Aju Varghese: ഉറക്കത്തിലായിരുന്നപ്പോൾ നിവിൻ ഫോൺ വിളിച്ചുകൊണ്ടേയിരുന്നു; ഈ വിജയം ഇമോഷണലാണ്: അജു വർഗീസ്
Aju Varghese On Sarvam Maya: സർവം മായയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് അജു വർഗീസ്. നിവിൻ പോളിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ സർവം മായ അമൂല്യമായ സിനിമയാണെന്ന് അജു പറഞ്ഞു.
സർവം മായയുടെ വിജയം ഇമോഷണലാണെന്ന് അജു വർഗീസ്. സർവം മായ അമൂല്യമായ സിനിമയാണെന്നും നിവിൻ പോളിയുടെ തിരിച്ചുവരവിന് കളമൊരുക്കിയവരോട് നന്ദിയുണ്ടെന്നും താരം പറഞ്ഞു. ദുബായിൽ വച്ച് നടത്തിയ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെയാണ് അജുവിൻ്റെ പ്രസ്താവന. നിവിൻ പോളി, അഖിൽ സത്യൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രമോഷനെത്തിയത്.
സിനിമയിൽ നിന്ന് ഫീൽഡൗട്ടായി വെബ് സീരീസിലേക്ക് മാറിയോ എന്ന് ഈയിടെ ഒരാൾ തന്നോട് ചോദിച്ചിരുന്നു എന്ന് അജു പറഞ്ഞു. തിരിച്ചുവരവ് തന്ന അഖിലിന് നന്ദി പറയുന്നു. ഈ വിജയം ഒരു ഉണർവ്വാണ്. പരാജയം വന്നാൽ, റിസൽട്ടിനെപ്പറ്റി സംസാരിക്കുമ്പോൾ ഒരു മരവിപ്പും നിർവികാരതയുമാണ്. നിവിന് ഈ വിജയം ലഭിച്ചതിൽ വളരെ ഇമോഷണലാണ്. സർവ്വം മായ ടീമിന് മലർവാടി ടീം നന്ദി പറയുന്നു. വിനീത് സിനിമ കണ്ടിട്ടില്ല. പക്ഷേ, വിജയത്തിൽ ഒരുപാട് സന്തോഷമെന്ന് മെസേജയച്ചു.
അത് വളരെ ഇമോഷണലായി നിവിൻ വിളിച്ച് പറഞ്ഞു. ഉറക്കത്തിലായിരുന്നപ്പോഴാണ് നിവിൻ്റെ കോൾ വന്നത്. വിളിച്ചുകൊണ്ടേയിരുന്നപ്പോൾ പേടിച്ചുപോയി. കോളെടുത്ത് കുറേനേരം സംസാരിച്ചു. 600 ദിവസങ്ങൾക്ക് ശേഷമാണ് നിവിൻ്റെ ഒരു സിനിമ ഇറങ്ങുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു സിനിമ വർക്കാവുന്നത്. അതിനാൽ സർവ്വം മായ വളരെ ഇമോഷണലാണെന്നും അജു വർഗീസ് പ്രതികരിച്ചു.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഹൊറർ കോമഡി വിഭാഗത്തിലിറങ്ങിയ സർവം മായ. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം റിയ ഷിബു, ജനാർദ്ധനൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അഖിൽ സത്യൻ തന്നെയാണ് സിനിമയുടെ എഡിറ്റിങ്. ക്യാമറ ശരൺ വേലായുധൻ. എഡിറ്റിംഗ് ജസ്റ്റിൻ പ്രഭാകരൻ.