DA Arrears: കിട്ടാനുള്ളത് ലക്ഷങ്ങൾ, ജീവനക്കാർ കാത്തിരിക്കേണ്ടത് 10 വർഷം
Kerala Government Employees DA Arrears: കണക്കുകൾ പ്രകാരം ആകെ 286 മാസത്തെ കുടിശികയാണ് വിതരണം ചെയ്യാനുള്ളത്. വിവിധ കാലയളവുകളിലായി അനുവദിച്ചതും അനുവദിക്കാനിരിക്കുന്നതുമായ 9 ഗഡുക്കളുടെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും പന്ത്രണ്ടാം ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതിനിടെ ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിച്ച് കൊണ്ട് ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതോടെ ക്ഷാമബത്ത 22 ശതമാനത്തിൽ നിന്ന് 25 ആയി വർദ്ധിച്ചു.
കഴിഞ്ഞ ബജറ്റിൽ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക മുഴുവൻ നൽകുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ശതമാനം ഡിഎ അനുവദിച്ചത്. എന്നാൽ കണക്കുകളിൽ പിന്നെയും അവ്യക്തത തുടരുകയാണ്. ബജറ്റ് പ്രഖ്യാപനം അനുസരിച്ച് കുടിശിക കൊടുത്ത് തീർക്കണമെങ്കിൽ കുറഞ്ഞത് പത്ത് വർഷമെങ്കിലും വേണ്ടി വരും.
കണക്കുകൾ പ്രകാരം ആകെ 286 മാസത്തെ കുടിശികയാണ് വിതരണം ചെയ്യാനുള്ളത്. വിവിധ കാലയളവുകളിലായി അനുവദിച്ചതും അനുവദിക്കാനിരിക്കുന്നതുമായ 9 ഗഡുക്കളുടെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. 2021 ജനുവരി മുതലുള്ള വിവിധ ഗഡുക്കൾ ചേർത്താൽ ആകെ 286 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നൽകാനുള്ളത്.
ഇതിൽ 2023 ജൂലൈ വരെയുള്ള 3 ശതമാനം ഡിഎ മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. മറ്റ് വർഷങ്ങളിലെ തുകയിൽ വ്യക്തത വന്നിട്ടില്ല. കുടിശിക വിതരണത്തിലെ തീരുമാനം വൈകുംതോറും ജീവനക്കാർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. 2023 ജൂലൈ മുതൽ 2026 ഫെബ്രുവരി വരെയുള്ള 31 മാസത്തെ കുടിശിക മാത്രം കണക്കാക്കിയാൽ തന്നെ ലക്ഷങ്ങളാണ് ജീവനക്കാർക്ക് കിട്ടാനുള്ളത്.
ALSO READ: ജീവനക്കാരുടെ ശമ്പളം എപ്പോൾ കൂടും? കുടിശ്ശികയിലും സംശയം വേണ്ട!
പതിനൊന്നാം ശമ്പളപരിഷ്കരണം അനുസരിച്ച് ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയും ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്. ഇതിൽ 31 മാസത്തെ കണക്കെടുത്താൽ ഏറ്റവും താഴ്ന്ന ശമ്പള സ്കെയിലിലുള്ള ജീവനക്കാർക്ക് 21,390 രൂപയാണ് കിട്ടാനുള്ളത്.
S2 ജീവനക്കാർക്ക് 22,041 രൂപ, S3 ജീവനക്കാർക്ക് 22692 രൂപ, S4 ജീവനക്കാർക്ക് 23343 രൂപ എന്നിങ്ങനെ കിട്ടാനുള്ള തുകയുടെ വലിപ്പവും ഉയരും. ഏറ്റവും ഉയർന്ന ശമ്പളസ്കെയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയാണ്. മൂന്ന് ശതമാനം ഡിഎ അനുസരിച്ച് 31 മാസത്തെ കണക്കിൽ അവർക്ക് നഷ്ടമായത് 120,249 രൂപയാണ്.