ ജീവനക്കാർക്ക് കുടിശ്ശിക ലഭിച്ചിരുന്നു. സമാനമായി, എട്ടാം ശമ്പള കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കാൻ വൈകുകയാണെങ്കിൽ ജീവനക്കാർക്ക് 18 മുതൽ 24 മാസത്തെ കുടിശ്ശിക വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്.
ALSO READ: 8-ാം ശമ്പള കമ്മീഷൻ: പെൻഷൻകാരെ ഒഴിവാക്കുമോ? പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്താൻ സമ്മർദ്ദം
നികുതി പണിതരുമോ?
ശമ്പള വർദ്ധനവിനായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ലഭിക്കുമെന്നതാണ് പ്രതീക്ഷ. എന്നാൽ, വരാനിരിക്കുന്ന ശമ്പള വർദ്ധനവിന് പുറമെ അവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്; കുടിശ്ശികയായി ലഭിക്കുന്ന വലിയ തുകയുടെ നികുതി ബാധ്യത.
സാധാരണഗതിയിൽ പല സാമ്പത്തിക വർഷങ്ങളിലായി ലഭിക്കേണ്ടിയിരുന്ന ശമ്പള വർദ്ധനവ്, കുടിശ്ശികയായി ഒറ്റത്തവണയായി ലഭിക്കുന്നതിനെ സാമ്പത്തിക ഭാഷയിൽ ‘ഇൻകം ബഞ്ചിംഗ്’ എന്നാണ് പറയുന്നത്. ഈ വലിയ തുക ലഭിക്കുന്ന സാമ്പത്തിക വർഷത്തിൽ ജീവനക്കാരൻ്റെ മൊത്തം വരുമാനം കുത്തനെ ഉയരുകയും, പലരും ഉയർന്ന ആദായനികുതി സ്ലാബിലേക്ക് മാറുകയും ചെയ്തേക്കാം. ഇത് ഉയർന്ന നികുതി അടയ്ക്കാൻ ജീവനക്കാരെ നിർബന്ധിതരാക്കും.
ആശ്വാസമായി സെക്ഷൻ 89(1)
മുൻകാല ശമ്പളം ഒരു സാമ്പത്തിക വർഷത്തിൽ ഒരുമിച്ച് ലഭിക്കുമ്പോഴുണ്ടാകുന്ന നികുതി ഭാരം കുറയ്ക്കാൻ ആദായനികുതി നിയമത്തിലെ സെക്ഷൻ 89(1) പ്രകാരം ജീവനക്കാർക്ക് ഇളവ് ലഭിക്കും. അതായത്, കുടിശ്ശിക അതാത് വർഷങ്ങളിൽ തന്നെ ലഭിച്ചിരുന്നെങ്കിൽ എത്ര നികുതി നൽകേണ്ടി വരുമായിരുന്നു എന്ന് കണക്കാക്കി, നികുതിയിലെ വ്യത്യാസം ഇളവായി ക്ലെയിം ചെയ്യാൻ ഈ നിയമം അനുവദിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സെക്ഷൻ 89(1) പ്രകാരമുള്ള നികുതി ഇളവ് ലഭിക്കാൻ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിന് മുമ്പ് ജീവനക്കാർ നിർബന്ധമായും ഫോം 10E സമർപ്പിച്ചിരിക്കണം. ഇത് നൽകിയില്ലെങ്കിൽ നികുതി ഇളവിനുള്ള അപേക്ഷ നിരസിക്കപ്പെടും.
ജീവനക്കാർ തങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൽ നിന്നോ തൊഴിലുടമയിൽ നിന്നോ വിശദമായ അരിയർ സ്റ്റേറ്റ്മെന്റ് വാങ്ങി സൂക്ഷിക്കേണ്ടതാണ്. പുതുക്കിയ ശമ്പളം, അലവൻസുകളിലെ മാറ്റങ്ങൾ, ഓരോ സാമ്പത്തിക വർഷത്തേക്കുമുള്ള കുടിശ്ശികയുടെ വ്യക്തമായ വിഭജനം എന്നിവ ഇതിൽ ഉണ്ടായിരിക്കണം. നികുതി കൃത്യമായി കണക്കാക്കാനും ഇളവുകൾ നേടാനും ഈ രേഖ അനിവാര്യമാണ്.
English Summary:
8th Pay Commission is expected to come into effect from January 1, 2026, in line with the usual practice of implementing pay revisions once every ten years. However, delays in constituting the commission have pushed back the salary revision process. According to current reports, employees may have to wait until around the middle of next year for the revised salaries to be implemented.