Jana Nayagan: റിലീസായിട്ടും വിജയിയുടെ ജനനായകന് തിരിച്ചടി; ഹര്‍ജിയില്‍ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി
Petition Filed in Madras High Court to Revoke Censor Certificate of Vijay's 'Jana Nayagan': ജനനായകനിലെ ഡിലീറ്റ്ഡ് സീനുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ട് എന്ന് സിനിമയുടെ സംവിധായകൻ എച്ച് വിനോദ് അടിത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിൽ ഉൾപ്പെട്ട രംഗങ്ങൾ തന്നെ വിവാദങ്ങളിലേക്കും നിയമ കുരുക്കുകളിലേക്കും നീങ്ങിയിരിക്കുന്നത്
ഏഴ് മാസം നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ അവസാന ചിത്രം ‘ജനനായകൻ’ തീയറ്ററുകളിലെത്തിയത്. എന്നാൽ. പ്രേക്ഷകരിലേക്ക് എത്തിയ ശേഷവും നിയമ കുരുക്കുകൾ സിനിമയെ വിട്ടൊഴിയുന്നില്ല. ചിത്രത്തിൻ്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. മധുരയിലെ ഒരു ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും അപകീർത്തിപ്പെടുത്തി എന്ന് കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
മധുര ജില്ലയിലെ ഉസിലംപട്ടി സ്വദേശിയായ ചിന്നസാമിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ‘ജനനായകൻ’ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ പാപ്പാപ്പട്ടി ഗ്രാമവാസികളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. സിനിമയുടെ പ്രദർശനം അടിയന്തരമായി നിർത്തിവെക്കണമെന്നും സെൻസർ സർട്ടിഫിക്കറ്റ് പുനഃപരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രദർശനം നിർത്തിവക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിൽ അടുത്ത വാദം കേൾക്കുന്നതിന് മുൻപായി മറുപടി നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
നോട്ടീസ് അയച്ച് കോടതി
ഹർജി പരിഗണിച്ച ഹൈക്കോടതി ബെഞ്ച്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്‌സൺ, ചിത്രത്തിൻ്റെ നിർമ്മാതാവ്, സംവിധായകൻ എന്നിവരോട് ആരോപണങ്ങളിൽ മറുപടി നൽകാൻ ഉത്തരവിട്ടു. തുടർനടപടികൾ സ്വീകരിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട എല്ലാ കക്ഷികളിൽ നിന്നും പ്രതികരണം തേടാനാണ് കോടതിയുടെ തീരുമാനം.
Also Read: Pearle Maaney : ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി
ജനനായകനിലെ ഡിലീറ്റ്ഡ് സീനുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ട് എന്ന് സിനിമയുടെ സംവിധായകൻ എച്ച് വിനോദ് അടിത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിൽ ഉൾപ്പെട്ട രംഗങ്ങൾ തന്നെ വിവാദങ്ങളിലേക്കും നിയമ കുരുക്കുകളിലേക്കും നീങ്ങിയിരിക്കുന്നത്. സിനിമയിൽ ആറ് ഡിലീറ്റഡ് സീനുകളാണ് ഉള്ളത്. ഇതിൽ നാലെണ്ണം ഫൈറ്റ് സീനുകളും രണ്ടെണ്ണം ഇമേഷണൽ സീനുകളുമാണ് എന്നാമായിരുന്നു എച്ച് വിനോദിൻ്റെ പ്രതികരണം. നിർമ്മാതാക്കളുമായി ചേർന്ന് ഇത് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിസന്ധികൾക്ക് അവസാനമില്ല
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പൊങ്കൽ റിലീസ് എന്ന നിലയിൽ ജനുവരി 9-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 2025 ഡിസംബർ 18-ന് തന്നെ സർട്ടിഫിക്കേഷനായി സി.ബി.എഫ്.സിക്ക് മുന്നിൽ നിർമ്മാതാക്കൾ ‘ജനനായകൻ’ സമർപ്പിച്ചിരുന്നു. ബോർഡിലെ അഞ്ചംഗ സമിതി സിനിമ കാണുകയും ചില മാറ്റങ്ങൾ വരുത്തിയ ശേഷം യു/എ 16+ സർട്ടിഫിക്കറ്റ് നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ ചെയർപേഴ്സൺ തീരുമാനിച്ചതോടെ റിലീസിന് ദിവസങ്ങൾക്ക് മുൻപ് സർട്ടിഫിക്കേഷൻ നടപടികൾ നിർത്തിവെക്കുകയായിരുന്നു.
ഇതിനെതിരെ അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. തുടർന്ന് റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയാണ് ഉണ്ടായത്. പിന്നീട് സിംഗിൾ ബെഞ്ച് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. നിയമക്കുരുക്കുകളിൽ പെട്ട് റിലീസ് നീണ്ടുപോയതോടെ നിർമ്മാതാക്കൾ സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ചിരുന്നു.
അതേസമയം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ സി.ബി.എഫ്.സിക്കെതിരെയും ആരോപണം ഉയർന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സെൻസർ ബോർഡ് വ്യക്തമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫ്രീലാൻസ് ഫിലിം എഡിറ്റർ ഉൾപ്പെടെ നിരവധി പേരെ തമിഴ്‌നാട് പോലീസ് പിടികൂടുകയും ചെയ്തു. ഇത്രയധികം പ്രതിസന്ധികൾ മറികടന്നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസിന് പിന്നാലെ ‘എ’ സർട്ടിഫിക്കേഷൻ ലഭിച്ച സിനിമക്ക് കുട്ടികളുമായി മാതാപിതാക്കൾ തീയറ്ററുകളിൽ എത്തിയത് പ്രദർശനങ്ങൾ വൈകുന്നതിന് കാരണമായിരുന്നു. പുതിയ ഹർജിയോടെ സിനിമ വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്.
English Summary
Vijay’s hit film ‘Jana Nayagan’ has landed in legal trouble after a petition in the Madras High Court alleged it defames Pappapatti village residents. While the petitioner sought an interim ban and a censor certificate review, the court refused a stay, instead ordering the CBFC and makers to file replies.