Bengaluru – Chennai Expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!
Bengaluru – Chennai Expressway Launch Delayed: കരാർ പൂർണമായി നിർത്തുന്നതിന് പകരം പദ്ധതിയുടെ നിർമ്മാണ ചുമതല മറ്റേതെങ്കിലും ഗ്രൂപ്പിന് കൈമാറാൻ അനുവദിക്കണമെന്നാണ് കരാർ സ്ഥാപനം ഹൈക്കോടതിയിൽ അഭ്യർത്ഥിച്ചത്. കരാർ പാതിവഴിയിൽ റദ്ദാക്കിയാൽ സാമ്പത്തിക പ്രതിസന്ധിക്കും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നതിനും കാരണമാകും.
ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ ഉദ്ഘാടനം വൈകുമെന്ന് സൂചന. തമിഴ്‌നാട്ടിലെ 25.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങളാണ് നിലവിൽ ഈ വികസന പദ്ധതിക്ക് തിരിച്ചടിയായത്. ഇതോടെ, ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വെറും രണ്ട് മണിക്കൂർ യാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
പ്രതിസന്ധിക്ക് കാരണം
അരക്കോണം-കാഞ്ചീപുരം ഭാഗത്തെ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിപി ജെയിൻ ആൻഡ് കമ്പനി ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ ഭാഗത്തെ നിർമ്മാണ ചുമതല. പാതയിലെ നിർമാണം 2025 മെയ് മാസത്തിൽ പാതിവഴിയിൽ നിർത്തിവച്ചിരുന്നു. പണികൾ പുനരാരംഭിക്കാൻ കരാറുകാർ തയ്യാറാകാതിരുന്നതോടെ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2025 നവംബറിൽ നോട്ടീസ് നൽകി. കരാർ റദ്ദാക്കുന്ന തരത്തിലുള്ള ടെർമിനേഷൻ നോട്ടീസിനെതിരെ ഡിപി ജെയിൻ കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
കരാർ പൂർണമായി നിർത്തുന്നതിന് പകരം പദ്ധതിയുടെ നിർമ്മാണ ചുമതല മറ്റേതെങ്കിലും ഗ്രൂപ്പിന് കൈമാറാൻ അനുവദിക്കണമെന്നാണ് കരാർ സ്ഥാപനം ഹൈക്കോടതിയിൽ അഭ്യർത്ഥിച്ചത്. കരാർ പാതിവഴിയിൽ റദ്ദാക്കിയാൽ സാമ്പത്തിക പ്രതിസന്ധിക്കും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നതിനും കാരണമാകും.
അതുപോലെ, നിർമ്മാണത്തിന് ആവശ്യമായ ഫ്ലൈ ആഷിന് ഉണ്ടായ വിലക്കയറ്റവും പണി തടസ്സപ്പെടാൻ കാരണമായതായി കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി. എങ്കിലും, അതോറിറ്റിയുമായുള്ള ഔദ്യോഗിക കരാറുകളിൽ ഫ്ലൈ ആഷ് പോലെയുള്ള വസ്‌തുക്കളുടെ വില വ്യതിയാനങ്ങൾ ഉൾപ്പെടുന്നില്ല എന്നും നിർമ്മാണ സാമഗ്രികൾ വിപണിയിൽ നിന്നും നിയമാനുസൃതമായി സംഘടിപ്പിക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ദേശീയ പാത അതോറിറ്റി അധികൃതർ വാദിച്ചു.
ALSO READ: ബെംഗളൂരു-തുംകുരു മെട്രോ പദ്ധതി നടക്കില്ല; ആര്‍ആര്‍ടിഎസ് മതിയെന്ന് വാദം
നിയമപോരാട്ടം തുടരുന്നത്, പാതയുടെ നിർമാണം തടസ്സപ്പെട്ടതോടെ 2026 പകുതിയോടെ ഈ പാത തുറന്ന് കൊടുക്കുക എന്ന ലക്ഷ്യം സാധ്യമാകാതെ വരും. ഇതോടെ, ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ ഉദ്ഘാടനവും നീളും.
ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ
ബെംഗളൂരു ചെന്നൈ എക്സ്പ്രസ് വേ 262. 9 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ്. കർണാടക (71.7 കിലോമീറ്റർ), ആന്ധ്രാപ്രദേശ് (85.2 കിലോമീറ്റർ), തമിഴ്‌നാട് (106 കിലോമീറ്റർ) എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്ന് പോകുന്നത്. പദ്ധതിയൂടെ ഭൂരിഭാഗം പണികളും പൂർത്തിയായതായാണ് വിവരം. കർണാടകയിലെ 71.7 കിലോമീറ്റർ പൂർണമായും തീർത്തു. ആന്ധ്രാപ്രദേശിൽ ലക്ഷ്യമിട്ട 85.2 കിലോമീറ്ററിൽ 78.5 കിലോമീറ്ററും, തമിഴ്‌നാട്ടിലെ 106 കിലോമീറ്ററിൽ 80 കിലോമീറ്ററിലധികവും ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്.
മുഴുവൻ ഹൈവേ പ്രോജക്ടിനെയും മൂന്ന് ഘട്ടങ്ങളിലായി പത്ത് വ്യത്യസ്ത പാക്കേജുകളായി തിരിച്ചിട്ടുണ്ട്. കർണാടകത്തിലും ആന്ധ്രാപ്രദേശിലും മൂന്ന് വീതം പാക്കേജുകളാണുള്ളത്. തമിഴ്‌നാട്ടിൽ നാല് പാക്കേജുകളും. എൻഎച്ച്എഐയുടെ കീഴിലുള്ള തമിഴ്‌നാട്ടിലെ പാക്കേജിലാണ് നിയമതടസം നേരിടുന്നത്.
ആന്ധ്രയിലുള്ള ഒരു പാക്കേജിലെയും ചെന്നൈയിലുള്ള മറ്റൊരു പാക്കേജിലെയും നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അതായത് 2026 ഒക്ടോബറോടെ തന്നെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
English Summary:
The inauguration of the Bengaluru–Chennai Expressway is likely to be delayed because a crucial stretch in Tamil Nadu remains unfinished. While significant portions of the expressway in Karnataka and Andhra Pradesh are either operational or nearing completion, progress on the Arakkonam–Kancheepuram section in Tamil Nadu has been slow due to construction challenges, contractor-related issues, and pending infrastructure work.