Konkan Railway Recruitment 2026: കൊങ്കൺ റെയില്‍വേയില്‍ ട്രെയിനിയാകാം; ഇന്ന് അപേക്ഷിക്കാന്‍ അവസാന അവസരം
Konkan Railway Apprentices Trainee 2026: കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റീസ് ട്രെയിനിയാകാം. അപേക്ഷ അയയ്‌ക്കേണ്ട അവസാന ദിവസം ഇന്നാണ്. ബിരുദം / എഞ്ചിനീയറിംഗ് ഡിപ്ലോമ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ്) യോഗ്യതയുള്ളവരും ജനറൽ സ്ട്രീമിൽ ബിരുദധാരികളുമായവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.
കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെആര്‍സിഎല്‍) അപ്രന്റീസ് ട്രെയിനിയാകാന്‍ അവസരം. ബിരുദം / എഞ്ചിനീയറിംഗ് ഡിപ്ലോമ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ്) യോഗ്യതയുള്ളവരും ജനറൽ സ്ട്രീമിൽ ബിരുദധാരികളുമായവര്‍ക്ക് അപേക്ഷിക്കാം. 2021, 2022, 2023, 2024, 2025 വർഷങ്ങളിൽ പാസായവര്‍ക്കാണ് അവസരം. ആകെ 190 ഒഴിവുകളുണ്ട്.
സിവില്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഡിപ്ലോമ (സിവില്‍), ഡിപ്ലോമ (ഇലക്ട്രിക്കല്‍), ഡിപ്ലോമ (ഇലക്ട്രോണിക്‌സ്), ഡിപ്ലോമ (മെക്കാനിക്കല്‍), ജനറല്‍ സ്ട്രീം വിഭാഗങ്ങളിലാണ് അവസരം.
അപേക്ഷകര്‍ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. എന്‍എടിഎസ് ഐഡി ഉണ്ടായിരിക്കണം. ഓരോ തസ്തികയിലേക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ കൊങ്കണ്‍ റെയില്‍വേയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തില്‍ വിശദമാക്കിയിട്ടുണ്ട്.
18-25 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ളതും ബന്ധപ്പെട്ട ട്രേഡിൽ പരിശീലനം നൽകുന്നതിന് ആവശ്യമായതുമായ ശാരീരികക്ഷമതാ നിലവാരം അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം. നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, രേഖാ പരിശോധന സമയത്ത് കൊണ്ടുവരണം.
നേരത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവര്‍ക്കോ, നിലവില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാനാകില്ല. ഗ്രാജുവേറ്റ് അപ്രന്റീസുകൾക്ക് 4500 രൂപയും, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾക്ക് 4000 രൂപയുമാണ് സ്റ്റൈപ്പൻഡ്.
തിരഞ്ഞെടുക്കുന്നത് എങ്ങനെ?
എല്ലാ വർഷങ്ങളിലും/സെമസ്റ്ററുകളിലും ലഭിച്ച ആകെ മാർക്ക് ഉപയോഗിച്ച് ശതമാനം കണക്കാക്കുകയും അതനുസരിച്ച് ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും. ഒരേ മാര്‍ക്കുള്ള രണ്ട് പേര് വന്നാല്‍, അവരില്‍ പ്രായം കൂടുതലുള്ളവരെ തിരഞ്ഞെടുക്കും. വിജ്ഞാപനം ചെയ്ത സീറ്റുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി അപേക്ഷകരെ രേഖ പരിശോധനയ്ക്ക് വിളിക്കും.
എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
കെആര്‍സിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://konkanrailway.com/-ൽ നൽകിയിരിക്കുന്ന ക്വിക്ക് ലിങ്ക്സ് ഗ്രാജുവേറ്റ് അപ്രന്റീസ്/ടെക്‌നീഷ്യൻ അപ്രന്റീസ് എന്ന ലിങ്കിലൂടെ മാത്രമേ അപേക്ഷ പൂരിപ്പിക്കാവൂ. വിജ്ഞാപനം വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി. 100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, വനിതാ, മൈനോറിറ്റി, ഇഡബ്ല്യുഎസ് അപേക്ഷകര്‍ക്ക് ഫീസില്ല.