Delhi Railway Update: യാത്രക്കാർക്ക് ആശ്വാസം; ഡൽഹിയിൽ റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു
Delhi Train Service Latest Update: ഒക്ടോബർ 11 മുതൽ എല്ലാ ട്രെയിൻ സർവീസുകളും സാധാരണ സമയക്രമമനുസരിച്ച് സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത് ഉത്തരേന്ത്യൻ റൂട്ടുകളിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറി. പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു.

Delhi Railway
ന്യൂഡൽഹി: നോർത്തേൺ റെയിൽവേ ഡിവിഷനിൽ തടസ്സപ്പെട്ടിരുന്ന റെയിൽ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. റെയിൽവേ 214 പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഒക്ടോബർ 11 മുതൽ എല്ലാ ട്രെയിൻ സർവീസുകളും സാധാരണ സമയക്രമമനുസരിച്ച് സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത് ഉത്തരേന്ത്യൻ റൂട്ടുകളിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറി.
നോർത്തേൺ റെയിൽവേയുടെ കണക്ക് അനുസരിച്ച്, ഡൽഹി- ഗാസിയാബാദ്, ഡൽഹി- അലീഗഡ്, ആഗ്ര- പാൽവൽ, ന്യൂഡൽഹി- ഗാസിയാബാദ്, പാനിപ്പത്ത്- ന്യൂഡൽഹി, കുരുക്ഷേത്ര ജംഗ്ഷൻ- ഡൽഹി, പാനിപ്പത്ത്- അംബാല തുടങ്ങിയ റൂട്ടുകളിലെ പാസഞ്ചർ ട്രെയിൻ സർവീസുകളാണ് നിലവിൽ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഈ ട്രെയിനുകൾ ഇനി നിശ്ചിത റൂട്ടുകളിൽ തന്നെ സർവീസ് നടത്തും. എന്നിരുന്നാലും, 64002, 64414, 64105, 64426, 64567 എന്നീ നമ്പറുകളിലുള്ള ട്രെയിനുകൾ ഉൾപ്പെടെ ചിലത് ഇന്നലെയും സർവീസ് നടത്തിയില്ല.
ALSO READ: പൂനമല്ലി – വടപളനി പാത തുറന്നു; മെട്രോ നിരക്ക് എങ്ങനെ?
ദേശീയ തലസ്ഥാനത്ത് സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി, മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ 245 ട്രെയിനുകൾ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. റദ്ദാക്കിയ ട്രെയിനുകളിൽ 75 എണ്ണം മെയിൽ, 170 എണ്ണം എക്സ്പ്രസ് സർവീസുകളും പാസഞ്ചർ ട്രെയിനുകളുമാണ്. രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള നിരവധി പ്രീമിയം ട്രെയിൻ സർവീസുകളായാണ് റദ്ദാക്കൽ ബാധിച്ചത്. ഒക്ടോബർ 9-ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന 12301 ഹൗറ-ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, 12313 സീൽദ-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അടച്ചിട്ട 45 മെട്രോ സ്റ്റേഷനുകൾ തുറന്നു
പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ അടച്ചിട്ട 45 മെട്രോ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാണെന്ന് ഡൽഹി റെയിൽ മെട്രോ കോർപ്പറേഷൻ അറിയിച്ചു. രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, ജൻപഥ്, മാണ്ഡി ഹൗസ്, ഐടിഒ, കാശ്മീരി ഗേറ്റ്, ന്യൂഡൽഹി തുടങ്ങിയ പ്രധാന മെട്രോ സ്റ്റേഷനുകളെയാണ് നിയന്ത്രണം ബാധിച്ചത്.
അതേസമയം, സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്നേ ദിവസം, ആറ് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ഇന്ന് രാവിലെ 6:00 മുതൽ വൈകുന്നേരം 4:00 വരെ മാത്രമായിരിക്കും നിയന്ത്രണം. പട്ടേൽ ചൗക്ക്, ജൻപഥ് , രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് , ബരാഖംബ റോഡ് എന്നീ സ്റ്റേഷനുകളാണ് അടച്ചിടുക. ബന്ധപ്പെട്ട എല്ലാ മെട്രോ സ്റ്റേഷനുകളിലും ഇന്റർചേഞ്ച് സൗകര്യം ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary:
Northern Railway has announced that all train services will operate as per their normal schedule today. Check The Delhi Railway Update details.