Bengaluru Train: ബെംഗളൂരു–മംഗളൂരു ട്രെയിൻ റൂട്ടിൽ വൻ മാറ്റം; കോഴിക്കോട് എക്‌സ്പ്രസ് സർവീസ് വൈകുമോ?
Kozhikode Express Train Update Major Change on Bengaluru Mangaluru Route: നിലവില്‍ ഈ പാതയിലെ ചില ട്രെയിനുകള്‍ ഡീസല്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് സര്‍വീസ് നടത്തുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയായതോടെ യാത്രയുടെ തുടക്കം മുതല്‍ അവസാന സ്റ്റേഷന്‍ വരെ ഇലക്ട്രിക് എന്‍ജിന്‍ ഉപയോഗിച്ച് ട്രെയിനുകള്‍ ഓടിക്കാനാണ് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ നീക്കം.

വന്ദേ ഭാരത്
ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിലുള്ള റെയില്‍ യാത്രയില്‍ നിര്‍ണായക മാറ്റത്തിന് ഒരുങ്ങി ദക്ഷിണ പശ്ചിമ റെയില്‍വേ. ബെംഗളൂരു-മംഗളൂരു-കാര്‍വാര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂര്‍ണമായും വൈദ്യുത എന്‍ജിനുകളുടെ സഹായത്തോടെ ഓടിക്കാനുള്ള പദ്ധതിയാണ് റെയില്‍വേ അധികൃതര്‍ പരിഗണിക്കുന്നത്. ഈ മാറ്റം നടപ്പിലായാല്‍ ഘട്ടംഘട്ടമായി ഡീസല്‍ എന്‍ജിനുകളുടെ ഉപയോഗം കുറയ്ക്കാനും ഇന്ധനച്ചെലവ് ലാഭിക്കാനും സാധിക്കും.
ഏഴ് ട്രെയിനുകള്‍ക്ക് ഇലക്ട്രിക് എന്‍ജിന്‍
നിലവില്‍ ഈ പാതയിലെ ചില ട്രെയിനുകള്‍ ഡീസല്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് സര്‍വീസ് നടത്തുന്നത്. വൈദ്യുതീകരണം പൂര്‍ത്തിയായതോടെ യാത്രയുടെ തുടക്കം മുതല്‍ അവസാന സ്റ്റേഷന്‍ വരെ ഇലക്ട്രിക് എന്‍ജിന്‍ ഉപയോഗിച്ച് ട്രെയിനുകള്‍ ഓടിക്കാനാണ് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ നീക്കം.
എസ്എംവിടി ബെംഗളൂരു-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്, ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ്, യശ്വന്ത്പുര്‍കാര്‍വാര്‍ എക്‌സ്പ്രസ്, യശ്വന്ത്പുര്‍-മംഗളൂരു ജങ്ഷന്‍ ഗൊമ്മടേശ്വര എക്‌സ്പ്രസ്, യശ്വന്ത്-പുര്‍മംഗളൂരു ജങ്ഷന്‍ വീക്ക്‌ലി എക്‌സ്പ്രസ്, ബെംഗളൂരു-കാര്‍വാര്‍ പഞ്ചഗംഗ എക്‌സ്പ്രസ്, വിജയപുരമംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് എന്നിവയാണ് പദ്ധതിയുടെ പരിധിയിലുള്ള ഏഴ് ട്രെയിനുകള്‍.
ഘട്ട് മേഖലയില്‍ പ്രത്യേക ക്രമീകരണം
സക്ലേശ്പുരയ്ക്കും സുബ്രഹ്‌മണ്യ റോഡിനും ഇടയിലുള്ള ഏകദേശം 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഘട്ട് പാതയാണ് ഈ റെയില്‍ റൂട്ടിലെ പ്രധാന വെല്ലുവിളി. കുത്തനെയുള്ള കയറ്റിറക്കങ്ങള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍ എന്നിവയുള്ള ഈ ഭാഗത്ത് ട്രെയിനുകള്‍ക്ക് അധിക വലിവുശക്തി ആവശ്യമാണ്. നിലവില്‍ ചില ട്രെയിനുകള്‍ ഈ മേഖല കടക്കുമ്പോള്‍ അധിക ഡീസല്‍ എന്‍ജിനുകളുടെ സഹായം ഉപയോഗിക്കുന്നുണ്ട്. പകരം രണ്ട് ഡബ്ല്യുഎജി-9എച്ച്സി ഇലക്ട്രിക് എന്‍ജിനുകള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ആസൂത്രണം ചെയ്യുന്നത്. കയറ്റിറക്കങ്ങളില്‍ ട്രെയിനുകളുടെ നീക്കം സുഗമമാക്കാനും ചരക്കുവണ്ടികള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
Also Read: Namma Metro: നമ്മ മെട്രോയില്‍ ഇറങ്ങിയാല്‍ ബസും റെഡി; പിങ്ക് ലൈനിനായി പുതിയ ഫീഡര്‍ സര്‍വീസുകള്‍
വന്ദേ ഭാരത് സര്‍വീസ് വൈകുമോ?
ബെംഗളൂരു-മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഈ പാതയിലെ വൈദ്യുത എന്‍ജിന്‍ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നേരത്തേ നടത്തിയ വന്ദേ ഭാരത് പരീക്ഷണ ഓട്ടത്തിനിടെ സിരിബാഗിലു മേഖലയ്ക്ക് സമീപം സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ സ്ഥിരം സര്‍വീസ് ആരംഭിച്ചശേഷം ആവര്‍ത്തിക്കാതിരിക്കാനാണ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്.
English Summary
South Western Railway is planning to introduce electric engines on seven trains operating on the Bengaluru–Mangaluru–Karwar route. The initiative includes trials through the challenging ghat section and may influence preparations for the proposed Vande Bharat service. The official launch date and any impact on the Kozhikode Express schedule have not been confirmed.