Kerala SSLC Exam 2026: കണക്ക് പരീക്ഷയെ പേടിക്കണ്ട, നമുക്ക് തകർക്കാം; വേഗം പഠിച്ചോ, സമയം കുറവാണ്
Kerala SSLC Maths Exam 2026: അല്പം പേടിയോടെയാണ് വരാനിരിക്കുന്ന പരീക്ഷയെ കുട്ടികൾ കാണുന്നത്. നന്നായി റിവിഷൻ ചെയ്ത് പോയാൽ കണക്കിന് എ പ്ലസ് ഉറപ്പിക്കാനാകും. പരീക്ഷയ്ക്ക് മുൻപുള്ള രണ്ട് ദിവസത്തെ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാം.
എസ്എസ്എൽസി പരീക്ഷയിൽ ഇന്നത്തെ പരീക്ഷ കൂടി അവസാനിക്കുമ്പോൾ നാല് വിഷയങ്ങളാണ് ഇതുവരെ കഴിഞ്ഞത്. ഇന്നത്തെ പരീക്ഷ കഴിഞ്ഞാൽ അടുത്ത പരീക്ഷ മാർച്ച് 16നാണ് (തിങ്കളാഴ്ച). അല്പം പേടിയോടെയാണ് വരാനിരിക്കുന്ന പരീക്ഷയെ കുട്ടികൾ കാണുന്നത്. കാരണം മറ്റൊന്നുമല്ല, ഇനി വരാൻ പോകുന്നത് കണക്ക് പരീക്ഷയാണ്. കണക്ക് പരീക്ഷയെ നെഞ്ചിടിപ്പോടെ സമീപിക്കേണ്ടതില്ല, പകരം മികച്ച വിജയം നേടാൻ ഇനിയുള്ള രണ്ട് ദിവസം കൃത്യമായി പഠിച്ചാൽ മതിയാകും.
നന്നായി റിവിഷൻ ചെയ്ത് പോയാൽ കണക്കിന് എ പ്ലസ് ഉറപ്പിക്കാനാകും. പരീക്ഷയ്ക്ക് മുൻപുള്ള രണ്ട് ദിവസത്തെ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാം. കൂടാതെ കണക്കിലെ ആവർത്തന ചോദ്യങ്ങളും പ്രധാന പാഠഭാഗങ്ങളും എങ്ങനെ പഠിക്കണമെന്നും നോക്കാം.
ALSO READ: എസ്എസ്എൽസി മലയാളം പരീക്ഷ എളുപ്പമോ അതോ കടുപ്പമോ?; ചോദ്യപേപ്പർ പരിശോധിച്ചാലോ
ഈ അധ്യായങ്ങൾ ആദ്യം
എല്ലാ പാഠങ്ങളും ഒരേപോലെ പഠിക്കുന്നതിന് പകരം കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ വരുന്ന പാഠങ്ങൾക്ക് മുൻഗണന നൽകി പഠിക്കുക. വൃത്തങ്ങൾ, ജ്യാമിതിയും ബീജഗണിതവും, സമാന്തര ശ്രേണികൾ, ടാൻജെൻ്റസ്, സോളിഡ്സ് തുടങ്ങിയ പാഠഭാങ്ങളിൽ നിന്നാണ് പ്രധാനമായും ചോദ്യങ്ങൾ വരുന്നത്. മുൻ കാല ചോദ്യപ്പേപ്പറുകൾ പരിശോധിച്ചാൽ ഇതിലെ ആവർത്തന ചോദ്യങ്ങൾ ഏതെല്ലാമെന്ന് മനസ്സിലാക്കാനാകും. ഈ പാഠങ്ങൾ മാത്രം നന്നായി പഠിച്ചാൽ തന്നെ നിങ്ങൾക്ക് 70-ൽ അധികം മാർക്ക് ഉറപ്പിക്കാനാകും.
ഈ ട്രിക്ക് പരീക്ഷിക്കൂ
പഠനത്തിനിടയിൽ എല്ലാ പാഠങ്ങളിലെയും പ്രധാനപ്പെട്ട ഇക്വേഷനുകൾ ഒരു പേപ്പറിൽ എഴുതി സൂക്ഷിക്കുക. പരീക്ഷയ്ക്ക് കേറുന്നതിന് മുമ്പുള്ള അവസാന സമയത്ത് ഇത് പെട്ടെന്ന് നോക്കുന്നത് കണക്കുകൾ ഓർത്തെടുക്കാൻ സഹായിക്കും. കൂടാതെ വൃത്തങ്ങൾ, തൊടുവരകൾ, ജ്യാമിതി എന്നീ പാഠങ്ങളിലെ ചിത്രങ്ങൾ വരച്ചു തന്നെ പഠിക്കണം. പെൻസിൽ, കോമ്പസ് എന്നിവ ഉപയോഗിച്ച് കൃത്യമായ അളവിൽ വരച്ച് പഠിച്ചാൽ ഫുൾ മാർക്ക് നേടാനാകും.
കുറഞ്ഞത് കഴിഞ്ഞ മൂന്ന് വർഷത്തെ ചോദ്യപേപ്പറുകൾ എങ്കിലും റിവിഷൻ ചെയ്യാൻ ശ്രമിക്കണം. ഇനിയുള്ള രണ്ട് ദിവസം അതിന് ധാരാളമാണ്. പല ചോദ്യങ്ങളും സമാനമായ പാറ്റേണിൽ വ്യത്യസ്തമായ ശൈലിയിലായിരിക്കും ചോദിക്കുക. അടുത്തിടെ നടന്ന മോഡൽ പരീക്ഷയിൽ നിങ്ങൾക്ക് എവിടെയാണ് മാർക്ക് കുറഞ്ഞതെന്ന് നോക്കി അതിന് മുൻഗണന നൽകി പരിശീലിക്കുന്നത് നല്ലതാണ്.
പരീക്ഷാ ഹാളിലെ സ്മാർട്ട് ടിപ്‌സ്
ചോദ്യപേപ്പർ കിട്ടിയതിന് ശേഷമുള്ള 15 മിനിറ്റ് സമയം ചോദ്യങ്ങൾ നന്നായി വായിക്കാൻ വിനിയോഗിക്കുക. നിങ്ങൾക്ക് ഏറ്റവും നന്നായി അറിയാവുന്ന ചോദ്യങ്ങൾ പെൻസിൽ ഉപയോഗിച്ച് ഒന്ന് അടയാളപ്പെടുത്തി വയ്ക്കുക. അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതി പോകുക. ഇത് അവസാന സമയത്തെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കും.
ഉത്തരം പൂർണ്ണമായി ഓർത്തെടുക്കാൻ പറ്റുന്നില്ലെങ്കിലും അറിയാവുന്ന സ്റ്റെപ്പുകൾ എഴുതാൻ മറക്കരുത്. ഗണിതത്തിൽ സ്റ്റെപ്പുകൾ ശരിയായ രീതിയിൽ എഴുതിയാൽ അതിന് മാർക്കുണ്ട്. ഒരു ചോദ്യത്തിൽ തന്നെ കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കരുത്. പ്രയാസമുള്ള ചോദ്യങ്ങൾ അവസാനം എഴുതാനായി മാറ്റിവയ്ക്കുക.