Priya Nair: എച്ച്‍യുഎല്ലിന്റെ തലപ്പത്ത് ആദ്യമായൊരു വനിത, പിന്നാലെ ഓഹരികളിൽ കുതിപ്പ്; ആരാണീ പാലക്കാട്ടുകാരി
Who is Priya Nair: കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി പ്രിയ ഓഗസ്റ്റ് 1 മുതല്‍ നിയമിതയാകുമെന്ന് എച്ച്‌യുഎല്‍ അറിയിച്ചു. നിലവില്‍ യൂണിലിവറിൽ ബ്യൂട്ടി & വെൽബീയിംഗ് പ്രസിഡന്റായാണ് അവർ സേവനമനുഷ്ഠിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്‌യുഎല്‍) തലപ്പത്ത് ആദ്യമായൊരു വനിത. 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതയെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും മാനേജിംഗ് ഡയറക്ടറായും നിയമിക്കുന്നത്.
പാലക്കാട് സ്വദേശി കൂടിയായ പ്രിയ നായരാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2025 ജൂലൈ 31-ന് രോഹിത് ജാവ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി പ്രിയ ഓഗസ്റ്റ് 1 മുതല്‍ നിയമിതയാകുമെന്ന് എച്ച്‌യുഎല്‍ അറിയിച്ചു. നിലവില്‍ യൂണിലിവറിൽ ബ്യൂട്ടി & വെൽബീയിംഗ് പ്രസിഡന്റായാണ് അവർ സേവനമനുഷ്ഠിക്കുന്നത്.
യൂണിലിവറിൽ 30 വർഷം
1995 ൽ എച്ച്‌യുഎല്ലിൽ ചേർന്ന പ്രിയ നായർ ഹോം കെയർ, ബ്യൂട്ടി, പേഴ്‌സണൽ കെയർ എന്നീ മേഖലകളിൽ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ഡോവ്, റിൻ, കംഫർട്ട് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ കൺസ്യൂമർ ഇൻസൈറ്റ്സ് മാനേജർ, ബ്രാൻഡ് മാനേജർ എന്നിവയായിട്ടായിരുന്നു ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. വർഷങ്ങളായി, ലോൺഡ്രി ബിസിനസിന്റെ മാർക്കറ്റിംഗ് നയിക്കുകയും ഓറൽ കെയർ, ഡിയോഡറന്റുകൾ, ഉപഭോക്തൃ വികസനം എന്നിവ കൈകാര്യം ചെയ്യുകയും ചെയ്തു.
പിന്നീട് ഹോംകെയറിന്റെയും ദക്ഷിണേഷ്യയിലെ ബ്യൂട്ടി & പേഴ്‌സണൽ കെയറിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടറായും സിസിവിപിയായും പ്രവർത്തിച്ചു. 2022-ൽ, യൂണിലിവറിന്റെ ബ്യൂട്ടി & വെൽബീയിംഗ് യൂണിറ്റിന്റെ ഗ്ലോബൽ ചീഫ് മാർക്കറ്റിംഗ് ഓഫീസറായി അവർ നിയമിതയായി, 2023-ൽ ഡിവിഷന്റെ പ്രസിഡന്റായി.
വിദ്യാഭ്യാസ പശ്ചാത്തലം
സിഡെൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് അക്കൗണ്ട്‌സ് & സ്റ്റാറ്റിസ്റ്റിക്സിൽ ബികോം പൂർത്തിയാക്കിയ പ്രിയ തുടർന്ന് പൂനെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിൽ നിന്ന് മാർക്കറ്റിംഗിൽ എംബിഎ നേടി. പിന്നീട്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്‌മെന്റിനായി ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ ചേർന്നു.
ഓഹരി വിപണി
പ്രിയ നായരുടെ നിയമനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരിവിലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 2,524 രൂപയിലാണ് ഓഹരി വില. ബിഎസ്ഇയിൽ 4.78% ഉയർന്ന ഓഹരി സൂചിക നേട്ടത്തിൽ ഒന്നാമതുമെത്തി.