AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

DA Arrears: ക്ഷാമബത്ത കുടിശ്ശിക 10 % അനുവദിച്ച് ഉത്തരവ്; സർക്കാർ ജീവനക്കാർക്ക് മാർച്ചിൽ എത്ര കിട്ടും?

DA Hike For Employees and Pensioners: 13 ശതമാനം ഡിഎ കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാ​ഗമായാണ് ഈ നടപടി.

DA Arrears: ക്ഷാമബത്ത കുടിശ്ശിക 10 % അനുവദിച്ച് ഉത്തരവ്; സർക്കാർ ജീവനക്കാർക്ക് മാർച്ചിൽ എത്ര കിട്ടും?
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 20 Feb 2026 | 02:47 PM

സർക്കാർ ജീവനക്കാരുടെയും പെൻഷനകാരുടെയും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. 13 ശതമാനം ഡിഎ കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാ​ഗമായാണ് ഈ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഗവർണറുടെ പേരിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ പത്ത് ശതമാനം ഡിഎ കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ ആകെ ഡിഎ വർദ്ധനവ് 25ൽ നിന്ന് 35 ആയി ഉയർന്നു. അനുവദിച്ച ക്ഷാമബത്ത ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം കിട്ടും. എന്നാൽ ഇത് മുൻകാല പ്രാബല്യത്തോടെയല്ല.

‌ക്ഷാമബത്തയോടൊപ്പം പെൻഷൻകാർക്ക് ക്ഷാമആശ്വാസം (Dearness Relief) ഇതേ നിരക്കിൽ ഏപ്രിൽ മാസത്തെ പെൻഷനൊപ്പം ലഭ്യമാകും. പുതുക്കിയ ശമ്പള സ്കെയിലിലുള്ളവർക്ക് മാത്രമല്ല, പഴയ ശമ്പള പരിഷ്കരണ ഉത്തരവുകൾ അനുസരിച്ച് ശമ്പളം വാങ്ങുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ആനുപാതികമായ വർദ്ധനവ് ഉണ്ടാകുമെന്ന് ഉത്തരവിൽ ഉറപ്പാക്കിയിട്ടുണ്ട്.

ALSO READ: കിട്ടാനുള്ളത് ലക്ഷങ്ങൾ, ജീവനക്കാർ കാത്തിരിക്കേണ്ടത് 10 വർഷം

കൂടാതെ, സംസ്ഥാന സർക്കാർ ക്ഷാമബത്ത രീതി പിന്തുടരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ വർദ്ധനവ് ബാധകമാണ്. സാമ്പത്തിക ശേഷി കണക്കിലെടുത്ത് അതത് ബോർഡുകൾക്ക് ഇതിൽ തീരുമാനമെടുക്കാവുന്നതാണ്. അതേസമയം, കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയ സ്വന്തമായി ഡിഎ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് നേരിട്ട് ബാധകമല്ല. അവർക്ക് പ്രത്യേക ഉത്തരവുകൾ പിന്നീട് പുറത്തിറക്കുമെന്നാണ് വിവരം.

 

ജീവനക്കാരുടെ അക്കൗണ്ടിൽ എത്ര കിട്ടും?

 

പത്ത് ശതമാനം ഡിഎ ഉയർത്തുമ്പോൾ സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത ആകെ 35% ആകും. 11-ാം ശമ്പള കമ്മീഷൻ പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. നിലവിൽ അടിസ്ഥാന ശമ്പളത്തിന് 22 ശതമാനമായ 5,060 രൂപയാണ് സർക്കാർ ജീവനക്കാർക്ക് ഡിഎ ആയി ലഭിക്കുന്നത്. വർദ്ധിപ്പിച്ച 13 ശതമാനം കൂടി കണക്കിലെടുത്ത്, ക്ഷാമബത്ത 35 ശതമാനമായി വർധിക്കുമ്പോൾ ജീവനക്കാർക്ക് മാർച്ചിൽ ലഭിക്കേണ്ട ഡിഎ 8,050 രൂപയാണ്.

അതുപോലെ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 1,66,800 രൂപയാണ്. നിലവിൽ 22 % ഡിഎ പ്രകാരം  ഇവർക്ക് ലഭിക്കുന്ന ക്ഷാമബത്ത 36,696 രൂപയാണ്. എന്നാൽ ഡിഎ 35 ശതമാനമായാൽ സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങിക്കുന്ന ജീവനക്കാർക്കുള്ള ക്ഷാമബത്ത 58,380 രൂപയായി ഉയരും.