അഗ്നിപഥ് പദ്ധതിയിൽ വൻ അഴിച്ചുപണി; താല്പര്യമുള്ള മുഴുവൻ അഗ്നിവീറുകൾക്കും സൈന്യത്തിൽ സ്ഥിരനിയമനം
Govt Scraps Key Agnipath Rule to Retain All Agniveers: കൂടുതൽ അഗ്നിവീറുകളും സേനയിൽ തുടരാൻ തന്നെ താല്പര്യം കാണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.ഡി.എസ് പറഞ്ഞു. എന്നാൽ പിരിഞ്ഞുപോകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച സാമ്പത്തിക പാക്കേജോടെ മാന്യമായി തന്നെ സേനയിൽ നിന്ന് മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ന്യൂഡൽഹി: സായുധ സേനകളിലെ അഗ്നിപഥ് നിയമന ചട്ടങ്ങളിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. നാല് വർഷത്തെ സേവനത്തിന് ശേഷം 75 ശതമാനം അഗ്നിവീറുകളെയും പിരിച്ചുവിടുന്ന പഴയ രീതി ഒഴിവാക്കി, താല്പര്യമുള്ള മുഴുവൻ പേർക്കും സൈന്യത്തിൽ തുടരാൻ അവസരം നൽകാനാണ് പുതിയ തീരുമാനം. യുവത്വവും ഊർജ്ജസ്വലതയുമുള്ള ഒരു സൈന്യത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാല് വർഷം മുൻപ് ആരംഭിച്ച അഗ്നിപഥ് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയാണ് ഇതോടെ സർക്കാർ തിരുത്തിയിരിക്കുന്നത്.
യുദ്ധരീതികളിൽ ഈ അടുത്ത കാലത്തുണ്ടായ വലിയ മാറ്റങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജ സുബ്രമണി വ്യക്തമാക്കി. “യുവാക്കളുടെ ചുറുചുറുക്കും, സാങ്കേതിക തികവും ഒപ്പം അനുഭവസമ്പത്തും സൈന്യത്തിന് ഒരുപോലെ ആവശ്യമാണ്. ലോകത്ത് നടക്കുന്ന വിവിധ സംഘർഷങ്ങൾ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം,” അദ്ദേഹം പറഞ്ഞു.
അഗ്നിവീറുകളുടെ നാല് വർഷത്തെ സേവനം വിലയിരുത്തിയപ്പോൾ അവരുടെ ശാരീരികക്ഷമതയും നൈപുണ്യവും വളരെ മികച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, സേനയിൽ ഇനി മൂന്ന് തരം സൈനികർ ഉണ്ടാകുമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. നാല് വർഷത്തിന് ശേഷം സ്ഥിരപ്പെടുത്തുന്നവർ, ആറ് വർഷത്തിന് ശേഷം സ്ഥിരപ്പെടുത്തുന്നവർ, പഴയ രീതിയിൽ നിയമിതരായവർ എന്നിങ്ങനെയാണത്. ആദ്യത്തെ നാല് വർഷത്തിന് ശേഷം മെറിറ്റ് അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തുന്ന 25 ശതമാനം പേർക്കായിരിക്കും തുടർന്ന് രണ്ട് വർഷം കൂടി കഴിഞ്ഞ് സ്ഥിരപ്പെടുത്തുന്ന 75 ശതമാനം പേരെക്കാൾ സീനിയോറിറ്റി ലഭിക്കുക.
Also Read: BMTC Bus Fare Hike 2026: ബെംഗളൂരുവിൽ ബസ് യാത്ര ചെലവേറും; മിനിമം നിരക്കിൽ 4 രൂപയുടെ വർധന
കൂടുതൽ അഗ്നിവീറുകളും സേനയിൽ തുടരാൻ തന്നെ താല്പര്യം കാണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.ഡി.എസ് പറഞ്ഞു. എന്നാൽ പിരിഞ്ഞുപോകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച സാമ്പത്തിക പാക്കേജോടെ മാന്യമായി തന്നെ സേനയിൽ നിന്ന് മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു മാറ്റം കൊണ്ടുവന്നി കൊണ്ടുവന്നിരുന്നില്ല എങ്കിൽ ഈ വർഷം അവസാനത്തോടെ 18,300 അഗ്നിവീറുകൾ സേനയിൽ നിന്ന് പുറത്തുപോകുമായിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യ ബാച്ചിൽ കരസേനയിൽ 19,000, വ്യോമസേനയിൽ 2,850, നാവികസേനയിൽ 2,550 എന്നിങ്ങനെയാണ് അഗ്നിവീറുകളെ നിയമിച്ചിരുന്നത്. 17.5 മുതൽ 21 വയസ്സ് വരെയുള്ള യുവാക്കളെ സൈന്യത്തിൻ്റെ ഭാഗമാക്കി സേനയുടെ ശരാശരി പ്രായം 4 മുതൽ 5 വർഷം വരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചിരുന്നത്.