Namma Metro: നമ്മ മെട്രോയില്‍ ഇറങ്ങിയാല്‍ ബസും റെഡി; പിങ്ക് ലൈനിനായി പുതിയ ഫീഡര്‍ സര്‍വീസുകള്‍
Bengaluru Namma Metro New Bus Service and Routes: പിങ്ക് ലൈന്‍ സര്‍വീസ് ആരംഭിക്കാനിരിക്കെ മെട്രോ സ്റ്റേഷനുകളിലേക്കും അവിടെനിന്ന് വീടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കുമുള്ള യാത്ര എളുപ്പമാക്കാന്‍ ഫീഡര്‍ ബസുകള്‍ സഹായിക്കും. ഇടുങ്ങിയ റോഡുകളുള്ള പ്രദേശങ്ങളിലേക്ക് എത്തുന്നതിനായി ഏഴ് മീറ്റര്‍ നീളമുള്ള ചെറിയ ബസുകളും ഉപയോഗിക്കാന്‍ ബിഎംടിസി പദ്ധതിയിടുന്നുണ്ട്.
ബെംഗളൂരു നന്മ മെട്രോയുടെ പിങ്ക് ലൈന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ അഞ്ച് പുതിയ ഫീഡര്‍ ബസ് റൂട്ടുകള്‍ നിര്‍ദേശിച്ച് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി). മെട്രോ സ്റ്റേഷനുകളില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് യാത്ര സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 30 ബസുകള്‍ വിന്യസിച്ച് ദിവസേന 415 ട്രിപ്പുകള്‍ നടത്താനാണ് നിര്‍ദേശം. തിരക്കേറിയ സമയങ്ങളില്‍ ഓരോ 10 മിനിറ്റിലും ബസ് ലഭിക്കുന്ന രീതിയിലാണ് സര്‍വീസ് ആസൂത്രണം ചെയ്യുന്നത്.
പിങ്ക് ലൈന്‍ സര്‍വീസ് ആരംഭിക്കാനിരിക്കെ മെട്രോ സ്റ്റേഷനുകളിലേക്കും അവിടെനിന്ന് വീടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കുമുള്ള യാത്ര എളുപ്പമാക്കാന്‍ ഫീഡര്‍ ബസുകള്‍ സഹായിക്കും. ഇടുങ്ങിയ റോഡുകളുള്ള പ്രദേശങ്ങളിലേക്ക് എത്തുന്നതിനായി ഏഴ് മീറ്റര്‍ നീളമുള്ള ചെറിയ ബസുകളും ഉപയോഗിക്കാന്‍ ബിഎംടിസി പദ്ധതിയിടുന്നുണ്ട്.
അഞ്ച് റൂട്ടുകള്‍ ഏതൊക്കെ?
ജയദേവ ആശുപത്രി, ജെപി നഗര്‍ നാലാം ഘട്ടം, തവരകെരെ, ഹുളിമാവ് തുടങ്ങിയ മെട്രോ സ്റ്റേഷനുകളെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദേശിച്ച റൂട്ടുകള്‍.
MF-18 J: ജയദേവ ആശുപത്രി മെട്രോ സ്റ്റേഷനില്‍ നിന്ന് ഉത്തരഹള്ളിയിലേക്ക്
MF-18 JT: ജയദേവ ആശുപത്രിയില്‍ നിന്ന് തവരകെരെ മെട്രോ സ്റ്റേഷനിലേക്ക്
MF-18 JP: ഐഐഎംബി മെട്രോ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന റിങ് റൂട്ട്
MF-22 HS: ഹുളിമാവ് മെട്രോ സ്റ്റേഷനില്‍ നിന്ന് സിങ്കസാന്ദ്രയിലേക്ക്
MF-18 T: തവരകെരെയില്‍ നിന്ന് ജയനഗര്‍, ബനശങ്കരി മേഖലകളിലൂടെ ബന്ധിപ്പിക്കുന്ന റിങ് റൂട്ട്
തത്സമയ ബസ് വിവരങ്ങളും ലഭ്യമാക്കും
ഫീഡര്‍ ബസ് സര്‍വീസുകള്‍ക്ക് പുറമെ, മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകളിലേക്ക് ബസുകള്‍ എത്തുന്ന സമയം തത്സമയം അറിയാനുള്ള സംവിധാനവും ബിഎംടിസിയും ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിഎംആര്‍സിഎല്‍) ആസൂത്രണം ചെയ്യുന്നു. ഇതിനായി ഇരുസ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്ന രീതിയിലുള്ള ഏകോപനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് അടുത്ത ബസ് എപ്പോള്‍ വരുമെന്ന് അറിയാനും യാത്ര മുന്‍കൂട്ടി ക്രമീകരിക്കാനും കഴിയും.
പിങ്ക് ലൈന്‍ യാത്രക്കാര്‍ക്ക് നേട്ടം
ബന്നാര്‍ഘട്ട റോഡിലൂടെയും തെക്കന്‍ ബെംഗളൂരുവിലെ വിവിധ മേഖലകളിലൂടെയും യാത്ര ചെയ്യുന്നവര്‍ക്ക് പിങ്ക് ലൈന്‍ പ്രധാനപ്പെട്ട പൊതുഗതാഗത സൗകര്യമായി മാറുമെന്നാണ് പ്രതീക്ഷ. കലേന അഗ്രഹാര മുതല്‍ തവരകെരെ വരെയുള്ള ഉയര്‍ത്തിപ്പണിത ഭാഗത്ത് ആറ് സ്റ്റേഷനുകളാണുള്ളത്. പിങ്ക് ലൈന്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടെ മെട്രോയും ബസും ചേര്‍ന്നുള്ള യാത്രയ്ക്ക് പ്രാധാന്യം കൂടും. നിലവില്‍ പിങ്ക് ലൈന്‍ മേഖലയിലെ ചില പ്രദേശങ്ങളെ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഫീഡര്‍ സര്‍വീസുകള്‍ ബിഎംടിസി നടത്തുന്നുണ്ട്.
English Summary
BMTC has proposed five feeder bus routes for Bengaluru Metro’s Pink Line, with 30 buses planned to operate 415 daily trips at 10-minute intervals during peak hours. Real-time bus arrival information at Metro stations is also being planned.