AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

SIPയും മ്യൂച്വൽ ഫണ്ടും ഒരുപോലെയാണോ? പ്രധാന വ്യത്യാസങ്ങൾ, റിസ്കുകൾ, നിക്ഷേപ നേട്ടങ്ങൾ

SIP vs Mutual Fund: Which Investment Option Is Right?: ഇവയുടെ പ്രവര്‍ത്തനം, റിസ്‌ക്, നേട്ടങ്ങള്‍, നിക്ഷേപ ലക്ഷ്യങ്ങള്‍ എന്നിവ മനസിലാക്കിയ ശേഷമാണ് അനുയോജ്യമായ മാര്‍ഗം തിരഞ്ഞെടുക്കേണ്ടത്. എസ്‌ഐപിയും മ്യൂച്വല്‍ ഫണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നും നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

SIPയും മ്യൂച്വൽ ഫണ്ടും ഒരുപോലെയാണോ? പ്രധാന വ്യത്യാസങ്ങൾ, റിസ്കുകൾ, നിക്ഷേപ നേട്ടങ്ങൾ
പ്രതീകാത്മക ചിത്രം Image Credit source: Andri Onufriyenko/Getty Images
Shiji M K
Shiji M K | Published: 09 Sep 2026 | 10:24 AM

നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പലരും ആദ്യം കേള്‍ക്കുന്ന രണ്ട് പദങ്ങളാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയും മ്യൂച്വല്‍ ഫണ്ടും. ഇവ രണ്ടും ഒന്നാണെന്നാണ് പലരും കരുതാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. മ്യൂച്വല്‍ ഫണ്ട് ഒരു നിക്ഷേപ മാര്‍ഗമാണെങ്കിലും, അതിലേക്ക് നിശ്ചിത ഇടവേളകളില്‍ തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ഇവയുടെ പ്രവര്‍ത്തനം, റിസ്‌ക്, നേട്ടങ്ങള്‍, നിക്ഷേപ ലക്ഷ്യങ്ങള്‍ എന്നിവ മനസിലാക്കിയ ശേഷമാണ് അനുയോജ്യമായ മാര്‍ഗം തിരഞ്ഞെടുക്കേണ്ടത്. എസ്‌ഐപിയും മ്യൂച്വല്‍ ഫണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നും നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

എസ്‌ഐപിയും മ്യൂച്വല്‍ ഫണ്ടും തമ്മിലുള്ള വ്യത്യാസം

മ്യൂച്വല്‍ ഫണ്ട് എന്നത് നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാര്‍ വിവിധ ആസ്തികളില്‍ നിക്ഷേപിക്കുന്ന സംവിധാനമാണ്. ഓഹരി, ബോണ്ട്, മറ്റ് സെക്യൂരിറ്റികള്‍ തുടങ്ങിയവയില്‍ ഫണ്ടിന്റെ വിഭാഗത്തിന് അനുസരിച്ച് നിക്ഷേപം നടത്താം. എസ്‌ഐപി എന്നത് ഈ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്. സാധാരണയായി മാസത്തിലൊരിക്കല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിശ്ചിത തുക സ്വയമേവ നിക്ഷേപിക്കാനാകും.

എസ്‌ഐപി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

എസ്‌ഐപി വഴി നിക്ഷേപകന്‍ ഒരു നിശ്ചിത തുക സ്ഥിരമായ ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു. പലപ്പോഴും മാസത്തിലൊരിക്കല്‍ സ്വയമേവ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക നിക്ഷേപിക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ വിപണി ഉയരുമ്പോഴും താഴുമ്പോഴും നിക്ഷേപം തുടരാന്‍ സാധിക്കും. വിപണി വില കുറഞ്ഞിരിക്കുന്ന സമയത്ത് നിശ്ചിത തുകയ്ക്ക് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കും. വില ഉയരുമ്പോള്‍ അതേ തുകയ്ക്ക് താരതമ്യേന കുറച്ച് യൂണിറ്റുകള്‍ മാത്രമേ ലഭിക്കൂ. ദീര്‍ഘകാലത്ത് വാങ്ങിയ യൂണിറ്റുകളുടെ ശരാശരി ചെലവ് നിയന്ത്രിക്കാന്‍ ഇത് സഹായിച്ചേക്കാം. ഈ രീതി റുപ്പീ കോസ്റ്റ് ആവറേജിങ് എന്നറിയപ്പെടുന്നത്.

പ്രധാന നേട്ടങ്ങള്‍

എസ്‌ഐപിയുടെ പ്രധാന ആകര്‍ഷണം ചെറിയ തുകയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാനാകുന്നു എന്നതാണ്. ചില മ്യൂച്വല്‍ ഫണ്ടുകളില്‍ കുറഞ്ഞത് 100 രൂപ മുതലുള്ള എസ്‌ഐപികള്‍ ലഭ്യമാണ്. നിക്ഷേപകന്റെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് തുക തിരഞ്ഞെടുക്കാന്‍ സാധിക്കും. എസ്‌ഐപിയുടെ മറ്റൊരു പ്രധാന ഗുണം നിക്ഷേപത്തിലെ അച്ചടക്കമാണ്. ശമ്പളം ലഭിക്കുന്ന തീയതിക്ക് അനുസരിച്ച് എസ്‌ഐപി ക്രമീകരിച്ചാല്‍ ഓരോ മാസവും നിക്ഷേപം തുടരാന്‍ സാധിക്കും.

Also Read: പെണ്ണുങ്ങളേ നിക്ഷേപം തുടങ്ങിയാലോ? നിങ്ങള്‍ക്കായുള്ള പദ്ധതികളിതാ

എസ്‌ഐപി ആര്‍ക്കെല്ലാം പരിഗണിക്കാം?

സ്ഥിരമായ വരുമാനമുള്ള ശമ്പളക്കാരും ചെറിയ തുകയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍ക്ക് എസ്‌ഐപി പരിഗണിക്കാവുന്നതാണ്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായും ഇത് സഹായിക്കും.

എസ്‌ഐപിയോ അതോ ലംപ്‌സമോ

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ എസ്‌ഐപി മാത്രമല്ല, ലംപ്‌സം രീതിയും തിരഞ്ഞെടുക്കാം. ലംപ്‌സമാണെങ്കില്‍ ഇതില്‍ വലിയൊരു തുക ഒറ്റത്തവണയായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായ വരുമാനത്തില്‍ നിന്ന് ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എസ്‌ഐപി കൂടുതല്‍ സൗകര്യപ്രദമായിരിക്കും. അതേസമയം, കൈവശമുള്ള വലിയൊരു തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലംപ്‌സം രീതി പരിഗണിക്കാം.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

SIP is a method of investing regularly, while a mutual fund is an investment product. Understanding the differences between them can help investors make informed decisions based on their goals and risk tolerance.

Follow Us