പരീക്ഷയ്ക്കിടെ ചാറ്റ്ജി.പി.ടി ഉപയോഗിച്ചു എന്ന് ആരോപണം; ഐ.ഐ.ടി ബോംബെയിൽ വിദ്യാർത്ഥി ജീവനൊടുക്കി
Student Dies by Suicide Following ChatGPT Exam Incident in IIT Bombay: സാഹിലിൻ്റെ മരണത്തിന് പിന്നാലെ ഐ.ഐ.ടി പവായ് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ആരംഭിച്ചു. സംഭവത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ മറച്ചുവെക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കോപ്പിയടിച്ചെന്നാരോപിച്ച് വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ പറയുന്നു
മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരിട്ട രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ഐ.ഐ.ടി ബോംബെ ക്യാമ്പസിൽ ജീവനൊടുക്കി. എനർജി സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥിയായ സാഹിൽ വാക്കോഡെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഐ.ഐ.ടി പവായ് ക്യാമ്പസിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.
പരീക്ഷാ ഹാളിൽ വെച്ച് ചോദ്യപേപ്പറിൻ്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി നിർമ്മിത ബുദ്ധി ആപ്പായ ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഉത്തരം കണ്ടെത്താൻ ശ്രമിച്ചതിനെ തുടർന്ന് വിദ്യർത്ഥി പിടിക്കപ്പെട്ടിരുന്നു എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നും അവർ അവകാശപ്പെട്ടു. വകുപ്പ് മേധാവിയും അധ്യാപകനും വിദ്യാർത്ഥിയുമായി സംസാരിച്ച് ഉപദേശം നൽകുക മാത്രമാണ് ചെയ്തത്. ഇത് വിദ്യാർത്ഥി പഠനത്തെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നതായും അധികൃതർ പറയുന്നു.
എന്നാൽ സംഭവത്തിന് പിന്നാലെ ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖമുണ്ടെന്ന് ഐ.ഐ.ടി ബോംബെ പ്രസ്താവനയിലൂടെ അറിയിച്ചു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
Also Read: ആദ്യ ഭാര്യയുമായുള്ള അടുപ്പം തുടർന്നു; കാമുകൻ്റെ സഹായത്തോടെ ഭർത്തവിനെ കൊലപ്പെടുത്തി യുവതി
അതേസമയം, സാഹിലിൻ്റെ മരണത്തിന് പിന്നാലെ ഐ.ഐ.ടി പവായ് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ആരംഭിച്ചു. സംഭവത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ മറച്ചുവെക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കോപ്പിയടിച്ചെന്നാരോപിച്ച് വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ പറയുന്നു.
സസ്പെൻഷൻ ലഭിച്ചാൽ ഹോസ്റ്റൽ ഒഴിയേണ്ടി വരുമെന്നും, എഞ്ചിനീയറിംഗ് കോഴ്സിൻ്റെ കാലാവധി നാല് വർഷത്തിൽ നിന്നും അഞ്ചോ അതിലധികമോ ആയി നീളുമെന്നുമുള്ള ഭയമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ ആരോപണം.ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വിദ്യാർത്ഥിയുടെ മരണത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദത്താത്രേയ നാലവാഡെ അറിയിച്ചു
English Summary
A second-year IIT Bombay student died by suicide after allegedly using ChatGPT during an exam. His death sparked massive campus protests, with classmates claiming he faced severe suspension threats.